13 August Thursday
ഇന്ത്യ‐വിൻഡീസ്‌ ഒന്നാം ട്വന്റി‐20 ഇന്ന്‌

ലോകകപ്പിലേക്ക്‌ ഒരുക്കം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

സഞ്ജു സാംസൺ പരിശീലനത്തിനിടെ



ഹൈദരാബാദ്‌
ലോകകപ്പിലേക്ക്‌ കണ്ണുവച്ച്‌ ഇന്ത്യ ഇന്ന്‌ വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി–-20 പരമ്പരയിലെ ആദ്യ മത്സരത്തിന്‌ ഇറങ്ങുന്നു. ഹൈദരാബാദിൽ രാത്രി ഏഴിനാണ്‌ കളി. മൂന്ന്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ. രണ്ടാമത്തെ കളി തിരുവനന്തപുരത്താണ്‌. മൂന്നാംമത്സരം മുംബൈയിൽ നടക്കും.

അടുത്തവർഷത്തെ ലോകകപ്പാണ്‌ ഇരു ടീമുകളുടെയും മനസ്സിൽ. ഏറ്റവും മികച്ച സംഘത്തെ കണ്ടെത്തുകയാണ്‌ ലക്ഷ്യം. ഇന്ത്യൻ ടീമിൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി തിരിച്ചെത്തിക്കഴിഞ്ഞു. ജസ്‌പ്രീത്‌ ബുമ്ര, ഹാർദിക്‌ പാണ്ഡ്യ, ശിഖർ ധവാൻ എന്നിവരുടെ പരിക്കാണ്‌ ആശങ്ക. മൂവരും ടീമിലില്ല.

വിൻഡീസ്‌ ടീം പരീക്ഷണഘട്ടത്തിലാണ്‌. ക്രിസ് ഗെയ്‌ൽ, ആന്ദ്രേ റസെൽ, കാർലോസ്‌ ബ്രത്‌വയ്‌റ്റ്‌ എന്നിവർ ടീമിലില്ല. കരീബിയൻ പ്രീമിയർ ലീഗിൽ മിന്നിത്തെളിഞ്ഞ ഒരുപിടി കളിക്കാരുണ്ട്‌ വിൻഡീസ്‌ സംഘത്തിൽ. കീറൺ പൊള്ളാർഡാണ്‌ വിൻഡീസ്‌ ക്യാപ്‌റ്റൻ.

ഐപിഎൽ ലേലത്തിന്‌ മുമ്പുള്ള പരമ്പരയായതിനാൽ യുവതാരങ്ങൾക്ക്‌ നിർണായകമാണ്‌ ഈ മത്സരങ്ങൾ.കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ കരുത്തുകൂടും. ധവാന്റെ അഭാവത്തിൽ രോഹിത്‌ ശർമയ്‌ക്കൊപ്പം ലോകേഷ്‌ രാഹുലായിരിക്കും ഇന്ത്യൻ ഇന്നിങ്‌സ്‌ ഓപ്പൺ ചെയ്യുക. മലയാളി താരം സഞ്‌ജു സാംസൺ കളിക്കാൻ സാധ്യത കുറവാണ്‌.ഹൈദരാബാദിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ബൗളർമാർക്ക്‌ ഗുണം ലഭിക്കുന്ന പിച്ചാണ്‌ ഇവിടെ.

ടീം:
ഇന്ത്യ–- രോഹിത്‌ ശർമ, ലോകേഷ്‌ രാഹുൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുശ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, ദീപക്‌ ചഹാർ.

വെസ്‌റ്റിൻഡീസ്‌–- എവിൻ ലൂയിസ്‌, ലെൻഡൽ സിമ്മൺസ്‌, ബ്രണ്ടൻ കിങ്‌സ്‌, ഷിംറോൺ ഹെറ്റ്‌മെയർ, കീറൺ പൊള്ളാർഡ്‌, ദിനേശ്‌ രാംദിൻ, ജാസൺ ഹോൾഡർ, കാരി പിയറി/കീമോ പോൾ, ഫാബിയൻ അല്ലെൻ, ഹെയ്‌ഡൻ വാൽഷ്‌ ജൂനിയർ, ഷെൽഡൺ കോട്രെൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top