21 November Thursday

തിരിച്ചുവരാൻ ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാർ പരിശീലനത്തിൽ ഫോട്ടോ: പി വി സുജിത്‌


കൊച്ചി
എൽകോ ഷട്ടോരിയുടെ മുഖത്ത്‌ സന്തോഷമില്ല, വാക്കുകളിൽ ആത്മവിശ്വാസമില്ല. കളിക്കാരുടെ പരിക്കും തുടർച്ചയായ രണ്ട്‌ തോൽവികളും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകനെ തളർത്തിയിരിക്കുന്നു. ഇന്ന്‌ കൊച്ചിയിൽ ഒഡിഷ എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി. രാത്രി 7.30നാണ്‌ മത്സരം. ഐഎസ്‌എൽ പട്ടികയിൽ മൂന്ന്‌ പോയിന്റ്‌ മാത്രമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌.

സ്ഥിരതയാണ്‌ മുഖ്യമെന്ന്‌ ഷട്ടോരി പറയുന്നു. കഴിഞ്ഞ മൂന്ന്‌ കളികളിലും സ്ഥിരതയാർന്ന പ്രകടനമല്ല ബ്ലാസ്‌റ്റേഴ്‌സിന്‌. പരിക്കുതന്നെയാണ്‌ മുഖ്യ ഘടകം. ടീമിലെ ഒരുകൂട്ടം കളിക്കാരെവച്ച്‌ ഷട്ടോരി ഒരുക്കിയ തന്ത്രം പരിക്കിലൂടെ പാളി. മധ്യനിരയിൽ മരിയോ അർക്യൂസായിരുന്നു പ്രധാനി. ആദ്യകളിയിൽത്തന്നെ അർക്യൂസിന്‌ പരിക്കേറ്റു. തിരിച്ചുവരവ്‌ വൈകും. ഹൈദരാബാദ്‌ എഫ്‌സിക്കെതിരായ കളിയിൽ പ്രതിരോധത്തിലെ പ്രധാനതാരം ജിയാന്നി സുയ്‌വെർലൂണിനും പരിക്കേറ്റു. ഏറെനാൾ പുറത്തിരിക്കേണ്ടിവരും സുയ്‌വെർലൂണിന്‌.

സുയ്‌വെർലൂണിന്റെ അഭാവം പ്രതിരോധത്തെ കൂടുതൽ പ്രശ്‌നത്തിലാക്കും. പ്രതിരോധത്തിന്‌ കെട്ടുറപ്പില്ല. അവസാന കളിയിൽ ഹൈദരാബാദിനെതിരെ ലീഡ്‌ നേടിയ ശേഷം ജയം തുലയ്‌ക്കുകയായിരുന്നു. വിങ്ങർമാർ മികച്ചുകളിക്കാത്തതും ടീമിനെ ബാധിക്കുന്നുണ്ട്‌. മധ്യനിരയിൽ സഹൽ അബ്‌ദുൾ സമദും കെ പി രാഹുലും ചലനമുണ്ടാക്കുന്നുണ്ട്‌. എങ്കിലും മുന്നേറ്റത്തിൽ ക്യാപ്‌റ്റൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെ ഒറ്റപ്പെട്ടാണ്‌ നിൽക്കുന്നത്‌. കളത്തിന്‌പുറത്തും ബ്ലാസ്‌റ്റേഴ്‌സ്‌ മികച്ച നിലയിലല്ല.
അവസാന കളിയിൽ മുംബൈ സിറ്റിയെ 4–-2ന്‌ തകർത്താണ്‌ ഒഡിഷ വരുന്നത്‌. അരിദാനെ സന്റാന, സിസ്‌കോ ഹെർണാണ്ടസ്‌, ജെറി മാവിമിങ്‌തംഗ എന്നിവരുൾപ്പെട്ട മുന്നേറ്റ നിര ബ്ലാസ്‌റ്റേഴ്‌സിന്‌ ഭീഷണിയാണ്‌.


പ്രധാന വാർത്തകൾ
 Top