25 August Sunday

ലങ്കയെ പേസർമാർ തുണച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

കാർഡിഫ‌് > അഫ്‌ഗാനിസ്ഥാന്റെ അട്ടിമറി അതിജീവിച്ച്‌ ശ്രീലങ്ക ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി. മഴയിൽ കുതിർന്ന കളിയിൽ 34 റണ്ണിനാണ്‌ ലങ്കയുടെ ജയം. ഇടയ്‌ക്ക്‌ പെയ്‌ത മഴയെ തുടർന്ന്‌ 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലങ്ക 36.5 ഓവറിൽ 201ന്‌ പുറത്തായി. ഡക്‌ വർത്‌ ലൂയിസ്‌ നിയമപ്രകാരം അഫ്‌ഗാന്റെ 187 റണ്ണാക്കി പുനർനിശ്‌ചയിച്ചു. അഫ്‌ഗാൻ 32.4 ഓവറിൽ 152ന്‌ പുറത്തായി.
തുടക്കം മികച്ചതായെങ്കിലും അഫ്‌ഗാൻ ലങ്കൻ പേസർമാർക്ക്‌ മുന്നിൽ തകർന്നു. നാല്‌ വിക്കറ്റെടുത്ത നുവാൻ പ്രദീപാണ്‌ അഫ്‌ഗാന്റെ വിജയപ്രതീക്ഷകളെ തകർത്തത്‌.  ലസിത്‌ മലിംഗ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.

അഫ്‌ഗാൻ നിരയിൽ 43 റണ്ണെടുത്ത നജീബുള്ള സദ്രാൻ മാത്രമേ പൊരുതിയുള്ളൂ. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കയെ. നാലു വിക്കറ്റ‌് വീഴ‌്ത്തിയ ഓഫ‌് സ‌്പിന്നർ മുഹമ്മദ‌് നബിയാണ‌്  വേരറുത്തത‌്. ടോസ‌് നേടിയ അഫ‌്ഗാൻ ശ്രീലങ്കയെ ബാറ്റിങ്ങിന‌് അയക്കുകയായിരുന്നു. പഴയ പ്രതാപത്തിന്റെ നിഴലിലായിരുന്നു ലങ്കൻനിര. ഓപ്പണിങ‌് ജോഡിയായ കുശാൽ പെരേര–- ദിമുത‌് കരുണരത‌്നെ ഒഴിച്ച‌് ആരും തിളങ്ങിയില്ല. ഈ കൂട്ടുകെട്ട‌്  92 റണ്ണെടുത്തു.  കുശാൽ പെരേര 81 പന്തിൽ 78 റണ്ണാണെടുത്തത‌്. നായകൻ ദിമുത‌് കരുണരത‌്നെ 45 പന്തിൽ 30 റണ്ണെടുത്തു. ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. ഇതിൽ മൂന്നു പേർ അക്കൗണ്ട‌് തുറന്നില്ല.

മുഹമ്മദ‌് നബി എ‌റിഞ്ഞ 21–-ാം ഓവറിൽ ലാഹിരു തിരിമണ്ണെയും ജീവൻ മെൻഡിസും ഏയ‌്ഞ്ചലോ മാത്യൂസും പുറത്തായി. അവസാനംവരെ പിടിച്ചുനിന്ന കുശാൽ പെരേര റഷീദിനെ റിവേഴ‌്സ‌് സ്വീപ്പ‌് ചെയ്യാനുള്ള ശ്രമത്തിലാണ‌് പുറത്തായത‌്. കുശാലിന്റെ ഇന്നിങ‌്സിൽ എട്ട‌് ബൗണ്ടറികൾ ഉൾപ്പെട്ടു.


പ്രധാന വാർത്തകൾ
 Top