17 January Friday

കോഹ്‌ലി നയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019


ഹൈദരാബാദ്‌
വിരാട്‌ കോഹ്‌ലിക്ക്‌ മുന്നിൽ വെസ്റ്റിൻഡീസ്‌ തലകുനിച്ചു. സിക്‌സറുകളുടെ റൺമഴ തീർത്ത്‌ വിൻഡീസ്‌ ഉയർത്തിയ 208 റൺ വിജയലക്ഷ്യം കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ എട്ട്‌ പന്തുകൾ ബാക്കിനിൽക്കേ മറികടന്നു. 50 പന്തിൽ 94 റണ്ണടിച്ച്‌ ഇന്ത്യൻ ക്യാപ്‌റ്റൻ ഉശിരുകാട്ടി. മൂന്ന്‌ മത്സര ട്വന്റി–-20 പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യൻ ജയം 6 വിക്കറ്റിന്‌.  ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–-0). രണ്ടാം മത്സരം നാളെ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ അരങ്ങേറും. കോഹ്‌ലിക്കൊപ്പം ഓപ്പണർ ലോകേഷ്‌ രാഹുലും (40 പന്തിൽ 62) ഇന്ത്യൻ ജയത്തിൽ നിർണായകമായി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്‌ തുടക്കം പിഴച്ചു. വമ്പനടിക്കാരൻ രോഹിത്‌ ശർമ (8) തുടക്കത്തിലേ മടങ്ങി. രാഹുലും കോഹ്‌ലിയും ആദ്യ ഓവറുകളിൽ റൺ കണ്ടെത്താൻ വിഷമിച്ചു. എന്നാൽ, പതിയെ ഇരുവരും താളം കണ്ടെത്തിയതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. പത്തോവറിനുശേഷം ഇന്ത്യ ഉഗ്രരൂപം പൂണ്ടു. വിജയപ്രതീക്ഷയിലായിരുന്ന വിൻഡീസ്‌ പതറി.

രാഹുലുമൊന്നിച്ച്‌ രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട്‌ തീർത്ത കോഹ്‌ലി ഓപ്പണർ മടങ്ങിയതോടെ ഉത്തരവാദിത്തം ഒറ്റയ്‌ക്ക്‌ ഏറ്റെടുത്തു. ഇതിനിടെ, ഋഷഭ്‌ പന്ത്‌ (9 ‌പന്തിൽ 18) വന്നുപോയി. ശ്രേയസ്‌ അയ്യറും  (4)വേഗം മടങ്ങി. ഒടുവിൽ ശിവം ദുബെയെ സാക്ഷിയാക്കി കൂറ്റൻ സിക്‌സർ പറത്തി കോഹ്‌ലി ഇന്ത്യയെ ജയത്തിലെത്തിച്ചു.  ആറ്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും അടങ്ങിയതാണ്‌ ആ ഇന്നിങ്‌സ്‌.

ടോസ്‌ നേടിയ കോഹ്‌ലി വെസ്‌റ്റിൻഡീസിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. തുടക്കം മുതൽ വിൻഡീസ്‌ ബാറ്റ്‌സ്‌മാൻമാർ ആഞ്ഞടിച്ചു. ഷിംറോൺ ഹെറ്റ്‌മെയർ (41 പന്തിൽ 56, 4 സിക്‌സർ), എവിൻ ലൂയിസ്‌ (17 പന്തിൽ 40, നാല്‌ സിക്‌സർ), ക്യാപ്‌റ്റൻ കീറൺ പൊള്ളാർഡ്‌ (19 പന്തിൽ 37, 4 സിക്‌സർ) എന്നിവരായിരുന്നു വിൻഡീസിന്റെ റൺവേട്ടക്കാർ. ബ്രണ്ടൻ കിങ്‌ (23 പന്തിൽ 31), ജാസൺ ഹോൾഡർ (9 പന്തിൽ 24*) എന്നിവരും തിളങ്ങി.

മോശം ബൗളിങ്ങും അതിലേറെ മോശം ഫീൽഡിങ്ങുമായിരുന്നു ഇന്ത്യയുടേത്‌. സ്‌പിന്നർ വാഷിങ്‌ടൺ സുന്ദർ മറക്കാനാഗ്രഹിക്കുന്ന കളിയായിരിക്കും ഇത്‌. മൂന്നോവറിൽ 34 റൺ വിട്ടുകൊടുത്ത സുന്ദർ രണ്ട്‌ ക്യാച്ചുകളും പാഴാക്കി. രോഹിത്‌ ശർമയും ഒരെണ്ണം കൈവിട്ടു. ലോകേഷ്‌ രാഹുൽ, കോഹ്‌ലി എന്നിവരുടെ കൈകളും ചോർന്നു.


പ്രധാന വാർത്തകൾ
 Top