17 January Friday

വീണ്ടും സമനിലക്കളി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയ റാഫേൽ മെസി ബൗളിയുടെ ആഹ്ലാദം

മുംബൈ
അവസാന നിമിഷം ഗോൾ വഴങ്ങുന്ന ശീലം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആവർത്തിച്ചു. ഐഎസ്‌എലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ലീഡ്‌ നേടിയശേഷം ബ്ലാസ്‌റ്റേഴ്‌സ്‌ സമനില വഴങ്ങി (1–-1). റാഫേൽ മെസി ബൗളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ്‌ മുന്നിലെത്തിയത്‌. എന്നാൽ അടുത്ത നിമിഷംതന്നെ വഴങ്ങി. അമിനെ ചെർമിറ്റി മുംബൈയുടെ ഗോളടിച്ചു. ആറ്‌ പോയിന്റുമായി എട്ടാംസ്ഥാനത്ത്‌ തുടർന്നു ബ്ലാസ്‌റ്റേഴ്‌സ്‌.

ക്യാപ്‌റ്റൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെയില്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈക്കെതിരെ ഇറങ്ങിയത്‌. പകരം സെയ്‌ത്യാസെൻ കളിച്ചു. മുംബൈ നിരയിലും മാറ്റങ്ങളുണ്ടായി. പ്രതിരോധത്തിൽ അവർ വിദേശ താരങ്ങളെ അണിനിരത്തി. ബ്ലാസ്‌റ്റേഴ്‌സ്‌ നല്ല ആക്രമണക്കളിയാണ്‌ ആദ്യം നടത്തിയത്‌. എന്നാൽ മധ്യനിരയിലെ ഒത്തിണക്കമില്ലായ്‌മ നീക്കങ്ങളെ ബാധിച്ചു.

മുന്നേറ്റത്തിൽ മെസി ബൗളി അധ്വാനിച്ചു. പക്ഷേ, പറ്റിയ പങ്കാളിയെ കിട്ടിയില്ല മുൻനിരയിൽ മെസി ബൗളിക്ക്‌. അരമണിക്കൂറിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളിന്‌ അരികെയെത്തി. ബൗളിയുടെ സിസർ കട്ട്‌ മുംബൈ ഗോൾ കീപ്പർ അമരീന്ദർ സിങ്‌ തട്ടിയകറ്റുകയായിരുന്നു. കർണെയ്‌റോയുടെ ക്രോസ്‌ ഏറ്റുവാങ്ങിയ മെസി ബൗളി ബോക്‌സിൽവച്ച്‌ ഉശിരൻ ഷോട്ടാണ്‌ തൊടുത്തത്‌. പക്ഷേ, അമരീന്ദറിന്റെ മിടുക്ക്‌ അതിനെ നിർവീര്യമാക്കി. അവസരങ്ങൾ വേറെയും കിട്ടി. മുംബൈ പ്രത്യാക്രമണം തുടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം പതറാൻ തുടങ്ങി. അമിനെ ചെർമിറ്റിയും മോദു സോഗുവും മുഹമ്മദ്‌ ലാർബിയും ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമേഖലയിൽ തമ്പടിച്ചു. ഗോൾ കീപ്പർ ടി പി രെഹ്‌നേഷിന്റെ മികവാണ്‌ ഗോൾ വഴങ്ങാതെ ആദ്യം കാത്തത്‌.

രണ്ടാംപകുതിയിൽ മുംബൈയായിരുന്നു ആധിപത്യം കാട്ടിയത്‌. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ്‌ നല്ലൊരു പ്രത്യാക്രമണം നടത്തി. ഇടതുവശത്ത്‌ ജെസെൽ കർണെയ്‌റോ തുടക്കമിട്ടു. ജീക്‌സൺ സിങ്ങിലേക്ക്‌. ഗോളി മാത്രം മുന്നിൽനിൽക്കെ ജീക്‌സൺ പതറി. അടി അർമീന്ദർ തട്ടിയകറ്റി. കർണെയ്‌റോയുടെ കാലിലേക്കാണ്‌ കിട്ടിയത്‌. നേരെ മെസി ബൗളിക്ക്‌. തുടർച്ചയായ രണ്ടാമത്തെ കളിയിലും മെസി ബൗളി ഗോളടിച്ചു.

ഉടൻതന്നെ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌. ഗോളിന്റെ ആവേശത്തിൽ ആലസ്യത്തിലായ ബ്ലാസ്‌റ്റേഴ്‌സിന്‌ ഉടൻതന്നെ തിരിച്ചടി കിട്ടി. അർമിനെ ചെർമിറ്റിയുടെ ഷോട്ട്‌ രെഹ്‌നേഷിന്റെ കൈയിൽനിന്നുതിർന്നു. തിരിച്ചുവരാൻ പറ്റിയില്ല രെഹ്‌നേഷിന്‌. അപ്പോഴേക്കും പന്ത്‌ വലയിലെത്തി.13ന്‌ ജംഷഡ്‌പുർ എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയാണ്‌ വേദി.


പ്രധാന വാർത്തകൾ
 Top