21 September Monday

ഇന്നുമുതൽ ചാമ്പ്യൻ പോര്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ടൂറിൻ/ലണ്ടൻ
യൂറോപ്യൻ ക്ലബ്‌ ഫുട്‌ബോൾ രാജാക്കൻമാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾ ഇടവേളയ്‌ക്കുശേഷം വീണ്ടും ആരംഭിക്കുന്നു. കോവിഡ്‌ കാരണം മുടങ്ങിയ പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ ഇന്നും നാളെയുമായി നടക്കുക. റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, യുവന്റസ്‌, മാഞ്ചസ്‌റ്റർ സിറ്റി, നാപോളി, ല്യോൺ ടീമുകൾ കളത്തിലുണ്ടാകും.

ഇടവേളയ്‌ക്കുശേഷം കരുത്തോടെയാണ്‌ വമ്പൻമാരുടെ വരവ്‌. മേയിൽ അവസാനിക്കേണ്ടതായിരുന്നു ചാമ്പ്യൻസ്‌ ലീഗ്‌. എന്നാൽ, മാർച്ചിൽ ലോകമാകെ കോവിഡ്‌ പടർന്നതോടെ ഫുട്‌ബോൾതന്നെ അനിശ്‌ചിതത്വത്തിലായി. ഒടുവിൽ കാണികളില്ലാതെ മത്സരങ്ങൾ നടത്താൻ യുവേഫ തീരുമാനിക്കുകയായിരുന്നു. ജൂലൈ അവസാനവാരത്തോടെ  ലീഗ് മത്സരങ്ങൾ പൂർത്തിയായിരുന്നു.

ഏറെ മാറ്റങ്ങളോടെയാണ്‌ ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ആരംഭിക്കുന്നത്‌. പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാക്കിയശേഷം ക്വാർട്ടർ ഒരുപാദമായി നടത്തും. ഇരുപാദ പോരാട്ടം ഒഴിവാക്കപ്പെട്ടു. സെമിയിലും സമാന രീതിയിലാണ്‌ മത്സരങ്ങൾ. ക്വാർട്ടർതൊട്ട്‌ ഫൈനൽവരെ പോർച്ചുഗലിലെ ലിസ്‌ബണാണ്‌ വേദി. ഈ മാസം 23ന്‌ ഫൈനൽ നടക്കും.

നിലവിൽ പിഎസ്‌ജി, അറ്റ്‌ലാന്റ, അത്‌ലറ്റികോ മാഡ്രിഡ്‌, ആർബി ലെയ്‌പ്‌സിഗ്‌ ടീമുകളാണ്‌ ക്വാർട്ടറിൽ കടന്നത്‌. പിഎസ്‌ജി–-അറ്റ്‌ലാന്റ മത്സരം 12നും അത്‌ലറ്റികോ–-ലെയ്‌പ്‌സിഗ്‌ മത്സരം 13നുമാണ്‌. സെമി മത്സരങ്ങൾ 18, 19 തീയതികളിൽ.


 

യുവന്റസ്‌ x ല്യോൺ
ഒരു പോയിന്റ്‌ വ്യത്യാസത്തിൽ ഇറ്റാലിയൻ ലീഗ്‌ കിരീടം സ്വന്തമാക്കിയ യുവന്റസിന്‌ സീസണിൽ ശരിക്കും  ആഘോഷിക്കണമെങ്കിൽ ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം വേണം. സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഉണ്ടായിട്ടും ലീഗ്‌ കിരീടം തുടർച്ചയായ ഒമ്പതാം തവണ സ്വന്തമാക്കിയിട്ടും യുവന്റസിന്‌ ഈ സീസൺ മികച്ചതല്ല. അവസാന എട്ട്‌ കളിയിൽ രണ്ട്‌ ജയംമാത്രമാണ്‌ യുവന്റസിന്‌ നേടാനായത്‌.

ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ പ്രീ ക്വാർട്ടറിൽ ല്യോണിനോട്‌ ഒരു ഗോളിന്‌ തോറ്റാണ്‌ നിൽക്കുന്നത്‌. ജയിച്ചില്ലെങ്കിൽ മുൻ ചാമ്പ്യൻമാർക്ക്‌ പ്രീ ക്വാർട്ടറിൽ മടങ്ങാം. ആദ്യപാദത്തിൽ ലൂകാസ്‌ ടൗസാർട്ടിന്റെ ഗോളിലാണ്‌ ല്യോൺ ജയം നേടിയത്‌. ഫ്രഞ്ച്‌ ലീഗ്‌ റദ്ദാക്കിയതിനാൽ കൂടുതൽ മത്സരങ്ങളിൽ കോവിഡിനുശേഷം കളിക്കാനായിട്ടില്ല. ഫ്രഞ്ച്‌ ലീഗ്‌ കപ്പ്‌ ഫൈനലിൽ പിഎസ്‌ജിക്കെതിരെയായിരുന്നു അവസാന മത്സരം. സഡൻ ഡെത്തിൽ 5–-6ന്‌ തോറ്റു. ഗോൾകീപ്പർ ആന്തണി ലോപെസ്‌ ല്യോൺ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മെംഫിസ്‌ ഡിപെ പരിക്കിൽനിന്ന്‌ മോചിതനായി തിരിച്ചെത്തുന്നത്‌ ല്യോണിന്‌ കരുത്തുപകരും.

