06 February Monday

നാളെ വാഴാൻ താരക്കൂട്ടം ; പിൻഗാമികളെ തേടി ഖത്തർ ലോകകപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ദോഹ
ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും നെയ്‌മറിനുമെല്ലാം പിൻഗാമികളെ തേടുകയാണ്‌ ഖത്തർ ലോകകപ്പ്‌. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, സ്‌പെയ്‌നിന്റെ പെഡ്രി–-ഗാവി സഖ്യം, ജർമനിയുടെ ജമാൽ മുസിയാല, ബ്രസീലിന്റെ വിനീഷ്യസ്‌ ജൂനിയർ ഇങ്ങനെ വമ്പൻ ക്ലബ്ബുകൾക്കായും രാജ്യങ്ങൾക്കായും കളിക്കുന്ന യുവതാരങ്ങൾ ആദ്യമേ ഖത്തറിന്റെ സവിശേഷതയാണ്‌. എന്നാൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ, അവകാശവാദങ്ങൾ ഒന്നുമില്ലാതെ, കുഞ്ഞൻ ക്ലബ്ബുകളിൽ കളിക്കുന്ന ഒരു യുവനിര ലോകകപ്പിൽ ഉദയം ചെയ്‌തിട്ടുണ്ട്‌. നാളെയുടെ താരങ്ങൾ. അവരിൽ പ്രധാനികൾ ഇവരാണ്‌.

 

കോഡി ഗാക്‌പോ (നെതർലൻഡ്‌സ്‌)

23 വയസ്സ്‌, മുന്നേറ്റക്കാരൻ
ക്വാർട്ടറിൽ എത്തിനിൽക്കുന്ന നെതർലൻഡ്‌സിന്റെ വജ്രായുധം. ഗ്രൂപ്പിലെ മൂന്ന്‌ കളിയിലും ഗോളടിച്ചു. സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ. ഡച്ച്‌ ലീഗിൽ പിഎസ്‌വി ഐന്തോവന്റെ താരമാണ്‌. ഈ സീസണിൽ 24 കളിയിൽ 13 ഗോളടിച്ചു. 17 എണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌തു. ഓറഞ്ച്‌ കുപ്പായത്തിലും ഇരുപത്തിമൂന്നുകാരൻ മികവ്‌ തുടർന്നു. മെംഫിസ്‌ ഡിപെയെ മറികടന്ന്‌ പരിശീലകൻ ലൂയിസ്‌ വാൻ ഗാലിന്റെ ഒന്നാംനമ്പർ സ്ട്രൈക്കറായി. മാഞ്ചസ്റ്റർ യുണൈറ്റഡ്‌, ബയേൺ മ്യൂണിക്‌, റയൽ മാഡ്രിഡ്‌ തുടങ്ങിയ ക്ലബ്ബുകൾ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിൽ ഗാക്‌പോയെ സ്വന്തമാക്കാൻ രംഗത്തുണ്ട്‌.

 

യൂനസ്‌ മൂസ (അമേരിക്ക)

20 വയസ്സ്‌, മധ്യനിരക്കാരൻ
പ്രീക്വാർട്ടറിൽ കാലിടറിയെങ്കിലും കൈയടി നേടിയാണ്‌ അമേരിക്ക മടങ്ങിയത്‌. മധ്യനിരയായിരുന്നു ടീമിന്റെ ഊർജം. ഇരുപതുകാരനായ യൂനസ്‌ മൂസയാണ്‌ പ്രധാനി. ബോക്‌സ്‌ ടു ബോക്‌സ്‌ മിഡ്‌ഫീൽഡറാണ്‌. പ്രതിരോധിക്കാനും ആക്രമിക്കാനും സർവസജ്ജൻ. വിങ്ങിലും കളിക്കും. നാല്‌ കളിയിലും മൂസ മിന്നി. ഇംഗ്ലണ്ടിന്റെ ജൂനിയർ താരമായിരുന്നു ഈ ഘാന വംശജൻ. 2020ൽ അമേരിക്കയിലേക്ക്‌ ചുവടുമാറി. നിലവിൽ സ്‌പാനിഷ്‌ ക്ലബ്‌ വലെൻസിയയുടെ താരം. ഇറ്റാലിയൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, എസി മിലാൻ, യുവന്റസ്‌ ടീമുകൾ മൂസയ്‌ക്കായി രംഗത്തുണ്ട്‌.

