11 July Saturday
ഇന്ത്യ‐ഇംഗ്ലണ്ട്‌ അവസാന ടെസ്‌റ്റ്‌ ഇന്നുമുതൽ; പകൽ 3.30 മുതൽ സോണി സിക്‌സിൽ

വീണ്ടും ബാറ്റിങ്‌ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


ഓവൽ
പരമ്പര നഷ്ടത്തിന്റെ നീറ്റലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് ഇറങ്ങുന്നു.  ഇംഗ്ലീഷ് മണ്ണിൽ പരമ്പര തേടിയിറങ്ങിയ വിരാട് കോഹ്ലിയും സംഘവും ഇപ്പോൾ 1‐3ന് പിന്നിലാണ്. ഓവലിൽ ജയം ഇന്ത്യക്ക് അഭിമാനപ്രശ്നം കൂടിയാണ്. ഒരു ജയം പരമ്പരനഷ്ടത്തിന്റെ വേദന കുറയ്ക്കും. ഇന്ത്യ ലക്ഷ്യമിടുന്നത് അതാണ്. ഇംഗ്ലണ്ടിന് മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിന് മികച്ച യാത്രയയപ്പാണ് ലക്ഷ്യം. കുക്കിന്റെ അവസാന രാജ്യാന്തര മത്സരമാണിന്ന്.

ഇംഗ്ലണ്ടിലെത്തുമ്പോൾ പരമ്പര ജയമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, കാര്യങ്ങൾ പെട്ടെന്നുമാറി. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടു. മൂന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവന്നു. ആ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ചവിട്ടിയത്. അതോടെ പരമ്പരസ്വപ്നം പൊലിഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തിളങ്ങിയ ബാറ്റ്സ്മാൻമാർ ഇംഗ്ലീഷ് മണ്ണിൽ ഒരു ഓഫ് സ്പിന്നർക്ക് മുന്നിലാണ് വീണുപോയത്. മൊയീൻ അലിയെന്ന ശരാശരി സ്പിന്നർ ഇന്ത്യൻ ബാറ്റിങ് നിരയുടെ അടിവേരിളക്കി. പിന്തുടർന്ന് ജയിക്കാനാകാത്ത പതിവു ദൗർബല്യത്തിൽ ഇന്ത്യൻ ടീം വീണ്ടും വീണു.

ഓവലിൽ രണ്ട് ദിവസമായുള്ള പരിശീലനത്തിൽ സ്പിന്നർമാരെ കൈകാര്യം ചെയ്യാനാണ് മുൻനിര ബാറ്റ്സ്മാൻമാർ കൂടുതൽ സമയം കണ്ടെത്തിയത്. ചേതേശ്വർ പൂജാരയും ലോകേഷ് രാഹുലുമൊക്കെ സ്വീപ്പും റിവേഴ്സ് സ്വീപ്പും കൂടുതൽ സമയം പരിശീലിച്ചു.

ഓപ്പണിങ് നിര തെളിഞ്ഞിട്ടില്ല ഇതുവരെ. ഇടയ്ക്ക് മുരളി വിജയിന് സ്ഥാനം നഷ്ടമായി. യുവതാരം പൃഥ്വി ഷാ ടീമിലെത്തി. പൃഥ്വിക്ക് കളിക്കാൻ അവസരം കിട്ടിയിട്ടില്ല. ഇന്നും പൃഥ്വി അരങ്ങേറാനിടയില്ല. രാഹുലും ശിഖർ ധവാനുംതന്നെ ഇന്നിങ്സ് ആരംഭിക്കും. രാഹുൽ മികച്ച സ്ലിപ്പ് ഫീൽഡറാണ്. പക്ഷേ, ഇന്ത്യൻ നിരയിലെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം ഈ വലംകൈയന്റേതാണ്. ധവാൻ അവസാന രണ്ട് ടെസ്റ്റിൽ ഭേദപ്പെട്ട കളി പുറത്തെടുത്തു. ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും അവസാന രണ്ട് ടെസ്റ്റിൽ നന്നായി കളിച്ചു. ക്യാപ്റ്റൻ കോഹ്ലിയാണ് ഇതുവരെ ഈ പരമ്പരയുടെ താരം. 56 റൺകൂടി മതി കോഹ്ലിക്ക് പരമ്പരയിൽ 600 റൺ തികയ്ക്കാൻ. പക്ഷേ, വാലറ്റം മോശമാണ്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള പ്രധാനവ്യത്യാസം ഇവിടെയാണ്. വാലറ്റമാണ് പല മത്സരങ്ങളിലും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യൻ വാലറ്റത്ത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഒരു അരസെഞ്ചുറിയാണ് ആകെയുള്ള ഓർമ.

പാണ്ഡ്യക്ക് പകരം പുതുമുഖതാരം ഹനുമ വിഹാരി കളിക്കാനാണ് സാധ്യത. ഒരു അധിക ബാറ്റ്സ്മാൻ വേണമെന്ന സാഹചര്യത്തിലാണ് ഈ മാറ്റം. പാണ്ഡ്യ ഓൾ റൗണ്ടർ പദവിയോട് പൂർണമായും നീതി പുലർത്തുന്നില്ല. സ്പിന്നർ ആർ അശ്വിനും പുറത്തായേക്കും. അശ്വിൻ സതാംപ്ടണിലെ നാലാംടെസ്റ്റിൽ നിരാശപ്പെടുത്തി. അനുകൂലസാഹചര്യം കിട്ടിയിട്ടും അശ്വിന് വിനിയോഗിക്കാനായില്ല. പരിക്കും കാരണമാണ്. രവീന്ദ്ര ജഡേജയായിരിക്കും പകരക്കാരൻ. പേസർമാർ സ്ഥിരത പുലർത്തുന്നുണ്ട്. ഈ നിരയിൽ മാറ്റമുണ്ടാകില്ല.

ഇംഗ്ലണ്ട് മാറ്റമില്ലാതെയാണ് തുടങ്ങുക. പരിക്കു മാറിയ ജോണി ബെയർസ്റ്റോ വിക്കറ്റിനുപിന്നിൽ തുടരും.ടീം: ഇന്ത്യ‐ ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ.

ഇംഗ്ലണ്ട്‐ അലസ്റ്റയർ കുക്ക്, കീറ്റൺ ജെനിങ്സ്, മൊയീൻ അലി, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ആദിൽ റഷീദ്, സാം കറൻ, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സൺ.


പ്രധാന വാർത്തകൾ
 Top