ജൊഹന്നാസ്ബർഗ്
വാണ്ടറേഴ്സിൽ അത്ഭുതങ്ങളുണ്ടായില്ല. മഴയെയും ഇന്ത്യൻ പേസ് നിരയെയും മറികടന്ന് ക്യാപ്റ്റൻ ഡീൻ എൽഗർ ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിൽ ജയത്തിലേക്ക് നയിച്ചു. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കൻ ജയം. ഇന്ത്യ ഉയർത്തിയ 240 റൺ ലക്ഷ്യം നാലാംദിനം അവസാനഘട്ടത്തിൽ മറികടന്നു.
സ്കോർ: ഇന്ത്യ 202, 266; ദക്ഷിണാഫ്രിക്ക 229, 3–-243.
ഇതോടെ പരമ്പര 1–1 എന്ന നിലയിലായി. അവസാന ടെസ്റ്റ് 11ന് തുടങ്ങും. നാലാംദിനം വാണ്ടറേഴ്സിൽ കനത്ത മഴയായിരുന്നു. അവസാനഘട്ടത്തിലാണ് മാനംതെളിഞ്ഞത്. 34 ഓവർ നിശ്ചയിച്ചു. 122 റൺ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക അനായാസം മുന്നേറി. എൽഗറിനൊപ്പം റാസി വാൻ ഡെർ ദുസെനും മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞപ്പോൾ ലോകേഷ് രാഹുലിനും കൂട്ടർക്കും ഉത്തരമുണ്ടായില്ല. എൽഗർ 96 റണ്ണുമായി പുറത്താകാതെനിന്നു. ദുസെൻ 40 റണ്ണെടുത്തു. 23 റണ്ണുമായി ടെംബ ബവുമയായിരുന്നു വിജയനിമിഷത്തിൽ എൽഗറിന് കൂട്ട്.
ദക്ഷിണാഫ്രിക്കൻ ബൗളർമാർ സ്വിങ്ങും ബൗൺസും കണ്ടെത്തിയ വാണ്ടറേഴ്സ് പിച്ചിൽ ഇന്ത്യൻ ബൗളർമാർക്ക് കൃത്യത കണ്ടെത്താനായില്ല. പ്രധാന പേസർ ജസ്പ്രീത് ബുമ്ര മങ്ങിയത് തിരിച്ചടിയായി. നാലാംദിനം ഇന്ത്യക്ക് എട്ടു വിക്കറ്റായിരുന്നു ലക്ഷ്യം. എൽഗർ–ദുസെൻ സഖ്യം ഇന്ത്യയുടെ പരമ്പരസ്വപ്നത്തെ ആദ്യംതന്നെ നുള്ളിക്കളഞ്ഞു. ഈ സഖ്യം 82 റൺ നേടി. ദുസെനെ മുഹമ്മദ് ഷമി പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്ക ജയം ഉറപ്പാക്കിയിരുന്നു. മനോഹര ഇന്നിങ്സായിരുന്നു എൽഗറിന്റേത്. 10 ഫോറുകൾ ആ ഇന്നിങ്സിൽ ഉൾപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..