21 March Thursday

എല്ലാ കണ്ണുകളും കോഹ‌്‌ലിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

              
അഡ‌്‌ലെയ‌്ഡ‌് ഒാവൽ
2011–-12ൽ ഓസ‌്ട്രേലിയൻ മണ്ണിൽ ഇന്ത്യ നാല‌ു ടെസ‌്റ്റും തോറ്റ‌് അപമാനിതരായി മടങ്ങുമ്പോൾ വിരാട‌് കോഹ‌്‌ലിയായിരുന്നു ഒരു തരിവെളിച്ചം നൽകിയത‌്. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഏക സെഞ്ചുറി കോഹ‌്‌ലിയുടെ പേരിൽ കുറിക്കപ്പെട്ടു. സച്ചിൻ ടെൻഡുൽക്കറും രാഹുൽ ദ്രാവിഡും വിരേന്ദർ സെവാഗും വി വി എസ‌് ലക്ഷ‌്മണുമൊക്കെ ഉൾപ്പെട്ട ടീമിൽ കോഹ‌്‌ലിയെന്ന യുവതാരം പരന്പരയിലെ മികച്ച റൺവേട്ടക്കാരിൽ മൂന്നാമതെത്തി.  മൂന്ന‌ുവർഷത്തിനുശേഷം  ഒാസീസ‌് മണ്ണിലെത്തിയ കോഹ‌്‌ലി നേടിയത‌് നാല‌ു സെഞ്ചുറിയും ഒരു അരസെഞ്ചുറിയും ഉൾപ്പെടെ 692 റൺ. നാല‌ുവർഷത്തിനുശേഷം വീണ്ടും കോഹ‌്‌ലിയും ഓസീസും തമ്മിലുള്ള മുഖാമുഖമാണ‌്. അഡ‌്‌ലെയ‌്ഡ‌് ഓവലിൽ ആദ്യ ടെസ‌്റ്റ‌് ഇന്ന‌് ആരംഭിക്കുമ്പോൾ കോഹ‌്‌ലിയെ നിയന്ത്രിക്കലായിരിക്കും ഓസീസിന്റെ പ്രധാന ശ്രദ്ധ.

പരിശീലകൻ ജസ‌്റ്റിൻ ലാംഗറും ക്യാപ‌്റ്റൻ ടിം പെയ‌്നും കോഹ‌്‌ലിയെ എങ്ങനെ മെരുക്കാമെന്നുള്ള ചിന്തയിലാണ‌്. ഓസീസ‌് മണ്ണിൽ എട്ട‌ു ടെസ‌്റ്റ‌് കളിച്ച കോഹ‌്‌ലിയുടെ ബാറ്റിങ‌് ശരാശരി 69 ആണ‌്. അഡ‌്‌ലെയ‌്ഡിൽ മാത്രം മൂന്ന‌ു സെഞ്ചുറികളുണ്ട‌്. മറ്റൊരു വിദേശ ബാറ്റ‌്സ‌്മാനും ഈ നേട്ടമില്ല. ക്യാപ്റ്റനെന്ന നിലയിൽ കോഹ‌്‌ലിയുടെ ആക്രമണോത്സുകത ടീമിനെ പ്രചോദിപ്പിക്കുന്നുണ്ട‌്. കളത്തിലെ ഭാവംകൊണ്ടുപോലും എതിർകളിക്കാരിൽ സമ്മർദമുണ്ടാക്കാൻ കോഹ‌്‌ലിക്ക‌് കഴിയും. എങ്കിലും വിദേശമണ്ണിലെ പരമ്പരനേട്ടം പരീക്ഷണംതന്നെയാണ‌് ഇപ്പോഴും. ഇംഗ്ലണ്ടിലെ 1–-4ന്റെ തോൽവിയുടെ നീറ്റൽ കോഹ‌്‌ലിക്ക‌് മാറിയിട്ടില്ല. കോഹ‌്‌ലി മാത്രമാണ‌് ബാറ്റിങ‌്നിരയിൽ തിളങ്ങിയത‌്. ബാറ്റിങ്ങിൽ ക്യാപ‌്റ്റനെ ആരും പിന്തുണച്ചില്ല.

ഇടംകൈയൻ മിച്ചെൽ സ‌്റ്റാർക്ക‌് ആയിരിക്കും കോഹ‌്‌ലിക്കുള്ള ഏറ്റവും വലിയ പരീക്ഷ. സ‌്റ്റാർക്കിന്റെ വേഗമേറിയ പന്തുകൾക്ക‌് ബാറ്റ‌്സ‌്മാൻമാരുടെ കാൽപ്പാദം തകർക്കാനുള്ള കരുത്തുണ്ട‌്. താളം കിട്ടിയാൽ സ‌്റ്റാർക‌് അപകടകാരിയാകും. കൂട്ടിന‌് പാറ്റ‌് കമ്മിൻസും കൃത്യതയുടെ മറുവാക്കായ ജോഷ‌് ഹാസെൽവുഡുമുണ്ട‌്. സ‌്പിന്നറായി നതാൻ ല്യോണും.

