21 March Thursday

അഡ‌്‌ലെയ‌്ഡ‌് ഓവലിൽ പൂജാര കാത്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

അഡ‌്‌ലെയ‌്ഡ‌് ഓവൽ
വിരാട‌്  കോഹ‌്‌ലിയായിരുന്നില്ല, അത‌് ചേതേശ്വർ പൂജാരയായിരുന്നു. കണ്ണുകൾ മുഴുവൻ കോഹ‌്‌ലിയെ തെരഞ്ഞിട്ടും പൂജാരയെയാണ‌് അഡ‌്‌ലെയ‌്ഡ‌് ഓവലിലെ പൊള്ളുന്ന പിച്ചിൽ കണ്ടത‌്. 246 പന്തുകൾ നേരിട്ട‌് 123 റണ്ണെടുത്ത പൂജാര ഓസ‌്ട്രേലിയക്കെതിരായ ടെസ‌്റ്റ‌് പരമ്പരയുടെ ആദ്യദിനം ഇന്ത്യയെ കാത്തു. ഒന്നാം ടെസ‌്റ്റിന്റെ ഒന്നാംദിനം പൂജാരയുടെ ഒറ്റയാൾ പ്രകടനം ഇന്ത്യയെ ഒമ്പതിന‌് 250 റണ്ണിലെത്തിച്ചു. ഇന്ത്യൻ നിരയിൽ മറ്റൊരാൾക്കും 50 റൺ പോലും കടക്കാനായില്ല.

ടെസ‌്റ്റ‌് ക്രിക്കറ്റ‌് ക്ഷമയുടെയും കൂടി വേദിയാണെന്ന‌് പൂജാര മുൻനിരയിലെ മറ്റുള്ളവർക്ക‌് കാണിച്ചുകൊടുത്തു. ഉഗ്രഭാവത്തോടെ പന്തെറിയുന്ന പേസർമാർക്ക‌് മുന്നിൽ ജാഗ്രതയാണ‌് വലിയ ആയുധമെന്ന‌് പൂജാര കിടയറ്റ സെഞ്ചുറികൊണ്ട‌് പറഞ്ഞു. മൂളിപ്പറക്കുന്ന പന്തുകളെ ചാടിയടിക്കാൻ ശ്രമിച്ചവർ തലതാഴ‌്ത്തി മടങ്ങി. കോഹ‌്‌ലി നേരിട്ടത‌് 16 പന്തുകൾ, റൺ മൂന്ന‌്.  ലോകേഷ‌് രാഹുൽ (2), മുരളി വിജയ‌് (11), അജിൻക്യ രഹാനെ (13) എന്നിവരും ക്യാപ‌്റ്റനെപ്പോലെ മോശം ഷോട്ടുകൾ പായിച്ചാണ‌് പുറത്തായത‌്. ആദ്യ നാല‌് വിക്കറ്റ‌് വീഴുമ്പോൾ സ‌്കോർ  ബോർഡിൽ വെറും 41 റണ്ണായിരുന്നു. വിദേശ മണ്ണിൽ മറ്റൊരു കൂട്ടക്കുരുതിയെ ഇന്ത്യ ഭയന്നു. മിച്ചെൽ സ്റ്റാർകും ജോ‌ഷ‌് ഹാസെൽവുഡും പാറ്റ‌് കമ്മിൻസും ഉൾപ്പെടെ ഓസീസ‌് പേസ‌് ത്രയം രാവിലത്തെ മഞ്ഞിൽ സ്വിങ്ങും ബൗൺസും കണ്ടെത്തി. എങ്കിലും ദുഷ‌്കരമായിരുന്നില്ല‌ ബാറ്റിങ‌്. പക്ഷേ, ഇന്ത്യൻ ബാറ്റ‌്സ‌്മാൻമാരുടെ  ക്ഷമയില്ലായ‌്മ ഓസീസ‌് ബൗളർമാരുടെ കാര്യങ്ങൾ എളുപ്പമാക്കി. ഇടയ‌്ക്കെത്തിയ സ‌്പിന്നർ നതാൻ ല്യോണിന‌് പിച്ചിൽനിന്ന‌് നല്ല പിന്തുണ കിട്ടി.

