22 February Friday

പെയ്സിന്റെ റാക്കറ്റിന് ക്ഷീണമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


'രാജ്യത്തിനുവേണ്ടി കളിക്കുന്നതിലും വലുതായി ഒന്നുമില്ല. എന്റെ കളി ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.' 27 വർഷമായി പ്രൊഫഷണൽ ടെന്നീസ് രംഗത്തുള്ള താങ്കളെ മുന്നോട്ടു നയിക്കുന്നത് എന്താണ് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ലിയാണ്ടർ പെയ്സിന്റെ മറുപടിയാണിത്. പ്രായം പിടികൂടാൻ മടിക്കുന്ന ടെന്നീസ് കളത്തിലെ അത്ഭുതമനുഷ്യന് കളിയും രാജ്യവും ഒരുപോലെ നെഞ്ചോടു ചേർത്തുപിടിച്ച വികാരങ്ങൾ.

കെ ഡി യാദവ് എന്ന ഗുസ്തിക്കാരൻ 1952ൽ നേടിയ മെഡലിനുശേഷം ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വ്യക്തിഗത  മെഡൽനേടിത്തന്ന ലിയാണ്ടർ അഡ്രിയാൻ പെയ്സിന് കളിയും രാജ്യവും എന്നും പ്രചോദനമാണ്.  ഡേവിസ് കപ്പിലും ഒളിമ്പിക്സിലും ഏഷ്യാഡിലും കളിക്കുമ്പോഴാണ് പെയ്സ് മികച്ച ഫോമിലേക്ക് ഉയരുക. ഒളിമ്പിക്സിൽ വെങ്കലംനേടിയ പെയ്സ് ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ ഡബിൾസ് മത്സരങ്ങൾ (43) ജയിച്ച ലോക റെക്കോഡിന് ഉടമയാണ്. എട്ട് ഏഷ്യൻ ഗെയിംസ് മെഡലുകളാണ് കൊൽക്കത്തയിലെ വീട്ടിലെ ഷോക്കേസിലുള്ളത്. ഈ ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി പെയ്സുണ്ട്. 12 വർഷത്തിനുശേഷമാണ് ഏഷ്യാഡ് ടീമിൽ ഇടം നേടുന്നത്.

ടെന്നീസിൽ നാലു തലമുറകൾക്കൊപ്പം കളിക്കുകയെന്ന അപൂർവത ഈ നാൽപ്പത്തഞ്ചുകാരനു സ്വന്തമാണ്. 1990ൽ പതിനാറാം വയസ്സിൽ ഡേവിസ് കപ്പ് ടീമിൽ ഇടം നേടി. രമേശ്കൃഷ്ണനൊപ്പം 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു. പിന്നീട് ഇന്ത്യൻ ടെന്നീസിലെ പല പ്രമുഖർക്കുമൊപ്പം കളിച്ചു. ലിയാൻഡർ സജീവ ടെന്നീസ് കളിച്ചുതുടങ്ങി ഏഴുവർഷം കഴിഞ്ഞാണ് ഇന്നത്തെ ഏഷ്യൻ ടീമിലെ സഹതാരമായ സുമിത് നഗാൽ ജനിച്ചത്. ഇതിനിടെ ഡബിൾസിൽ 120 പേർ പെയ്സിനൊപ്പം മാറിമാറി കളിച്ചു.

വിംബിൾഡൺ, യുഎസ് ഓപ്പൺ ജൂനിയർ കിരീടങ്ങൾ നേടിയശേഷമായിരുന്നു സീനിയർ തലത്തിൽ പെയ്സിന്റെ അരങ്ങേറ്റം.  ടെന്നീസ് ഡബിൾസിൽ 1999ൽ ഒന്നാംറാങ്കുകാരനായ പെയ്സ് 18 ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കും ഉടമയാണ്. ഗ്രാൻഡ്സ്ലാം നേടുന്ന പ്രായംകൂടിയ താരം എന്ന ബഹുമതിയുമുണ്ട്. നിലവിൽ അമേരിക്കയിലെ വാഷിങ്ങ്ടണിൽ സിറ്റി ഓപ്പണിൽ കളിക്കുന്നു.

കൂടെ കളിച്ചു തുടങ്ങിയ പലരും ടെന്നീസ് കോർട്ട് വിട്ട് വർഷങ്ങളായെങ്കിലും പെയ്സ് യുവത്വത്തിന്റെ ആവേശം ചോരാതെ കളിക്കുന്നു. 30 വയസ്സു കഴിഞ്ഞാൽ ടെന്നീസ് കോർട്ടിൽ ഫോമിൽ തുടരുന്നവർ അപൂർവം. ആ സ്ഥാനത്താണ് നാൽപ്പതുകളുടെ പാതി പിന്നിട്ട താരം വിരമിക്കുന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് ചോദിക്കാൻപോലും അവസരം നൽകാതെ സജീവമാകുന്നത്. 2020 ലെ ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് പെയ്സ് പറയുമ്പോൾ ആർക്കും അമ്പരപ്പില്ല. പെയ്സ് എന്ന തളരാത്ത പോരാളിക്ക് അത് അപ്രാപ്യമല്ല. അന്ന് താരത്തിന് 47 വയസ്സാകും.

മാനസികവും ശാരീരികവുമായി എപ്പോഴും ആരോഗ്യത്തോടെ നിൽക്കാൻ ശ്രദ്ധിക്കുന്നതാണ് മുന്നേറ്റത്തിനു പിന്നിലെന്ന് പെയ്സ് പറയുന്നു. സ്വന്തം കളിയിൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിച്ചതും പിടിച്ചുനിൽക്കാൻ സഹായിച്ചു. പ്രായം ഏറിയപ്പോൾ ക്ലേ കോർട്ട് മത്സരങ്ങൾ ഒഴിവാക്കി. ഇപ്പോൾ പുൽകോർട്ടിൽ മാത്രമാണ് കളിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ ടീമിന് ഒന്നിലേറെ മെഡലിന് സാധ്യതയുണ്ടെന്ന് പെയ്സ് പറയുന്നു. മികച്ച യുവതാരങ്ങളാണ് ടീമിൽ.  അവരിൽ ഇന്ത്യൻ ടെന്നീസിന്റെ ഭാവി ഭദ്രമാണെന്നും പെയ്സ് പറയുന്നു.

പ്രധാന വാർത്തകൾ
 Top