03 August Monday

ബാഴ്‌സയ്‌ക്ക്‌ മിന്നുംജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

ഗ്രീസ്‌മാൻ മെസിക്കൊപ്പം ഗോൾ ആഘോഷത്തിൽ


മാഡ്രിഡ്‌
തുടർസമനിലകൾക്ക്‌ ഒടുവിൽ സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയ്‌ക്ക്‌ ആധികാരിക ജയം. വിയ്യാറയലിനെ ഒന്നിനെതിരെ നാല്‌ ഗോളിന്‌ ബാഴ്‌സ തോൽപ്പിച്ചു. സമീപകാലത്ത്‌ ബാഴ്‌സയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്‌. നാല്‌ കളി ശേഷിക്കെ 73 പോയിന്റാണ്‌ ബാഴ്‌സയ്‌ക്ക്‌. 77 പോയിന്റുള്ള റയൽ മാഡ്രിഡ്‌ ഒന്നാമത്‌ നിൽക്കുന്നു. മൂന്ന്‌ കളിയിൽ ജയിച്ചാൽ റയലിന്‌ ചാമ്പ്യൻമാരാകാം.

കഴിഞ്ഞ മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനോട്‌ സമനിലയിൽ കുരുങ്ങിയ ബാഴ്‌സ വിയ്യാറയലിനെതിരെ തകർപ്പൻ കളി പുറത്തെടുത്തു. ലയണൽ മെസി–-ലൂയിസ്‌ സുവാരസ്‌–-ഒൺടോയ്‌ൻ ഗ്രീസ്‌മാൻ സഖ്യം കളംനിറഞ്ഞു. ഗ്രീസ്‌മാനും സുവാരസും ഗോളടിച്ചു. ഒരെണ്ണം യുവതാരം അൻസു ഫാറ്റിയും നേടി. വിയ്യാറയൽ താരം പൗ ടോറെസിന്റെ പിഴവു ഗോളായിരുന്നു മറ്റൊന്ന്‌.

ബാഴ്‌സയുടെ കളിയുടെ ആസൂത്രകനായ മെസി രണ്ട്‌ ഗോളിന്‌ അവസരമൊരുക്കി.കഴിഞ്ഞ രണ്ട്‌ കളിയിലും ആദ്യ പതിനൊന്നിൽ അവസരം കിട്ടാതിരുന്ന ഗ്രീസ്‌മാൻ വിയ്യാറയലിനെതിരെ തെളിഞ്ഞു. ആദ്യപകുതിക്ക്‌ അവസാനിക്കുംമുമ്പ്‌ ഗ്രീസ്‌മാൻ മനോഹര ഗോളാണ്‌ തൊടുത്തത്‌. വിയ്യാറയൽ ബോക്‌സിൽ പ്രതിരോധതാരങ്ങൾക്കിടയിൽവച്ച്‌‌‌ മെസി മടമ്പുകൊണ്ട്‌ പിന്നിലേക്ക്‌ തട്ടിയിട്ടപ്പോൾ ഗ്രീസ്‌മാൻ പന്ത്‌ വലയിലേക്ക്‌ തോണ്ടിയിട്ടു. സുവാരസിന്റെയും മനോഹര ഗോളായിരുന്നു. മെസിയാണ്‌ അവസരമൊരുക്കിയത്‌. ഈ സീസണിൽ 19 തവണ മെസി ഗോളിന്‌ അവസരമൊരുക്കി. കളിയിൽ ഒരുതവണ മെസി പന്ത്‌ വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്‌ സൈഡാണെന്ന്‌ വിധിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top