സെവിയ്യ
ആറു വർഷങ്ങൾക്കുശേഷം സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം ഉയർത്താനുള്ള അത്ലറ്റികോ മാഡ്രിഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി. സെവിയ്യയോട് ഒറ്റഗോളിന് തോറ്റു. ജയിച്ചാൽ ഒന്നാമതുള്ള അന്തരം വർധിപ്പിക്കാമായിരുന്നു ദ്യേഗോ സിമിയോണിക്കും കൂട്ടർക്കും. 29 കളിയിൽ 66 പോയിന്റാണ്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 63. മൂന്നാമതുള്ള ബാഴ്സയ്ക്ക് 28ൽ 62. റയൽ വല്ലഡോയിഡിനെ മറികടന്നാൽ ബാഴ്സ രണ്ടാമതെത്തും. ഒന്നാമതുള്ള അത്ലറ്റികോയുമായുള്ള വ്യത്യാസം വെറും ഒറ്റ പോയിന്റായി ചുരുങ്ങും. ലീഗിൽ ഒമ്പത് കളികളാണ് ഇനി ബാക്കി. ബാഴ്സയ്ക്കും റയലിനും അത്ലറ്റികോയ്ക്കും ഒരുപോലെ സാധ്യത നിലനിൽക്കുന്നു.
ലീഗിന്റെ തുടക്കത്തിൽ മുന്നേറിയ അത്ലറ്റികോ പതിയെ പതറുകയാണ്. സെവിയ്യക്കെതിരെ അവരുടെ ഈ സീസണിലെ മൂന്നാം തോൽവിയാണ്. കളിച്ച 29ൽ ഇരുപതിലും ജയിച്ചു. അവസാന അഞ്ച് കളിയിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. സമ്മർദങ്ങൾ അതിജീവിച്ചില്ലെങ്കിൽ കിരീടപ്പോരിൽ പിടിച്ചുനിൽക്കാനാകില്ല. 2014ലാണ് അവർ അവസാനമായി സ്പെയ്നിൽ കിരീടം തൊട്ടത്. പ്രതിരോധക്കാരൻ മാർകോസ് അക്യൂനയുടെ ഗോളിലാണ് സെവിയ്യ ജയം പിടിച്ചത്. നേരത്തേ ലൂക്കാസ് ഒകാംപോസിന്റെ പെനൽറ്റി അത്ലറ്റികോ ഗോൾകീപ്പർ യാൻ ഒബ്ലാക് തടഞ്ഞിരുന്നു.
കളിയവസാനം ഏഞ്ചൽ കൊറിയയുടെ ഷോട്ട് സെവിയ്യൻ ഗോളി യാസിൻ ബൗനോ തടഞ്ഞതോടെ അത്ലറ്റികോയുടെ സമനില പ്രതീക്ഷയും അസ്തമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..