22 October Tuesday

ഓസീസ്‌ ജ്വലിച്ചു ; ഇംഗ്ലണ്ട്‌ ചാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

ക്രിസ്‌ വോക്‌സിനെ പുറത്താക്കി ആദ്യ ടെസ്‌റ്റ്‌ ജയം ആഘോഷിക്കുന്ന ഓസീസ്‌ താരങ്ങൾ


എഡ്‌ജ്‌ബാസ്‌റ്റൺ
ലോക ചാമ്പ്യൻമാരുടെ പകിട്ടുമായി പറന്നുയർന്ന ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ മണ്ണിലേക്കു മടക്കി. ഏകദിന ക്രിക്കറ്റ്‌ കിരീടത്തിന്റെ  മധുരം മാറുംമുമ്പ്‌ ആഷസ്‌ തോൽവിയുടെ  കയ്‌പുനീർ കുടിച്ചു ഇംഗ്ലണ്ട്‌. ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ ആദ്യ കളിയിൽ 251 റണ്ണിന്റെ തകർപ്പൻ ജയമാണ്‌ ഓസീസിന്‌. പരമ്പരയിൽ 1–-0ന്‌ മുന്നിൽ.

398 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ചാംദിനം 146ന്‌ കൂടാരം കയറി. ആറ്‌ വിക്കറ്റെടുത്ത സ്‌പിന്നർ നതാൻ ല്യോണും നാല്‌ വിക്കറ്റുമായി പാറ്റ്‌ കമ്മിൻസും ഇംഗ്ലണ്ട്‌ ബാറ്റിങ്‌ നിരയെ നിലംപരിശാക്കി. രണ്ട്‌ ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്‌റ്റീവ്‌ സ്‌മിത്താണ്‌ കളിയിലെ മികച്ച താരം.
സ്‌കോർ: ഓസ്‌ട്രേലിയ 284, 7–-487 ഡിക്ലയേർഡ്‌; ഇംഗ്ലണ്ട്‌ 374, 146.

സ്‌മിത്ത്‌ വിളവെടുത്ത എഡ്‌ജ്‌ബാസ്‌റ്റണിലെ പിച്ചിൽ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്‌മാൻമാർക്ക്‌ ഒന്നും കണ്ടെത്താനായില്ല. ല്യോണിന്റെ കറങ്ങിത്തിരിയുന്ന പന്തുകളിൽ അവർ വിരണ്ടു. കമ്മിൻസിന്റെ വേഗതയ്‌ക്കുമുന്നിൽ താളവും നഷ്ടമായി.

54 പന്തിൽ 37 റണ്ണെടുത്ത ക്രിസ്‌ വോക്‌സ്‌ ആണ്‌ ഇംഗ്ലീഷ്‌ നിരയിലെ ടോപ്‌ സ്‌കോറർ. ക്യാപ്‌റ്റൻ ജോ റൂട്ടും ജാസൺ റോയിയും 28 റൺ വീതമെടുത്തു.
വിക്കറ്റ്‌ നഷ്ടമില്ലാതെ 13 റണ്ണെന്ന നിലയിലാണ്‌ അഞ്ചാംദിനം ഇംഗ്ലണ്ട്‌ കളിയാരംഭിച്ചത്‌. കമ്മിൻസിന്റെ ബൗൺസറിൽ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിരോധം പൊളിഞ്ഞു. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ റോറി ബേൺസിനെ കമ്മിൻസ്‌ ല്യോണിന്റെ കൈകളിലെത്തിച്ചു.
തുടർന്ന്‌ കാര്യങ്ങൾ ല്യോൺ നിയന്ത്രിച്ചു. ഉച്ചഭക്ഷണത്തിന്‌ മുമ്പ്‌ റൂട്ട്‌ ഉൾപ്പെടെ മൂന്നുപേരെ കൂടാരത്തിലേക്ക്‌ തിരിച്ചുവിട്ടു. 4–-85 എന്ന നിലയിൽ തളർച്ചയോടെ ഇംഗ്ലീഷുകാർ ഉച്ചഭക്ഷണത്തിന്‌ കയറി.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ആദ്യ ഓവറിൽ അടുത്ത അടി കിട്ടി. ഒരു റണ്ണെടുത്ത ജോസ്‌ ബട്‌ലറുടെ സ്റ്റമ്പ്‌ കമ്മിൻസ്‌ പിഴുതു. ജോണി ബെയർസ്‌റ്റോയെയും (6) കമ്മിൻസ്‌ മടക്കി. അടുത്ത ഓവറിൽ ബെൻ സ്‌റ്റോക്‌സിനെയും (6) പുറത്താക്കി ല്യോൺ ഓസീസിനെ ജയത്തിലേക്ക്‌ അടുപ്പിച്ചു. വോക്‌സ്‌ ഇതിനിടയിൽ പൊരുതാൻ നോക്കി. പക്ഷേ, ഏറെ നീണ്ടില്ല. കമ്മിൻസ്‌ ആ പ്രതിരോധം അറുത്തു.   2001നുശേഷം ആദ്യമായാണ്‌ എഡ്‌ജ്‌ബാസ്‌റ്റണിൽ ഓസീസ്‌ ജയിക്കുന്നത്‌.  അഞ്ച്‌ മത്സര പരമ്പരയിലെ രണ്ടാം ടെസ്‌റ്റ്‌ 14ന്‌ തുടങ്ങും.


പ്രധാന വാർത്തകൾ
 Top