19 February Tuesday

സ്വീഡന്റെ സൂചിക്കുഴയിലൂടെ ഇംഗ്ലണ്ട് സെമി കാണുമോ

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

ഹാരി കെയ്ൻ / എമിൽ ഫോർസ്ബെർഗ്

 

മോസ്കോ
പ്രതിരോധത്തിന്റെ പെരുങ്കോട്ടയാണ് സ്വീഡൻ. ഇന്ന് ഇംഗ്ലണ്ട് അതിനു മുന്നിലാണ്. അസാമാന്യ പ്രഹരശേഷികൊണ്ട് സ്വീഡന്റെ പ്രതിരോധമതിൽ തച്ചുടയ്ക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എങ്കിൽ 1990നുശേഷം ആദ്യമായി ഇംഗ്ലണ്ടിന് സെമിയിൽ കടക്കാം. അരനൂറ്റാണ്ടായി താലോലിക്കുന്ന കിരീടമെന്ന സ്വപ്നത്തെ ഉണർത്താം. സമാര അരീനയിൽ ഇന്നു രാത്രി 7.30ന് ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള ക്വാർട്ടർമത്സരത്തിന് വിസിൽ മുഴങ്ങും.

അമിതപ്രതീക്ഷകളിൽ അടിതെറ്റുകയായിരുന്നു ഇത്രയുംകാലം ഇംഗ്ലണ്ട്. മികവിനെക്കാൾ ഉയരത്തിൽ അവർ പ്രതീക്ഷകളെ കൊണ്ടുപോയി. ഫലം, 1990നുശേഷം നല്ല പ്രകടനം ഇംഗ്ലണ്ടിൽനിന്നുണ്ടായില്ല. സ്വെൻ ഗൊരാൻ എറിക്സൺ എന്ന സ്വീഡിഷ് പരിശീലകനു കീഴിൽ രണ്ടുതവണ ക്വാർട്ടറിൽ കടന്നതാണ് പ്രധാന നേട്ടം. ഡേവിഡ് ബെക്കാമും മൈക്കേൽ ഓവനും ജോൺ ടെറിയും വെയ്ൻ റൂണിയും ഫ്രാങ്ക് ലംപാർഡും സ്റ്റീവൻ ജെറാർഡുമൊക്കെ അണിനിരന്ന സുവർണനിരയുടെ കാലമായിരുന്നു അത്. ഗാരെത് സൗത്ഗേറ്റിനു കീഴിൽ ചുറുചുറുക്കുള്ള ഒരു സംഘമാണ് ഇക്കുറി ഇംഗ്ലണ്ടിന്. കഥ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷ് സംഘം.
ഗോളടിക്കാൻ ഹാരി കെയ്ൻ എന്ന ക്യാപ്റ്റനുണ്ട്. സഹായത്തിന് റഹീം സ്റ്റെർലിങ്ങും. പകരക്കാരുടെ നിരയിൽ മാർകസ് റാഷ്ഫഡും ജാമി വാർഡിയും. മധ്യനിരയിൽ ജോർദാൻ ഹെൻഡേഴ്സന്റെ സാന്നിധ്യം. ജെസി ലിങ്ഗാർഡും ഡെലെ ആല്ലിയും ആഷ്ലി യങ്ങും കീറൺ ട്രിപ്പിയെറും ഉൾപ്പെടുന്ന മധ്യനിര. മഗ്വിയറും ജോൺ സ്റ്റോൺസും കൈൽ വാൾക്കറുമൊരുക്കുന്ന പ്രതിരോധം. വലയ്ക്കുമുന്നിൽ ജോർദാൻ പിക്ഫോർഡ്. ഇംഗ്ലണ്ടിന് മോഹിക്കാം.

സ്വിസുകാർക്ക് സ്വീഡൻ സൂചിപ്പഴുതുപോലും നൽകിയില്ല. മുന്നേറ്റക്കാർക്കൊപ്പം ഇരുപാർശ്വങ്ങളിൽക്കൂടിയും അതിവേഗ ആക്രമണത്തിനാണ് ഇംഗ്ലീഷുകാർ ഒരുങ്ങുന്നത്. യങ്ങും ട്രാപ്പിയറും ആക്രമിച്ചുകയറും. നേരിയ അവസരങ്ങൾ വലയിലാക്കാൻ ക്യാപ്റ്റൻ കെയ്നിനു കഴിയും. ആല്ലിക്ക് പകരം സൗത്ഗേറ്റ് ഇന്ന് മറ്റൊരാളെ പരീക്ഷിച്ചേക്കും.

കൊളംബിയയുമായുള്ള പ്രീക്വാർട്ടർ പരീക്ഷണമായിരുന്നു ഇംഗ്ലണ്ടിന്. ഇതിനുമുമ്പ് ഒരിക്കൽപ്പോലും അതിജീവിക്കാൻകഴിയാത്ത പെനൽറ്റി ഷൂട്ടൗട്ട് കടമ്പയെ മറികടക്കാൻ ഇംഗ്ലീഷുകാർക്ക് കഴിഞ്ഞു. ആ ആത്മവിശ്വാസം വലുതാണ്.