അ‌ഡ‌്‌ലെയ‌്ഡിൽ കളിച്ച നാല‌് ടെസ‌്റ്റിൽ മൂന്ന‌് സെഞ്ചുറിയുള്ള കോഹ‌്‌ലി ഓസീസ‌് ബൗളർമാരെ മെരുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പാറ്റ‌് കമ്മിൻസിന്റെ പന്തിൽ തേർഡ‌്മാനെ ലക്ഷ്യംവച്ച‌് ബാറ്റ‌് വച്ച കോഹ‌്‌ലിയെ ഉസ‌്മാൻ ഖവാജ പറന്നുപിടിച്ചു. ഖവാജയുടെ ഒറ്റക്കൈയിൽ ഒതുങ്ങി കോഹ‌്‌ലി.

ശേഷമായിരുന്നു പൂജാരയുടെ രക്ഷാപ്രവർത്തനം.  ഇടയ‌്ക്ക‌് രോഹിത‌് ശർമയും (37), ഋഷഭ‌് പന്തും (25) വേഗത്തിൽ റണ്ണെടുത്ത‌് മടങ്ങി. പന്ത‌് പുറത്താകുമ്പോൾ ഇന്ത്യയുടെ സ‌്കോർ 6–-127. പൂജാരയുടെ റൺ 35ഉം. ഇന്ത്യൻ ഇന്നിങ‌്സിലെ ഏറ്റവും വിവേകമുള്ള ബാറ്റിങ‌് പ്രകടനം പിന്നീടായിരുന്നു. ആർ അശ്വിനുമായി ചേർന്ന‌് പൂജാര സ‌്കോർ ചലിപ്പിച്ചു. ഇന്നിങ‌്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും പിറന്നു. ഏഴാം വിക്കറ്റിൽ 62 റണ്ണാണ‌് പിറന്നത‌്. ഇതിനിടെ 153 പന്തിൽ പൂജാര അരസെഞ്ചുറി പൂർത്തിയാക്കി. 25 റണ്ണെടുത്ത അശ്വിൻ പുറത്തായശേഷം പൂജാരയും വാലറ്റവും മാത്രമായി. സ‌്കോർ 7–-180. ഇശാന്ത‌് ശർമ (4) പെട്ടെന്ന‌് പുറത്തായി. എന്നാൽ പിന്നീടെത്തിയ  മുഹമ്മദ‌് ഷമിയെ (6*) ഒരറ്റത്ത‌് നിർത്തി പൂജാര വേഗത്തിൽ റണ്ണടിച്ചു. സ‌്കോർ 89ൽവച്ച‌് ഹാസെൽവുഡിനെ സിക‌്സറും ബൗണ്ടറിയും പായിച്ചു. അടുത്ത ഓവറിൽ സെഞ്ചുറിയും പൂർത്തിയാക്കി.

കളി ജീവിതത്തിലെ 16–-ാം സെഞ്ചുറി. ഓസീസ‌് മണ്ണിൽ ആദ്യ സെഞ്ചുറി. രണ്ട‌് സിക‌്സും ഏഴ‌് ബൗണ്ടറികളും  ആ ഇന്നിങ‌്സിൽ ഉൾപ്പെട്ടു. ഒമ്പതാം വിക്കറ്റിൽ ഷമിയുമായി ചേർന്ന‌് വിലപ്പെട്ട 40 റൺ കൂട്ടിച്ചേർത്ത‌ു. രണ്ടാംദിനം സ‌്ട്രൈക്ക‌് നിലനിർത്താനുള്ള ശ്രമത്തിനിടെയായിരുന്നു പൂജാരയുടെ പുറത്താകൽ. അവസാന ഓവറിലെ നാലാം പന്തിൽ സിംഗിളിന‌് ഓടിയ പൂജാരയെ കമ്മിൻസ‌് തകർപ്പനൊരു നീക്കത്തിലൂടെ റണ്ണൗട്ടാക്കി.
ഓസീസിനുവേണ്ടി സ‌്റ്റാർക‌്, ഹാസെൽവുഡ‌്, ല്യോൺ, കമ്മിൻസ‌് എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു.


പ്രധാന വാർത്തകൾ
 Top