20 January Wednesday

യുഎസ്‌ ഓപ്പൺ : ഫെഡറർ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


ന്യൂയോർക്ക്‌
കിരീടത്തിലേക്കുള്ള വഴിയിൽ റോജർ ഫെഡറർക്ക്‌ വീണ്ടും കാലിടറി. ഇരുപത്തൊന്നാം ഗ്രാൻഡ്‌ സ്ലാം കിരീടത്തിനായി ഫെഡറർ ഇനിയും കാത്തിരിക്കണം. യു എസ്‌ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിലാണ്‌ ഈ മുപ്പത്തെട്ടുകാരൻ വീണത്‌. ‘ബേബി ഫെഡ്‌’ എന്ന്‌ പേരുള്ള ബൾഗേറിയക്കാരൻ ഗ്രിഗർ ദിമിത്രോവ്‌ ആണ്‌ ഫെഡററുടെ വഴിയടച്ചത്‌.

ആവേശകരമായ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ അവസാന നിമിഷം ദിമിത്രോവ്‌ മിന്നി. ആദ്യ സെറ്റ്‌ നേടിയ ശേഷം ഫെഡറർ കളി കൈവിട്ടു  (6–-3, 4–-6, 6–-3, 4–-6, 2–-6). കളിയുടെ അവസാനഘട്ടത്തിൽ പരിക്കും ഫെഡററെ തളർത്തി. പുറംവേദന കാരണം ഇടയ്‌ക്ക്‌ ഈ മുപ്പത്തെട്ടുകാരൻ ചികിത്സ തേടി. ‘‘മത്സരത്തിലുടനീളം എനിക്ക്‌ വേദനയുണ്ടായി. പക്ഷേ, എനിക്ക്‌ കളിക്കാൻ കഴിഞ്ഞിരുന്നു’ മത്സരശേഷം ഫെഡറർ വ്യക്തമാക്കി.

ഇരുപത്തെട്ടുകാരനായ ദിമിത്രോവ്‌ സീഡില്ലാ കളിക്കാരനാണ്‌ യുഎസ്‌ ഓപ്പണിൽ. റാങ്കിങ്‌ പട്ടികയിൽ 78–-ാം സ്ഥാനത്ത്‌. ആദ്യ സെമി പ്രവേശം. റഷ്യയുടെ അഞ്ചാം സീഡ്‌ ഡാനിൽ മെദ്‌വെദെവ്‌ ആണ്‌ സെമിയിലെ എതിരാളി.മൂന്നാം സീഡായ ഫെഡറർ തുടർച്ചയായ രണ്ടാം വർഷമാണ്‌ അമ്പത്‌ റാങ്കിന്‌ മുകളിലുള്ള കളിക്കാരോട്‌ തോറ്റ്‌ മടങ്ങുന്നത്‌. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ ജോൺ മിൽമാനോട്‌ തോറ്റു.

ഫെഡറർ പുറത്തായതോടെ റാഫേൽ നദാലിന്റെ സാധ്യത തെളിഞ്ഞു. 19–-ാം ഗ്രാൻഡ്‌ സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ ക്വാർട്ടറിൽ അർജന്റീനയുടെ ദ്യേഗോ ഷോർട്‌സ്‌മാനുമായി ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top