ഓസീസ‌് പര്യടനം വിജയകരമാക്കിയാൽ ടീമിൽ കോഹ‌്‌ലിയുടെ മേധാവിത്തം കൂടും. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനെ സമ്മർദമില്ലാതെ നേരിടാനുമാകും. ക്യാപ‌്റ്റനെന്ന നിലയിൽ കോഹ‌്‌ലിക്ക‌് കഴിവുതെളിയിക്കാനുള്ള രണ്ട‌ു വേദികളാണ‌് ഓസീസ‌് പര്യടനവും ഏകദിന ലോകകപ്പും. മികച്ച ബാറ്റ‌്സ‌്മാനൊപ്പം മികച്ച ക്യാപ‌്റ്റനും എന്ന പേരെടുക്കാൻ കോഹ‌്‌ലിക്ക‌് ഇത‌ു രണ്ടും വിജയിക്കണം.

ഉപനായകൻ അജിൻക്യ രഹാനെയ‌്ക്ക‌് ഒരുപക്ഷേ, ഇത‌് അവസാന അവസരമായിരിക്കും. കഴിഞ്ഞ പര്യടനത്തിൽ രഹാനെ മിന്നി. പക്ഷേ, രഹാനെയിൽ ആ മികവ‌് ഇപ്പോഴില്ല. പൃഥ്വി ഷായ‌്ക്ക‌് പരിക്കേറ്റതുകൊണ്ട‌് ഓപ്പണിങ‌് സ്ഥാനത്തേക്ക‌് തിരിച്ചെത്തിയ മുരളി വിജയിന‌് ഓസീസിൽ നല്ല ഓർമകളാണ‌്. കഴിഞ്ഞ പര്യടനത്തിൽ ഒരു സെഞ്ചുറിയും നാല‌് അരസെഞ്ചുറികളും ഉൾപ്പെടെ 482 റൺ വിജയ‌് നേടി. ലോകേഷ‌് രാഹുൽ, ചേതേശ്വർ പൂജാര, ഋഷഭ‌് പന്ത‌് എന്നിവരാണ‌് ബാറ്റിങ‌്നിരയിലെ മറ്റുള്ളവർ. മൂന്ന‌് പേസർമാർ പന്ത്രണ്ടംഗ ടീമിലുണ്ട‌്. മുഹമ്മദ‌് ഷമി, ജസ‌്പ്രീത‌് ബുമ്ര, ഇശാന്ത‌് ശർമ എന്നിവർ. ഭുവനേശ്വർകുമാറിന‌് 12 അംഗ ടീമിൽ ഇടംകിട്ടിയില്ല. ഏക സ‌്പിന്നറായി അശ്വിനും കളിക്കും.

ഓസീസ‌്നിരയിൽ മാർകസ‌് ഹാരിസ‌് അരങ്ങേറും. ഉസ‌്മാൻ ഖവാജയാണ‌് ഓസീസിന്റെ പ്രധാന ബാറ്റ‌്സ‌്മാൻ. ആരോൺ ഫിഞ്ച‌്, ഷോൺ മാർഷ‌്, ട്രാവിസ‌് ഹെഡ‌്, പീറ്റർ ഹാൻഡ‌്സ‌് കോമ്പ‌് എന്നിവരും ബാറ്റിങ‌്നിരയിൽ ഉൾപ്പെടും. ബാറ്റിങ്ങിന‌് അനുകൂലമാണ‌് അഡ‌്‌ലെയ‌്ഡിലെ പിച്ച‌്. സ്‌പിന്നർമാർക്കും ഗുണംകിട്ടും.

ഇന്ത്യയുടെ 12 അംഗ ടീം: മുരളി വിജയ‌്, ലോകേഷ‌് രാഹുൽ, ചേതേശ്വർ പൂജാര, വിരാട‌് കോഹ‌്‌ലി, അജിൻക്യ രഹാനെ, ഋഷഭ‌് പന്ത‌്, രോഹിത‌് ശർമ, ഹനുമ വിഹാരി, ആർ അശ്വിൻ, മുഹമ്മദ‌് ഷമി, ഇശാന്ത‌് ശർമ, ജസ‌്പ്രീത‌് ബുമ്ര. ഓസീസ‌് ടീം: മാർകസ‌് ഹാരിസ‌്, ആരോൺ ഫിഞ്ച‌്, ഉസ‌്മാൻ ഖവാജ, ഷോൺ മാർഷ‌്, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, ട്രാവിസ‌് ഹെഡ‌്, ടിം പെയ‌്ൻ, മിച്ചെൽ സ‌്റ്റാർക‌്, ജോഷ‌് ഹാസെൽവുഡ‌്, നതാൻ ല്യോൺ, പാറ്റ‌് കമ്മിൻസ‌്.


പ്രധാന വാർത്തകൾ
 Top