24 August Saturday

സ‌്പാനിഷ‌് ലീഗ‌് കിരീടത്തിലേക്ക‌് അടുത്തു, ബാഴ‌്സ

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019


നൗകാമ്പ‌്
സ‌്പാനിഷ‌് ലീഗ‌് കിരീടത്തിലേക്ക‌് ബാഴ‌്സലോണ അടുത്തു.രണ്ടാം സ്ഥാനക്കാരായ അത‌്‌ലറ്റികോ മാഡ്രിഡിനെ രണ്ട‌് ഗോളിന‌് കീഴടക്കിയാണ‌് ബാഴ‌്സയുടെ മുന്നേറ്റം. ലൂയിസ‌് സുവാരസും ലയണൽ മെസിയും ഗോളടിച്ചു. ഏഴ‌് കളി  ശേഷിക്കെ അത‌്‌ലറ്റികോയെക്കാൾ 11 പോയിന്റ‌് മുന്നിലാണ‌് ബാഴ‌്സ. അത‌്‌ലറ്റികോയും മൂന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡും തമ്മിൽ രണ്ട‌് പോയിന്റ‌് വ്യത്യാസം മാത്രമേയുള്ളൂ.

പത്ത‌് പേരുമായാണ‌് അത‌്‌ലറ്റികോ കളി അവസാനിപ്പിച്ചത‌്. കളിയുടെ 28–-ാം മിനിറ്റിൽ മുന്നേറ്റക്കാരൻ ദ്യേഗോ കോസ‌്റ്റ ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായി. റഫറിയെ തെറിവിളിച്ചതിനായിരുന്നു കാർഡ‌്. പത്ത‌ുപേരായി ചുരുങ്ങിയിട്ടും അവസാന നിമിഷംവരെ അത‌്‌ലറ്റികോ പൊരുതിക്കളിച്ചു. ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്റെ പ്രകടനം നിർണായകമായി. 85–-ാം മിനിറ്റിൽ സുവാരസിന്റെ മിന്നുന്ന ഗോൾ അത‌്‌ലറ്റികോയുടെ ചെറുത്തുനിൽപ്പ‌് അവസാനിപ്പിച്ചു. തൊട്ടടുത്ത മിനിറ്റിൽ മെസി അത‌്‌ലറ്റികോയുടെ ഹൃദയം തകർത്തു.

നൗകാമ്പിൽ ഇരു ടീമുകളും ഒന്നാന്തരമായി തുടങ്ങി. പതിവിനു വിപരീതമായി അത‌്‌ലറ്റികോയാണ‌് ആക്രമണക്കളി പുറത്തെടുത്തത‌്. ഒൺടോയ‌്ൻ ഗ്രീസ‌്മാനും കോസ്‌റ്റയും ഉൾപ്പെട്ട മുന്നേറ്റം ബാഴ‌്സ പ്രതിരോധത്തെ പരീക്ഷിച്ചു. സൗൾ നിഗേസായിരുന്നു അത‌്‌ലറ്റികോയുടെ ആസൂത്രകൻ. പന്തടക്കത്തിൽ അത‌്‌ലറ്റികോ മുന്നിൽനിന്നു. മെസിയിലൂടെ ബാഴ‌്സയും ആക്രമണം നടത്തി. നല്ല നീക്കങ്ങ‌ളുമായി ഇരുഭാഗവും പൊരുതുന്നതിനിടെയാണ‌് കോസ‌്റ്റ നിയന്ത്രണം വിടുന്നത‌്. ജോർഡി ആൽബ നടത്തിയ ഫൗൾ റഫറി നൽകാത്തതായിരുന്നു പ്രകോപനത്തിന‌ു കാരണം. റഫറിയെ കോസ‌്റ്റ തെറിവിളിച്ചു. ഉടൻതന്നെ റഫറി ചുവപ്പുകാർഡും വീശി.
ആളെണ്ണം കുറഞ്ഞ‌ത‌് അ‌ത‌്‌ലറ്റികോയുടെ കളിയെ ബാധിച്ചു. ഒഴുക്ക‌് നഷ്ടപ്പെട്ടു. ആദ്യപകുതി അവസാനിക്കുന്നതിന‌ുമുമ്പ‌് അരിയാസിനെ പിൻവലിച്ച‌് അത‌്‌ലറ്റികോ പരിശീലകൻ ദ്യേഗോ സിമിയോണി ഏഞ്ചൽ കൊറിയെ ഇറക്കി.