റൊണാൾഡോയിലാണ്‌ യുവന്റസിന്റെ പ്രതീക്ഷ. ചാമ്പ്യൻസ്‌ ലീഗിൽ മികച്ച റെക്കോഡുള്ള റൊണാൾഡോ ടൂറിനിൽ തിളങ്ങിയാൽ യുവന്റസ്‌ ക്വാർട്ടറിൽ കടക്കും. എന്നാൽ, പൗലോ ഡിബാല കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലാത്തത്‌ തിരിച്ചടിയാണ്‌.

മോശം പ്രതിരോധമാണ്‌ മൗറസീസിയോ സാറിയുടെ സംഘം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ സീസണിൽ 40 ഗോളാണ്‌ വഴങ്ങിയത്‌. ലീഗിലെ അവസാന കളിയും യുവന്റസ്‌ തോറ്റു.
ഈ സീസണിൽ ഇറ്റാലിയൻ കപ്പും നഷ്ടമായി.


 

സിറ്റി x റയൽ
ചാമ്പ്യൻസ്‌ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരിക്കും സിറ്റി–-റയൽ മത്സരം. ആദ്യപാദത്തിൽ സിറ്റി റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ 2–-1ന്റെ ജയം നേടി. എതിർതട്ടകത്തിൽ നേടിയ രണ്ട്‌ ഗോൾ സിറ്റിയുടെ സാധ്യതകളെ വലുതാക്കുന്നു. സ്വന്തം തട്ടകമായ ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിലെ മികച്ച റെക്കോഡും സിറ്റിക്ക്‌ ശക്തി പകരുന്നു.

മറുവശത്ത്‌, ആദ്യപാദം കളിച്ച റയലല്ല ഇപ്പോൾ. രൂപത്തിൽ മാറ്റമില്ലെങ്കിൽ ഭാവത്തിൽ റയൽ ഏറെമാറി. ബാഴ്‌സലോണയെ പിന്തള്ളി സ്‌പാനിഷ്‌ ലീഗ്‌ കിരീടം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസമുണ്ട്‌ റയലിന്‌. കോവിഡിനുശേഷം ഒരു കളിയിലും റയൽ തോറ്റിട്ടില്ല. ഇത്തിഹാദിൽ വൻ ജയം കൊതിച്ചാണ്‌ റയലിന്റെ വരവ്‌.

ഇടവേളയ്‌ക്കുശേഷം പ്രീമിയർ ലീഗിൽ തകർപ്പൻ ജയങ്ങളാണ്‌ സിറ്റി സ്വന്തമാക്കിയത്‌. അതിൽ ചാമ്പ്യൻമാരായ ലിവർപൂളിനെതിരെ നേടിയ നാല്‌ ഗോൾ ജയം ശ്രദ്ധേയം. പെപ്‌ ഗ്വാർഡിയോളയുടെ ടീമിൽ മികച്ച ഗോളടിക്കാരുണ്ട്‌. റയലിനെ തകർക്കാനുള്ള ആയുധങ്ങൾ ഏറെ. കെവിൻ ഡി ബ്രയ്‌ൻ, റഹീം സ്‌റ്റെർലിങ്‌, ഫിൽ ഫോദെൻ, റിയാദ്‌ മഹ്‌റെസ്‌ തുടങ്ങിയവർ അണിനിരക്കുന്ന സംഘം.  സ്ഥിരതയില്ലായ്‌മാണ്‌ സിറ്റി നേരിടുന്ന വെല്ലുവിളി. എഫ്‌എ കപ്പ്‌ സെമിയിൽ അഴ്‌സണലിനോട്‌ തോറ്റത്‌‌ ഇതിന്‌ ഉദാഹരണം.

പരിശീലകൻ സിനദിൻ സിദാനാണ്‌ റയലിന്റെ കരുത്ത്‌. ഗോളടിച്ചുകൂട്ടുന്ന കരിം ബെൻസെമ സിറ്റിക്കെതിരെ തിളങ്ങിയാൽ റയലിന്‌ ഇത്തിഹാദിൽ അത്ഭുതങ്ങൾ കാട്ടാനാകും. എന്നാൽ, കരുത്തനായ ക്യാപ്‌റ്റൻ സെർജിയോ റാമോസിന്റെ അഭാവം റയലിനെ ബാധിക്കും. ആദ്യപാദത്തിൽ റാമോസ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top