13 May Thursday

ഐപിഎൽ : കോവിഡ്‌ വിഴുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


മുംബൈ
എല്ലാ സുരക്ഷാ വലയങ്ങളും(ബയോ സെക്യൂർ ബബ്‌ൾ) ഭേദിച്ച്‌ കോവിഡ്‌ കളിക്കാരിലേക്ക്‌ പടർന്നത്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനേയും ഐപിഎൽ ഭരണസമിതിയേയും ഞെട്ടിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ മത്സരങ്ങൾ നിർത്തിവെയ്‌ക്കേണ്ടിവന്നു. കളിക്കാരോട്‌ വീടുകളിലേക്ക്‌ മടങ്ങാനാണ്‌ അറിയിപ്പ്‌. വിദേശ കളിക്കാരുടെ തിരിച്ചുപോക്ക്‌ എങ്ങനെയെന്ന്‌ വ്യക്തമല്ല.

ഏപ്രിൽ ഒമ്പതിന്‌ ടൂർണമെന്റ്‌ തുടങ്ങിയശേഷം ആദ്യമായാണ്‌ കളിക്കാർക്ക്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ടീമുകൾ എല്ലാ ദിവസവും കളിക്കാർക്ക്‌ പരിശോധന നടത്താറുണ്ട്‌. കോവിഡ്‌ പടരുന്ന സാഹചര്യത്തിൽ കളിക്കാർക്ക്‌ കടുത്ത നിയന്ത്രണമുണ്ട്‌. എന്നാൽ, ഇതൊന്നും ഫലിച്ചില്ല.

വിദേശതാരങ്ങളെയും പരിശീലകരെയും നാട്ടിലെത്തിക്കുക എന്നതാണ്‌ ഇനി ബിസിസിഐക്കും ടീമുകൾക്കും മുന്നിലുള്ള വെല്ലുവിളി. ഓസ്‌ട്രേലിയക്കാരുടെ കാര്യത്തിലാണ്‌ വലിയ ആശങ്ക. നിലവിൽ ഇന്ത്യയിൽനിന്ന്‌ ഓസീസിലേക്ക്‌ പോകാൻ വിലക്കാണ്‌. നേരത്തേ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ കളിക്കാരെ എത്തിക്കാൻ ഉചിതമായ നടപടികൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിലേക്ക്‌ പോയി അവിടെനിന്ന്‌ നാട്ടിലേക്ക്‌ മടങ്ങാനാണ്‌ ഓസീസ്‌ താരങ്ങളുടെ ശ്രമം. ബിസിസിഐ ആവശ്യമായ പിന്തുണ നൽകും. ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ്‌ മറ്റു ഭൂരിഭാഗം താരങ്ങൾ.

ഇതുവരെ 29 മത്സരങ്ങളാണ്‌ കഴിഞ്ഞത്‌. എട്ട്‌ കളി പൂർത്തിയാക്കിയ ഡൽഹി ക്യാപിറ്റൽസ്‌ 12 പോയിന്റുമായി മുന്നിലാണ്‌. ഏഴ്‌ കളി പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്ങ്‌സിനും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനും പത്ത്‌ പോയിന്റ്‌.
തിങ്കളാഴ്‌ച കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌–-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌ മത്സരം നീട്ടിവച്ചിരുന്നു. കൊൽക്കത്തയുടെ മലയാളിതാരം സന്ദീപ്‌ വാര്യർക്കും വരുൺ ചക്രവർത്തിക്കും കോവിഡ്‌ വന്നതാണ്‌ ഇതിനുകാരണം. ഇതിനുപിന്നാലെ  സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ വിക്കറ്റ്‌ കീപ്പർ വൃദ്ധിമാൻ സാഹയ്‌ക്കും ഡൽഹി ക്യാപിറ്റൽസ്‌ സ്‌പിന്നർ അമിത്‌ മിശ്രയ്‌ക്കുമാണ്‌ രോഗബാധ ഉണ്ടായത്‌.ടൂർണമെന്റ്‌ ഉപേക്ഷിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. സുരക്ഷയാണ്‌ ഏറ്റവും വലുതെന്ന്‌ ഐപിഎൽ ചെയർമാൻ ബ്രിജേഷ്‌ പട്ടേൽ അറിയിച്ചു.

29 കളികൾ; ഡൽഹി 
മുന്നിൽ
ഐപിഎൽ പാതിവഴിയിൽ നിർത്തുമ്പോൾ പൂർത്തിയായത്‌ 29 കളികൾ. ഏപ്രിൽ ഒമ്പതിന്‌ ആരംഭിച്ച 14–-ാംസീസണിൽ ബാക്കിയുള്ളത്‌ 31 മത്സരങ്ങൾ. എട്ടു മത്സരം പൂർത്തിയാക്കിയ ഡൽഹി ക്യാപിറ്റൽസ്‌ ആറു ജയമടക്കം 12 പോയിന്റോടെ മുന്നിലാണ്‌. ചെന്നൈ സൂപ്പർ കിങ്‌സിനും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനും 10 പോയിന്റാണുള്ളത്‌. ഇരുടീമിനും ഏഴു കളി.

മുംബൈ ഇന്ത്യൻസ്‌ ഏഴു കളിയിൽ എട്ട്‌ പോയിന്റ്‌ നേടി. രാജസ്ഥാൻ റോയൽസിന്‌ ഏഴു കളിയിൽ ആറ്‌ പോയിന്റോടെ അഞ്ചാംസ്ഥാനം. പഞ്ചാബ്‌ കിങ്‌സിന്‌ എട്ടു കളിയിൽ ആറ്‌ പോയിന്റാണുള്ളത്‌. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ ഏഴു കളിയിൽ നാല്‌ പോയിന്റുമാത്രം. അവസാനസ്ഥാനത്തുള്ള സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ഏഴു കളിയിൽ നേടിയത്‌ രണ്ട്‌ പോയിന്റുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top