18 March Monday

അണ്ടർ 20 ഫുട്‌ബോൾ : ഇന്ത്യ അർജന്റീനയെ തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

മാഡ്രിഡ്‌
സ്പെയിനിൽ നടക്കുന്ന അണ്ടർ 20 കോട്ടിഫ് കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ  ടൂർണമെന്റിൽ ഇന്ത്യ കരുത്തരായ അർജന്റീനയെ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലോക ഫുട്ബോളിലെ അതികായരുടെ കൗമാരടീമിനെതിരെ ഇന്ത്യൻ ഫുട്ബോളിന് അഭിമാനകരമായ ജയം. രണ്ടാംപകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും പതറാതിരുന്നത് ഇന്ത്യൻ ചുണക്കുട്ടികളുടെ പ്രകടനത്തിന് തിളക്കമേറ്റി. ദീപക് താംഗ്രി, അൻവർ അലി എന്നിവർ  ഇന്ത്യക്കായി ഗോൾ നേടി. അലൻ മാറിനെല്ലിയുടെ വകയായിരുന്നു അർജന്റീനയുടെ ഗോൾ. ജയിച്ചെങ്കിലും ഇന്ത്യ ടൂർണമെന്റിൽനിന്ന് പുറത്തായി. അർജന്റീന സെമിയിൽ കടന്നു. നേരത്തെ ഇന്ത്യ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചു. എന്നാൽ, ആഫ്രിക്കൻ രാജ്യമായ മൗറിറ്റാനിയ (0‐3), സ്പാനിഷ് ടീമായ മുർസിയ (0‐2) എന്നിവരോട് പരാജയപ്പെട്ടു.

പുറത്തായെങ്കിലും അർജന്റീനയ്ക്കെതിരായ വിജയത്തിന് ഒട്ടും തിളക്കം കുറയുന്നില്ല. അർജന്റീനയുടെ ലോകകപ്പ് താരങ്ങളായ  പാബ്ലോ അയ്മർ, ലയണൽ സ്കൊളോണി എന്നിവരാണ് അണ്ടർ 20 ടീം പരിശീലകർ. ലോക ഫുട്ബോളിലെ മികച്ച യുവതാരങ്ങളായ മത്തിയാസ് പലാസിയോസ്, ഫകുൻസോ കൊളിഡേ എന്നിവർ എതിർനിരയിൽ കളിക്കാനുമിറങ്ങി.

എതിരാളിക്ക് പഴുതനുവദിക്കാതിരുന്ന പ്രതിരോധമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. കളി തുടങ്ങി നാലാം മിനിറ്റിൽ ലീഡ് നേടിയ ഇന്ത്യ ശക്തരായ എതിരാളിയെ ഭയപ്പെടാതെ പന്തുതട്ടി. നിങ്തോയിംഗാംബ മീട്ടിയുടെ കോർണറിൽ നിന്നായിരുന്നു ഇന്ത്യ സ്കോറിങ് തുടങ്ങിയത്. താഴ്ന്നിറങ്ങിയ കോർണർ കിക്ക് ദീപക് താംഗ്രി ഒന്നാംപേസ്റ്റിനു മുന്നിൽനിന്ന് ഗോൾവലയിലേക്കു ചെത്തിയിട്ടു. അർജന്റീന ഗോളി ലിയണാർഡോ ഡയസിന്റെ കൈയിൽനിന്ന് വഴുതിയ പന്ത് ഗോൾ വര കടന്നു. റഫറി ആദ്യം ശ്രദ്ധിച്ചില്ല. ഇന്ത്യൻ താരങ്ങൾ അലറിവിളിച്ചപ്പോൾ ലൈൻ റഫറിയുടെ സഹായത്തോടെ ഗോൾ അനുവദിച്ചു (1‐0).

ഗോൾ നേടിയ ഇന്ത്യ ആവേശത്തിലായി. അർജന്റീനയ്ക്കെതിരെ അവർ സർവകരുത്തും സംഭരിച്ച് പൊരുതി. ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ലീഡുയർത്താനായില്ല. അണ്ടർ 17 ലോകകപ്പിൽ മികവുകാട്ടിയ ബോറിസ് സിങ് താങ്ജമും സുരേഷ് സിങ് വാങ്ജമും മധ്യനിരയിൽ കളി മെനഞ്ഞു. മുന്നേറ്റക്കാരൻ അനികേത് യാദവിന് അവർ നിരന്തരം പന്തെത്തിച്ചു. എന്നാൽ, ഓഫ് സൈഡ് കെണിയൊരുക്കി അർജന്റീന ഈ നീക്കങ്ങൾ പൊളിച്ചു.

രണ്ടാംപകുതിയിൽ അൻവർ അലിയുടെ മികച്ച ഷോട്ട് ഗോളി ലിയണാർഡോ തട്ടിയകറ്റി. നായകൻ അമർജിത് സിങ് കിയാമിന്റെ പാസിൽനിന്നായിരുന്നു അൻവർ തൊടുത്തത്. 54‐ാം മിനിറ്റിൽ അനികേത് ചുവപ്പു കണ്ടത് തിരിച്ചടിയായി. എതിരാളിയെ കടുത്തരീതിയിൽ തടഞ്ഞതിനായിരുന്നു അനികേതിന് പുറത്തു പേകേണ്ടിവന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഇന്ത്യ പതറിയില്ല. അർജന്റീനയുടെ ആക്രമണങ്ങൾ അവർ ഫലപ്രദമായി പ്രതിരോധിച്ചു.

ഗോളടിക്കാനാകാതെ അസ്വസ്ഥരായ അർജന്റീനക്കാർ കടുത്തപ്രയോഗങ്ങൾക്ക് തുനിഞ്ഞു. പകരക്കാരനായിവന്ന റഹീം അലിയെ പ്രതിരോധക്കാരൻ വീഴ്ത്തിയതിനു ലഭിച്ച ഫ്രീക്കിക്കിലായിരുന്നു രണ്ടാം ഗോൾ. അൻവർ അലിയുടെ വലംകാൽ കിക്ക് മഴവില്ലുപോലെ വളഞ്ഞിറങ്ങിയപ്പോൾ അർജന്റീന ഗോളി നിഷ്പ്രഭനായി. ഇടതു പോസ്റ്റിൽ തട്ടി പന്ത് വലയിൽ (2‐0). നാലു മിനിറ്റിനകം അർജന്റീന ഒരു ഗോൾ തിരിച്ചടിച്ചു. മാറിനെല്ലിയുടെ ഷോട്ട് സ്ഥാനം തെറ്റിനിന്ന ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയിൽ കയറി (2‐1).

ഇന്ത്യയുടെ 28 അംഗ ടീമിൽ കെ പി രാഹുൽ,  സച്ചിൻ സുരേഷ് എന്നീ മലയാളികളുണ്ട്.  രാഹുൽ പരിക്കുകാരണം കളിച്ചില്ല. സച്ചിനും ഗോകുലും റിസർവ് താരങ്ങളാണ്.  ഫ്ളോയ്ഡ് പിന്റോയാണ് മുഖ്യ പരിശീലകൻ. മുൻ ഇന്ത്യൻ താരം മഹേഷ് ഗാവ്ലി സഹപരിശീലകനും ഹമീദ് എരുമപ്പെട്ടി ഗോൾകീപ്പിങ്ങ് പരിശീലകനുമാണ്.

പ്രധാന വാർത്തകൾ
 Top