14 December Saturday

കോപ അമേരിക്ക : മൂന്നാംസ്ഥാനം തേടി അർജന്റീന, ചിലി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

അർജന്റീനയുടെ ലയണൽ മെസിയും ലൗതാരോ മാർട്ടിനസും പരിശീലനത്തിൽ

സാവോ പോളോ> ഇത്തവണയും കോപയിൽ അർജന്റീന-ചിലി പോരാട്ടമുണ്ട‌്. കഴിഞ്ഞ രണ്ട‌് തവണയും അത‌് ഫൈനലിൽ ആയിരുന്നെങ്കിൽ ഇത‌് മൂന്നാം സ‌്ഥാനത്തിനായാണ‌് പോരാട്ടം. ഇന്ന‌് രാത്രി 12.30ന‌് സാവോ പോളോയിലാണ‌് മത്സരം. കഴിഞ്ഞ രണ്ട‌് കോപ ഫൈനലിലും പെനൽറ്റി ഷൂട്ടൗട്ടിലേക്ക‌് മത്സരം നീങ്ങിയപ്പോൾ ജയം ചിലിക്കൊപ്പമായിരുന്നു. ഫൈനലിൽ നാളെ രാവിലെ ആറിന‌് ബ്രസീൽ പെറുവിനെ നേരിടും.

ഇക്കുറി അർജന്റീന സെമിയിൽ ബ്രസീലിനോട‌് തോറ്റു. ചിലിയെ പെറു വീഴ‌്ത്തി. ബ്രസീലിനെതിരെ ഭേദപ്പട്ട പ്രകടനമായിരുന്നു അർജന്റീനയുടേത‌്. മത്സരത്തിൽ അനുകൂലമായി ലഭിക്കേണ്ട പെനൽറ്റികൾ റഫറിയുടെ പിഴവിൽ നഷ‌്ടമായെന്ന‌് ആരോപിച്ച‌് അർജന്റീന ലാറ്റിനമേരിക്കൻ ഫുട‌്ബോൾ അസോസിയേഷന‌് പരാതി നൽകിയിട്ടുണ്ട‌്‌. ഇക്വഡോറുകാരനായ റോഡി സാംബ്രാനോ ഇത്തരത്തിലുള്ള വലിയ മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യനാണോ എന്ന ചോദ്യവുമുയരുന്നുണ്ട‌്. സൂപ്പർതാരം ലയണൽ മെസി അടുത്ത വർഷം അർജന്റീനയിൽ നടക്കുന്ന കോപവരെ ടീമിൽ തുടർന്നേക്കും. സെർജിയോ അഗ്വേറോ, ലൗതാരോ മാർട്ടിനസ‌്, യുവാൻ ഫോയ‌്ത് തുടങ്ങിയവർ കോപയിൽ തിളങ്ങിയത‌് അർജന്റീനയ‌്ക്ക‌് ആശ്വാസം പകരുന്നതാണ‌്.

മറുവശത്ത‌് ചിലി കഴിഞ്ഞ രണ്ട‌് കോപയിൽ അർജന്റീനയെ തകർത്തവരാണ‌്. ഇക്കുറി സെമിയിൽ എതിരില്ലാത്ത മൂന്ന‌് ഗോളിനാണ‌് പെറുവിനോട‌് ചിലി തകർന്നത‌്. മാഞ്ചസ‌്റ്റർ യുണൈറ്റ‌ഡ‌് താരം അലക‌്സിസ‌് സഞ്ചെസ‌് കോപയിൽ മികവുറ്റ പ്രകടനമാണ‌് കാഴ‌്ചവച്ചത‌്. അർട്യൂറോ വിദാൽ, ഗാരി മെദൽ എന്നിവർക്കും ഇത‌് അവസാന കോപയാകും.


പ്രധാന വാർത്തകൾ
 Top