 

എൺസോ ഫെർണാണ്ടസ്‌ (അർജന്റീന)

21 വയസ്സ്‌, മധ്യനിരക്കാരൻ
മെക്‌സിക്കോയ്‌ക്കെതിരായ ഒറ്റ ഗോളോടെ വിസ്‌മയിപ്പിച്ച താരം. ഈ ലോകകപ്പിന്റെ കണ്ടെത്തലുകളിൽ പ്രധാനിയാണ്‌ അർജന്റീനക്കാരൻ. പ്രായം ഇരുപത്തിയൊന്നാണെങ്കിലും മധ്യനിരയിൽ ആദ്യ 11ൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു എൺസോ. എതിരാളിയുടെ കാലിൽനിന്ന്‌ പന്ത്‌ പിടിച്ചെടുക്കാൻ മിടുക്കൻ. മുന്നേറ്റത്തിലും ഭാഗമാകും. ലയണൽ മെസിക്കുപിന്നിലായി ആക്രമണങ്ങൾക്ക്‌ ജീവൻ നൽകുകയും ചെയ്യുന്നു. മികച്ച ശാരീരികക്ഷമതയും കരുത്താണ്‌. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയ്‌ക്കായാണ്‌ പന്തുതട്ടുന്നത്‌.

 

യോസ്‌കോ ഗ്വാർഡിയോൾ (ക്രൊയേഷ്യ)

20 വയസ്സ്‌, പ്രതിരോധക്കാരൻ
ഗ്രൂപ്പ്‌ ഘട്ടംകണ്ട ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളാണ്‌ യോസ്‌കോ ഗ്വാർഡിയോൾ. പ്രായം ഇരുപതാണെങ്കിലും കളത്തിൽ അതിനേക്കാൾ പക്വത. പന്തിന്മേലുള്ള നിയന്ത്രണമാണ്‌ ആകർഷകം. ഏത്‌ സമ്മർദഘട്ടത്തിലും എതിരാളിക്ക്‌ പന്ത്‌ വിട്ടുകൊടുക്കില്ല. ക്രൊയേഷ്യൻ മുന്നേറ്റങ്ങൾക്ക്‌ തുടക്കമിടുന്നതും പ്രതിരോധ ഹൃദയത്തിലെ ഗ്വാർഡിയോളിൽനിന്ന്‌. മൊറോക്കോയ്‌ക്കെതിരായ ആദ്യകളിയിൽമാത്രം 115 തവണയാണ്‌ പന്ത്‌ തൊട്ടത്‌. തുടർന്നും മികവാവർത്തിച്ചു. ജർമൻ ടീമായ ആർബി ലെയ്‌പ്‌സിഗിലാണ്‌. ചെൽസി, റയൽ മാഡ്രിഡ്‌ എന്നിവർ പിന്നാലെയുണ്ട്‌.

മുഹമ്മദ്‌ കുദുസ്‌ (ഘാന)

22 വയസ്സ്‌, അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ
ഇത്രയും ആക്രമണകാരിയായ മറ്റൊരു താരമില്ല. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഘാന പുറത്തായെങ്കിലും മുഹമ്മദ്‌ കുദുസ്‌ ശ്രദ്ധയാകർഷിച്ചു. ടീമിന്റെ മൂന്ന്‌ കളിയിലും നിർണായക സാന്നിധ്യമായിരുന്നു ഇരുപത്തിരണ്ടുകാരൻ. മധ്യനിരയിലും വശങ്ങളിലും ഒരുപോലെ അപകടകാരി. എതിർ ബോക്‌സിലേക്ക്‌ അതിവേഗം പന്ത്‌ എത്തിക്കും. ഏത്‌ പ്രതിരോധത്തെയും പിളർത്തും. ദക്ഷിണകൊറിയക്കെതിരെ ഇരട്ടഗോളടിച്ചു. ആവശ്യമെങ്കിൽ പ്രതിരോധത്തിൽ വലിയാനും കഴിവുണ്ട്‌. അയാക്‌സ്‌ താരമാണ്‌. ഇംഗ്ലണ്ടിലെയും സ്‌പെയ്‌നിലെയും ക്ലബ്ബുകൾ രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top