സ്വീഡന് വലിയ ചരിത്രമുണ്ട്. 1958ൽ ഫൈനലിൽ കടന്ന സംഘമാണ്. 1994ൽ മൂന്നാംസ്ഥാനക്കാരായി. അതിനുശേഷം അപൂർവമായാണ് സ്വീഡൻ ലോകകപ്പിന് എത്തിയതുതന്നെ. റഷ്യയിലേക്കുള്ള വരവ് മുത്തശ്ശിക്കഥപോലെയാണ്. യോഗ്യതാ റൗണ്ടിൽ ഫ്രാൻസിനും നെതർലൻഡ്സിനും ഒപ്പമായിരുന്നു. രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിന്. അവിടെ കീഴടക്കിയത് ഇറ്റലിയെ.  റഷ്യയിൽ എത്തുമ്പോൾ സ്വീഡൻ ക്ഷയിച്ചിരുന്നു. തുടർച്ചയായ ആറ് കളികളിൽ ജയമില്ല. 337 മിനിറ്റുകളായി ഗോളില്ല. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചില്ല. എന്നിട്ടും സ്വീഡനാകും കറുത്ത കുതിരകളെന്ന് പ്രവചിക്കപ്പെട്ടു. അതെന്തുകൊണ്ടെന്ന് റഷ്യ പറഞ്ഞുതന്നു. കൊറിയയെ ഒരു ഗോളിന് കീഴടക്കി, ജർമനിയോട് അവസാനനിമിഷം തോറ്റു, മെക്സികോയെ മൂന്നു ഗോളിന് നിലംപരിശാക്കി. മികവിൽ മുന്നിലുള്ള സ്വിറ്റ്സർലൻഡിനെ  പ്രീക്വാർട്ടറിൽ വീഴ്ത്തി. ഇബ്രയും ആൻഡ്രിയാസ് സ്വെൻസണും ആൻഡ്രിയാസ് ഇസാക്സണും കിം കാൾസ്ട്രോമും വിരമിച്ചശേഷം കോച്ച് ജാന്നി ആൻഡേഴ്സൺ സ്വീഡനെ മാറ്റിയെടുത്തു. ഇംഗ്ലണ്ട് ഭയക്കുന്നുണ്ട് സ്വീഡനെ.

സുസംഘടിത പ്രതിരോധമാണ് സ്വീഡന്റെ ശക്തി. ക്യാപ്റ്റൻ ആൻഡ്രിയാസ് ഗ്രാൻഗ്വിസ്റ്റ് ആണ് നെടുന്തൂൺ. ഗ്രാൻഗ്വിസ്റ്റിന് രണ്ടാമത്തെ കുട്ടി ജനിച്ചത് കഴിഞ്ഞദിവസമാണ്. എന്നാൽ ക്വാർട്ടർ വിട്ട് കുഞ്ഞിനരികിലേക്ക് മടങ്ങില്ല ഗ്രാൻഗ്വിസ്റ്റ്. ഇംഗ്ലണ്ടിന്റെ നീക്കങ്ങളെ ചെറുക്കാൻ ഗ്രാൻഗ്വിസ്റ്റ് നെഞ്ചുംവിരിച്ച് സ്വീഡിഷ് ഗോൾമുഖത്തുണ്ടാകും. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന സെബാസ്റ്റ്യൻ ലാർസനാണ് ഗ്രാൻഗ്വിസ്റ്റിന് കൂട്ട്. ഇടതുബാക്ക് ലസ്റ്റിഗിന്റെ സസ്പെൻഷൻ തിരിച്ചടിയാകും.

ഇംഗ്ലണ്ടിനെതിരെ മധ്യനിരകൂടി പ്രതിരോധത്തിലേക്കു വലിയാനാണ് സാധ്യത. എമിൽ ഫോർസ്ബെർഗ് നീക്കങ്ങൾ നെയ്യും. മുന്നേറ്റത്തിൽ മാർകസ് ബെർഗും ഒല ടൊയ്വൊനെനുമുണ്ട്. പ്രതിരോധത്തിൽ കേന്ദ്രീകരിച്ച് പ്രത്യാക്രമണം നടത്തുകയാണ് സ്വീഡന്റെ തന്ത്രം. പക്ഷേ, മഗ്വിയറും സ്റ്റോൺസും വാൾക്കറും ഉൾപ്പെടുന്ന ഇംഗ്ലീഷ് പ്രതിരോധം സ്വീഡന് കടുത്ത വെല്ലുവിളിയാണ്.

പ്രധാന വാർത്തകൾ
 Top