റിയോ ഡി ജനീറോ
കോപയിൽ ഇന്ന് കിരീടപ്പോര്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ അധിപൻമാരെ തീരുമാനിക്കുന്ന പോരിൽ മാരക്കാനയിൽ ബ്രസീൽ പെറുവിനെ നേരിടും. രാത്രി 1.30നാണ് കോപ അമേരിക്ക ഫുട്ബോൾ ഫൈനൽ. 2007നു ശേഷം ബ്രസീലിന് അന്യമാണ് കോപ. കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് ടിറ്റെയുടെയും സംഘത്തിന്റെയും വരവ്. ഗ്രൂപ്പ് പോരിൽ പെറുവിനെ അഞ്ച് ഗോളിന് തകർത്തതും ആതിഥേയരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഒമ്പതാം കോപയിലാണ് ബ്രസീലിന്റെ കണ്ണ്.
ഒത്തിണക്കത്തോടെ പന്തുതട്ടിയാണ് ബ്രസീൽ കിരീടപ്പോരിനെത്തുന്നത്. 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിലേക്കുള്ള ഒരുക്കം കൂടിയാണ് ബ്രസീലിന്.
കോപയിൽ അഞ്ചിൽ നാലിലും ജയിച്ചു. ഒരു സമനില. ഒറ്റ ഗോൾ വഴങ്ങാതെയാണ് വരവ്. വെനസ്വേല മാത്രമാണ് ബ്രസീലിനെ തളച്ചത്. ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ഷൂട്ടൗട്ടിലായിരുന്നു ജയം. സെമിയിൽ എതിരാളി അർജന്റീന. രണ്ട് ഗോളിനായിരുന്നു ലയണൽ മെസിയുടെ സംഘത്തിനെതിരെ ജയം. കൂട്ടമായി മുന്നേറുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കാനറികളെയാണ് ടിറ്റെ കോപയിൽ ഒരുക്കിയിരിക്കുന്നത്. പിൻനിരയിൽ വലതുമൂല കാക്കുന്ന നായകൻ ഡാനി ആൽവേസാണ് ബ്രസീലിന്റെ കളി മെനയുന്നത്. പ്രായം മുപ്പത്തിയാറായെങ്കിലും ആൽവേസിന്റെ വേഗതയ്ക്കും കൗശലത്തിനും ചെറുപ്പമാണ്. വിടവുകളുണ്ടാക്കി നായകൻ മുന്നേറുമ്പോൾ ആർതറും ഫിലിപ് കുടീന്യോയുമെല്ലാം അതിനൊപ്പം കൂടും. ചെറുകണ്ണികളായുള്ള നീക്കം ഒടുവിൽ വലയിലെത്തും.
പിൻനിരയാണ് ബ്രസീലിന്റെ ഉറപ്പ്. തിയാഗോ സിൽവയും മാർക്വീനോസും ഒറ്റ പന്തും ബോക്സ് കടത്തില്ല. ഇടതുമൂലയിൽ അർജന്റീനയ്ക്കെതിരെ അവസരം കിട്ടിയ അലക്സ് സാൻഡ്രോയ്ക്ക് പകരം ഫിലിപെ ലൂയിസ് തിരിച്ചെത്താനാണ് സാധ്യത. മധ്യനിരയിൽ കാസെമിറോ, ആർതർ, കുടീന്യോ എന്നിവർ കളി പിടിക്കും. മുൻനിരയിൽ ആദ്യ കളികളിൽ നെയ്മറിന്റെ അഭാവം പ്രകടമായിരുന്നു. എന്നാൽ ഗബ്രിയേൽ ജെസ്യൂസും റോബർട്ടോ ഫിർമിനോയും തെളിഞ്ഞു. ചെറിയ അവസരം പോലും ഗോളാക്കി മാറ്റാൻ ഇരുവർക്കും മിടുക്കുണ്ട്. എവർട്ടണും മൂന്നാം മുന്നേറ്റക്കാരനായി സ്ഥാനം പിടിക്കും.
കോപയിൽ ആദ്യം പതറിയ പെറു ഗ്രൂപ്പിൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന ആനുകൂല്യം പിടിച്ചാണ് ക്വാർട്ടറിലെത്തുന്നത്. 15 തവണ ചാമ്പ്യൻമാരായ ഉറുഗ്വേയെ ഷൂട്ടൗട്ടിൽ കീഴടക്കി അവസാന നാലിൽ. സെമിയിൽ ഹാട്രിക് കിരീടം തേടിയിറങ്ങിയ ചിലിയെ മൂന്ന് ഗോളിന് തകർത്ത് കിരീടപ്പോരിന് ടിക്കറ്റെടുത്തു. നായകൻ പൗലോ ഗുറൈറോ, മധ്യനിരക്കാരൻ എഡിസൺ ഫ്ലോറസ്, ഗോൾകീപ്പർ പെഡ്രോ ഗാല്ലെസെ എന്നിവർ കരുത്തരാണ്. മൂന്നാം കിരീടമാണ് ലക്ഷ്യം. മുൻ കോപകളിൽ ബ്രസീലിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പെറു ഇറങ്ങുന്നത്.