15 December Sunday

സെമി ഉറപ്പിച്ച് ഇന്ത്യ; ഇന്ന് അവസാന ഒരുക്കം ശ്രീലങ്കക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

മഹേന്ദ്രസിങ്‌ ധോണി പരിശീലനത്തിനിടെ

ലീഡ‌്സ‌്> സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കമാണ‌്. ശ്രീലങ്കയ‌്ക്കെതിരെ. പിഴവുകൾ തിരുത്താനുള്ള അവസാന അവസരം. നിലവിൽ പോയിന്റ‌് പട്ടികയിൽ രണ്ടാമതുള്ള ഇന്ത്യക്ക‌് സെമിയിൽ ഇംഗ്ലണ്ടായിരിക്കും എതിരാളികൾ. ലങ്കയെ തോൽപ്പിക്കുകയും മറ്റൊരു മത്സരത്തിൽ ഓസ‌്ട്രേലിയ ദക്ഷിണാഫ്രിക്കയോട‌് തോൽക്കുകയും ചെയ‌്താലാണ‌് ഇന്ത്യക്ക‌് ഒന്നാംസ്ഥാനം കിട്ടുക. അങ്ങനെയാണെങ്കിൽ ന്യൂസിലൻഡായിരിക്കും സെമിയിലെ എതിരാളികൾ.

ഉശിരോടെ തുടങ്ങിയ ഇന്ത്യക്ക‌് അവസാന ഘട്ടത്തിൽ കാര്യങ്ങൾ ശുഭകരമല്ല. ബാറ്റിങ്‌ നിരയിൽ ഇടർച്ചയുണ്ടായി. സ‌്പിന്നർമാർ പ്രതീക്ഷിച്ചപോലെ തിളങ്ങിയില്ല. ഇംഗ്ലണ്ടിനോട‌് തോറ്റു. അഫ‌്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും വിയർത്തു. സെമിക്ക‌് മുമ്പ‌് എല്ലാം തിരുത്തണം.മധ്യനിര ബാറ്റിങ‌് പ്രകടനമാണ‌് ആശങ്ക. ലോകകപ്പിന‌് മുമ്പ‌് തുടങ്ങിയ ആ തലവേദന ഇതുവരെ പരിഹരിക്കപ്പെട്ടില്ല.

മഹേന്ദ്ര സിങ‌് ധോണിയാണ‌് മധ്യനിരയിൽ ഇന്ത്യയുടെ പ്രധാന ആയുധം. പക്ഷേ ധോണിക്ക‌് പഴയപോലെ അവസാന ഘട്ടത്തിൽ നല്ല പ്രകടനം പുറത്തെടുക്കാനാകുന്നില്ല. അവസാന ഓവറുകളിലെ റണ്ണൊഴുക്കിനെ അത‌് കാര്യമായി ബാധിക്കുന്നു. കേദാർ ജാദവിനെ കഴിഞ്ഞ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. പകരം ദിനേശ‌് കാർത്തിക്കാണ‌് ഇറങ്ങിയത‌്. കിട്ടിയ അവസരം ഉപയോഗിക്കാൻ കാർത്തികിന‌് കഴിഞ്ഞില്ല. ഇന്ന‌് ജാദവ‌് തിരിച്ചെത്താനാണ‌് സാധ്യത.

രവീന്ദ്ര ജഡേജയ‌്ക്ക‌് അവസരം കിട്ടാൻ സാധ്യത കുറവാണ‌്. ജഡേജയ‌്ക്ക‌് മാത്രമാണ‌് ഇതുവരെ അവസരം കിട്ടാത്തത‌്. മുൻ താരങ്ങൾ ഉൾപ്പെടെ ജഡേജയെ കളിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.

