25 May Monday

ലോകകപ്പിൽ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


സിഡ്‌നി
ഒക്‌ടോബറിൽത്തന്നെ ട്വന്റി–-20 ലോകകപ്പ്‌ നടത്താനാകുമെന്ന്‌ ഐസിസിക്കും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയക്കും പ്രതീക്ഷ. ഒക്‌ടോബർ 18 മുതൽ നവംബർ 15വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. കോവിഡ്‌–-19 വ്യാപനം കാരണം ലോകത്തെ പ്രധാന കായിക ഇനങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്‌. ഈ വർഷത്തെ കായിക കലണ്ടർ താളംതെറ്റി.

കോവിഡ്‌ വ്യാപനം നിയന്ത്രണത്തിലായാൽ ലോകകപ്പിന്‌ തടസ്സമുണ്ടാകില്ലെന്നാണ്‌ ഐസിസി പറയുന്നത്‌. പക്ഷേ, ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗും (എഎഫ്‌എൽ) നാഷണൽ റഗ്‌ബി ലീഗും (എൻആർഎൽ)  മാറ്റിവച്ചിരിക്കുന്നത് ഒക്‌ടോബർ–-നവംബർ മാസങ്ങളിലേക്കാണ്‌. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട്‌ തീരുമാനമെടുക്കില്ലെന്ന്‌ ലോകകപ്പ്‌ സംഘാടക സമിതി തലവൻ നിക്ക്‌ ഹോക്ലി പറഞ്ഞു. ഐസിസിയുമായി ചർച്ച ചെയ്‌തശേഷമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നും ഹോക്ലി വ്യക്തമാക്കി.

നിശ്‌ചയിച്ചപ്രകാരംതന്നെ ലോകകപ്പ്‌ നടക്കുമെന്ന ഉറപ്പിലാണ്‌ ഐസിസി. മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ഐസിസി വ്യക്തമാക്കി. അതിനിടെ, ഒക്‌ടോബറിൽ നടത്താനായില്ലെങ്കിൽ ലോകകപ്പ്‌ റദ്ദാക്കിയേക്കുമെന്ന്‌ സൂചനയുണ്ട്‌.

ലോകകപ്പ്‌ റദ്ദാക്കിയാൽ ബിസിസിഐക്കാണ്‌ ആശ്വാസം. മാർച്ചിൽ നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ ഈ കാലയളവിൽ നടത്താനാകും. നിലവിൽ ഏപ്രിൽ 15വരെയാണ്‌ ഐപിഎൽ റദ്ദാക്കിയിട്ടുള്ളത്‌. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഐപിഎൽ നടക്കാനുള്ള സാധ്യത കുറവാണ്‌.


പ്രധാന വാർത്തകൾ
 Top