24 October Thursday
ധവാൻ 33*

നാലാം ഏകദിനം : മഴ തടഞ്ഞു; കളി ഇന്ന്‌ തുടരും

എ സുൽഫിക്കർUpdated: Thursday Sep 5, 2019

ശിഖർ ധവാൻ റണ്ണൗട്ടിൽ നിന്നും രക്ഷപ്പെടുന്നു ഫോട്ടോ: പി ദിലീപ്‌കുമാർ



തിരുവനന്തപുരം
ഓവർ വെട്ടിക്കുറച്ചിട്ടും മഴ കനിഞ്ഞില്ല. പാതിവഴിയിൽ നിർത്തിയ ഇന്ത്യ എ –- ദക്ഷിണാഫ്രിക്ക എ നാലാം ഏകദിന ക്രിക്കറ്റ്‌ മത്സരം വ്യാഴാഴ്‌ച തുടരും. ആറ്‌ ബൗണ്ടറികൾ ഉൾപ്പെടെ 21 പന്തിൽനിന്ന്‌ 33 റണ്ണുമായി ശിഖർ ധവാൻ തകർത്തുകളിക്കുന്നതിനിടെയാണ്‌ മഴയെത്തിയത്‌. 25 ഓവറിൽ 193 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റണ്ണെടുത്തുനിൽക്കുകയായിരുന്നു അപ്പോൾ.  ആറു റണ്ണുമായി പ്രശാന്ത്‌ ചോപ്രയാണ്‌ ധവാന്‌ കൂട്ട്‌.

വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ മത്സരം പുനരാരംഭിക്കുമ്പോൾ ഇന്ത്യക്ക്‌ വിജയിക്കാൻ 17.2 ഓവറിൽ 137 റൺ കൂടി വേണം. 12 റണ്ണെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ്‌ ഇന്ത്യക്ക്‌ നഷ്‌ടമായത്‌. മഴകാരണം മത്സരം 25 ഓവറാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 137 റണ്ണെടുത്തു.

സ്‌കോർ ദക്ഷിണാഫ്രിക്ക എ 1- – 137 (25 ഓവർ), ഇന്ത്യ എ 1 – 56 (7.4 ഓവർ). - -

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. റീസ ഹെൻഡ്രിക്‌സ്‌ (70 പന്തിൽ 60) ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌.

ദക്ഷിണാഫ്രിക്ക 22 ഓവറിൽ 108 റൺസിൽ നിൽക്കുമ്പോൾ മഴയെത്തി. തുടർന്ന്‌ 25 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹെൻറിച്ച്‌ ക്ലാസന്റെ (12 പന്തിൽ 21) വെടിക്കെട്ടാണ്‌ ദക്ഷിണാഫ്രിക്കയെ 137ൽ എത്തിച്ചത്‌. മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറിൽ 193 റണ്ണായി പുനർനിർണയിക്കുകയായിരുന്നു. ആദ്യ മൂന്നു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേതന്നെ സ്വന്തമാക്കി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും കളിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top