വിജയ‌് ശങ്കറിന‌് പകരം ടീമിലെത്തിയ മായങ്ക‌് അഗർവാളിനും അവസരം കിട്ടിയേക്കില്ല. ബാറ്റിങ‌് നിരയിൽ മറ്റ‌് പരീക്ഷണങ്ങൾ നടത്താൻ സാധ്യത കുറവാണ‌്. മുൻനിര ബാറ്റ‌്സ‌്മാൻമാരുടെ പ്രകടനമാണ‌് ഇന്ത്യയെ ഭേദപ്പട്ട സ‌്കോറിലെത്തിക്കുന്നത‌്. റൺവേട്ടക്കാരിൽ രണ്ടാമതുള്ള രോഹിത‌് ശർമയും ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയുമാണ‌് ബാറ്റിങ‌് നിരയിലെ പ്രധാനികൾ. ലോകകപ്പിൽ നാല‌് സെഞ്ചുറി കുറിച്ച രോഹിത‌് റെക്കേ‌ാഡിനരികെയാണ‌്. ഒരു സെഞ്ചുറികൂടി കുറിച്ചാൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മൂന്നക്കം കടക്കുന്ന കളിക്കാരനാകും രോഹിത‌്.

നാലാം നമ്പറിൽ ഋഷഭ‌് പന്ത‌് പ്രതീക്ഷ കാക്കുന്നുണ്ട‌്. ഓപ്പണർ ലോകേഷ‌് രാഹുൽ പൂർണ മികവിലേക്കെത്തിയിട്ടില്ല.ബൗളിങ‌് വിഭാഗത്തിൽ രണ്ട‌് സ‌്പിന്നർമാരെ ഇന്ന‌് ഒന്നിച്ചിറക്കിയേക്കും. സ‌്പിന്നിനെ തുണയ‌്ക്കുന്ന പിച്ചാണ‌്  ലീഡ‌്സിൽ. കുൽദീപ‌് യാദവ‌് തിരിച്ചെത്തിയേക്കും. അങ്ങനെയാണെങ്കിൽ പേസർമാരിലൊരാൾ പുറത്തിരിക്കും. ജസ‌്പ്രീത‌് ബുമ്ര 100 വിക്കറ്റിന‌് അരികെയാണ‌്. ഇനി ഒരെണ്ണം മതി.

മറുവശത്ത‌് ലങ്കയ്‌ക്ക്‌ ഈ ലോകകപ്പ‌് നിരാശയുടേതാണ‌്. വമ്പൻമാരായ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായി എന്നത‌് മാത്രമാണ‌് നേട്ടം. പേസർ ലസിത‌് മലിംഗയുടെ അവസാന മത്സരമായിരിക്കും ഇത‌്. ഈ ലോകകപ്പിൽ ലങ്കയ‌്ക്ക‌ായി നല്ല കളി പുറത്തെടുത്ത‌ത‌് മലിംഗ മാത്രമാണ‌്. ബാറ്റിങ‌് നിരയിൽ മൂന്ന‌് മത്സരം മാത്രം കളിച്ച അവിഷ‌്ക ഫെർണാണ്ടോയും.

ഇന്ത്യ–- രോഹിത‌് ശർമ, ലോകേ‌ഷ‌് രാഹുൽ, വിരാട‌് കോഹ‌്‌ലി, ഋഷഭ‌് പന്ത‌്, മഹേന്ദ്ര സിങ‌് ധോണി, കേദാർ ജാദവ‌്/ ദിനേശ‌് കാർത്തിക‌്, ഹാർദിക‌് പാണ്ഡ്യ, ഭുവനേശ്വർ കുമാർ/ മുഹമ്മദ‌് ഷമി, കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര.

ശ്രീലങ്ക–- ദിമുത‌് കരുണരത‌്നെ, കുശാൽ പെരേര, അവിഷ‌്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ‌്, ഏഞ്ചലോ മാത്യൂസ‌്, ലാഹിരു തിരിമണ്ണെ, ധനഞ‌്ജയ ഡി സിൽവ, ഇസുറു ഉദാന, ലസിത‌് മലിംഗ, കസുൻ രജിത, വാൻഡെർസെ.


പ്രധാന വാർത്തകൾ
 Top