ഇടവേളയ‌്ക്കുശേഷം ഒന്നാന്തരം പ്രകടനമായിരുന്നു അത‌്‌ലറ്റികോയുടേത‌്. പ്രതിരോധത്തിൽ അവർ സംഘടിച്ചു. ഹൊസെ മരിയ ജിമിനെസും ദ്യേഗോ ഗോഡിനും മെസിയെയും സുവാരസിനെയും കൃത്യമായി തടഞ്ഞു. വലയ‌്ക്കുമുന്നിൽ ഒബ്ലാക്ക‌് വിരിഞ്ഞുനിന്നു. ഫിലിപെ കുടീന്യോയുടെ നിലംപറ്റിയുള്ള ഷോട്ട‌് ഒബ്ലാക്ക‌് മനോഹരമായി തടുത്തു. ബോക‌്സിന‌ു പുറത്തുവച്ച‌് മെസി തൊടുത്ത രണ്ട‌് ഷോട്ടുകൾ പിടിച്ചെടുത്തു. സുവാരസിന്റെ ക്ലോസ‌് റേഞ്ചിൽവച്ചുള്ള അടി കാല‌ുകൊണ്ട‌് തട്ടിയകറ്റി. മാൽക്കത്തിനെയും ഈ സ്ലൊവേനിയക്കാരൻ ഗോളടിക്കാൻ സമ്മതിച്ചില്ല. ആകെ എട്ട‌് സേവുകളാ‌ണ‌് മത്സരത്തിൽ ഒബ്ലാക്ക‌് നടത്തിയത‌്.

കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനെതിരെ അവസാന നിമിഷം സമനില നേടിയ ബാഴ‌്സ അത‌്‌ലറ്റികോയ‌്ക്കെതിരെയും അതാവർത്തിച്ചു. ഇക്കുറിയും സുവാരസ‌്. 85–-ാം മിനിറ്റിൽ 25 വാര അകലെനിന്നും സുവാരസ‌് തൊടുത്ത ഷോട്ട‌് ഇടതുപോസ‌്റ്റിൽത്തട്ടി വലയിലേക്ക‌് കയറി. അതുവരെ പൊരുതിനിന്ന ഒബ്ലാക്ക‌് ആ നീക്കത്തിൽ നിഷ‌്പ്രഭനായി. ഒരു മിനിറ്റ‌് തികയുംമുമ്പ‌് മെസിയുടെ മിന്നലാക്രമണം‌. ഒറ്റയ‌്ക്ക‌ു പന്തുമായി ബോക‌്സിൽ കയറിയ മെസിയെ തടയാൻ സൗൾ ശ്രമിച്ചു. പക്ഷേ, സൗളിന‌് നിയന്ത്രണം നഷ്ടമായി. മെസി പന്ത‌് നിയന്ത്രിച്ച‌് മുന്നേറി. ഒബ്ലാക‌് അടി പ്രതീക്ഷിച്ചത‌് വലതുഭാഗത്തേക്ക‌്. മെസി തൊടുത്തത‌് ഇടതുമൂലയിലേക്ക‌്. ഒബ്ലാക്ക‌് കാഴ‌്ചക്കാരനായി.

ബുധനാഴ‌്ച ചാമ്പ്യൻസ‌് ലീഗ‌് ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ‌്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന ബാഴ‌്സയ‌്ക്ക‌് ഈ വിജയം ആത്മവിശ്വാസം നൽകും.
ലീഗിൽ 13ന‌് അവസാന സ്ഥാനക്കാരായ വെസ‌്കയുമായാണ‌് ബാഴ‌്സയുടെ അടുത്ത കളി.


പ്രധാന വാർത്തകൾ
 Top