13 August Thursday

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന്‌ വീണ്ടും സമനിലക്കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

മുംബൈ >  ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്‌ വീണ്ടും സമനിലക്കുരുക്ക്‌. തുടര്‍ച്ചയായ ആറാം മത്സരത്തിലാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്‌ വിജയം കണ്ടെത്താൻ കഴിയാതെപോയത്‌. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍  മികച്ച പ്രകടനം നടത്താനായെങ്കിലും സമനില നേടാനേ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മുംബൈ പ്രതിരോധനിരയെ നിരന്തരം പരീക്ഷിക്കാൻ കേരളത്തിനായെങ്കിലും ജയിച്ചുകയറാനായില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളാണ് ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ സൃഷ്ടിച്ചത്.

ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവിനും പലതവണ സ്റ്റേഡിയം സാക്ഷിയായി. 41‐-ാം മിനിറ്റില്‍ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുര്‍ബലമായതാണ് കേരളത്തെ തുണച്ചത്.

ഇതിനിടെ 75-ാം മിനിറ്റില്‍ മെസ്സി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 77-ാം മിനിറ്റില്‍ ചെര്‍മിറ്റിയിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ ടി പി രഹനേഷിന്റെ സേവുകൾ കേരളത്തെ പലപ്പോഴും രക്ഷിക്കുകയായിരുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top