15 July Wednesday

പിന്നോട്ടോടി കേരളം

അജിൻ ജി രാജ‌്Updated: Friday Nov 8, 2019ഗുണ്ടൂർ
അത്‌ലറ്റിക‌്സിൽ കേരളത്തിന്റെ ആധിപത്യത്തിന‌് വീണ്ടും തിരിച്ചടി. തുടർച്ചയായ മൂന്നാം വർഷവും ഹരിയാനയ്‌ക്ക‌ു മുന്നിൽ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ്‌ കിരീടം അടിയറവ‌് വച്ചു. ചാമ്പ്യൻഷിപ്പിന്റെ 35 വർഷത്തെ ചരിത്രത്തിൽ 22 വട്ടം ജേതാക്കളായ കേരളത്തിന്റെ കോട്ടകളെല്ലാം ഹരിയാന തകർത്തു.

ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യൂണിവേഴ‌്സിറ്റിയിൽ നടന്ന  മീറ്റിൽ തമിഴ‌്നാടിനൊപ്പം രണ്ടാം സ്ഥാനക്കാരായാണ‌് കേരളം അവസാനിപ്പിച്ചത‌്.  17 സ്വർണവും  എട്ടുവെള്ളിയും 17 വെങ്കലവുമടക്കം 316.5 പോയിന്റാണ‌് കേരളത്തിന‌്. ഹരിയാനയാകട്ടെ,  17 സ്വർണവും 18 വെള്ളിയും 15 വെങ്കലവുമായാണ‌് കുതിപ്പ‌് നടത്തിയത‌്.

കഴിഞ്ഞതവണ റാഞ്ചിയിൽ 11 സ്വർണമായിരുന്നു കേരളത്തിന‌്. ഇത്തവണ പൊൻതിളക്കത്തിൽ ചാമ്പ്യൻമാർക്കൊപ്പമെത്തി എന്നതിൽ മാത്രമാണ‌് ആശ്വാസം.
ഇന്ത്യൻ അത്‌ലറ്റിക‌്സിലെ പുതിയ തലമുറയെ കണ്ടെത്തുന്ന ജൂനിയർ മീറ്റിൽ പ്രതീക്ഷകളെക്കാളേറെ നിരാശയാണ് കേരളത്തിന്. രണ്ട‌ുവർഷംമുമ്പ‌് ഗുണ്ടൂരിൽ എട്ട‌് പോയിന്റിനായിരുന്നു കിരീടം കൈവിട്ടത‌്. റാഞ്ചിയിൽ 140 പോയിന്റിന‌ുമുകളിൽ. ഇത്തവണ ലീഡ്‌ അൽപ്പം കുറഞ്ഞ‌് 91 ആയി. പക്ഷേ, അയൽക്കാരായ തമിഴ‌്നാടിനൊപ്പം രണ്ടാംസ്ഥാനം പങ്കിടേണ്ടിവന്നു.  പിന്നാലെ മഹാരാഷ്ട്രയും എത്തി.

കാലങ്ങളായി കുത്തകയാക്കിവച്ച ട്രാക്കിനങ്ങളിലെ മേധാവിത്വം നഷ്ടമായി. റിലേയിലും ഹർഡിൽസിലും മാത്രമാണ‌് ഇത്തവണ കൂടുതൽ മെഡലുകൾ വന്നത‌്. 400 മീറ്ററിൽ ഒറ്റപ്പൊന്നിൽ ഒതുങ്ങി.  മധ്യ–-ദീർഘദൂര ട്രാക്കുകളിൽ ചിത്രത്തിലേ ഉണ്ടായില്ല. ജമ്പിങ‌് പിറ്റിൽ അണ്ടർ 20 വിഭാഗത്തിൽ മാത്രമാണ‌് ശോഭിച്ചത‌്. തമിഴ‌്നാടും കർണാടകവും മഹാരാഷ്ട്രയുമാണ‌് ഈ ഇനങ്ങളിലെല്ലാം പ്രധാന വെല്ലുവിളി.  പതിവുപോലെ ഇത്തവണയും പെൺകരുത്തിലായിരുന്നു മുന്നേറ്റം. ആകെ നേടിയ 316.5 പോയിന്റിൽ 223.5 ഉം കൊണ്ടുവന്നത‌് പെൺകുട്ടികളാണ‌്. ആൺകുട്ടികൾ നിരാശപ്പെടുത്തി.

കോട്ടകെട്ടി ഹരിയാന
ഗുണ്ടൂർ
ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ കോട്ട കെട്ടുകയാണ് ഹരിയാന. ജൂനിയർ മീറ്റിൽ പരമ്പരാഗത ശക്തികളായ കേരളത്തെ തുരത്തി തുടർച്ചയായ മൂന്നാംവർഷവും കിരീടം കൈയിലൊതുക്കി മല്ലന്മാരുടെയും ബോക്സർമാരുടെയും നാട്ടുകാർ. കൃത്യമായ ആസൂത്രണവും അർപ്പണവും കൊണ്ടാണ് ഈ നേട്ടം.

അത്‌ലറ്റിക്സിൽ ത്രോ ഇനങ്ങളിൽ ഒതുങ്ങിയിരുന്ന ടീം കുറച്ചുവർഷങ്ങളായി വിപുലമായ തയ്യാറെടുപ്പിലായിരുന്നു. അതിന്റെ ഫലമാണ്‌ ഇപ്പോൾ കൊയ്യുന്നത്‌. മികവുള്ളവരെ കണ്ടെത്തി അക്കാദമികളിൽ ഉന്നതസൗകര്യങ്ങളോടുകൂടി പരിശീലനം നൽകി.അവിടെ സ്കൂൾ മീറ്റുകൾക്കു പകരം അക്കാദമി ട്രയൽസുകളാണ്‌.

ദേശീയ മീറ്റിനുള്ള തെരഞ്ഞെടുപ്പ് സെലക്‌ഷൻ ട്രയൽസിലൂടെയാണ്. ഭക്ഷണത്തിനോ യാത്രയ്ക്കോ സാമ്പത്തികപ്രയാസമില്ല. "മീറ്റിൽ സ്വർണം നേടുന്നവർക്ക് മൂന്നുലക്ഷംവരെ സർക്കാർ നൽകും. വെള്ളിക്ക് രണ്ട്, വെങ്കലത്തിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് കണക്ക്. ഹരിയാന അത്‌ലറ്റിക് അസോസിയേഷനും മികച്ച പിന്തുണ നൽകുന്നുണ്ട്’–- പരിശീലകൻ രമേഷ് ദലാൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top