27 May Wednesday

അണ്ടർ 17 വനിതാ ലോകകപ്പ്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


സൂറിച്ച്‌/ന്യൂഡൽഹി
ഇന്ത്യ വേദിയായ അണ്ടർ 17 വനിതാ ലോകകപ്പ്‌ ഫുട്‌ബോൾ മാറ്റി. നവംബർ രണ്ടുമുതൽ 21 വരെയായിരുന്നു കൗമാരപ്പോര്‌. പുതിയ തീയതി പിന്നീട്‌ അറിയിക്കും. ഫിഫ ഭരണസമിതിയുടേതാണ്‌ തീരുമാനം. കോവിഡ്‌–-19 വ്യാപകമായ സാഹചര്യത്തിലാണ്‌ ഏഴ്‌ മാസങ്ങൾക്കപ്പുറമുള്ള ടൂർണമെന്റ്‌ മാറ്റിവച്ചത്‌. അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്‌.

ഫിഫയുടെ തീരുമാനത്തിന്‌ പിന്തുണ അറിയിച്ച്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) രംഗത്തെത്തി.  ടോക്യോ ഒളിമ്പിക്‌സ്‌, യൂറോ കപ്പ്‌ ഫുട്‌ബോൾ, കോപ അമേരിക്ക ഫുട്‌ബോൾ എന്നിവയ്‌ക്കുശേഷം മാറ്റിവയ്‌ക്കുന്ന പ്രധാന ടൂർണമെന്റുകളാണ്‌ കൗമാര ലോകകപ്പുകൾ. ഫിഫയുടെ ഉപസമിതിയാണ്‌ ലോകകപ്പുകൾ മാറ്റിവയ്‌ക്കാൻ നിർദേശം നൽകിയത്‌. ഭരണസമിതി ഇത്‌ അംഗീകരിച്ചു. മനുഷ്യജീവനാണ്‌ ആദ്യ പരിഗണനയെന്നും രണ്ടാമതാണ്‌ ഫുട്‌ബോളെന്നും ഫിഫ അറിയിച്ചു. നിലവിലെ  ഫുട്‌ബോൾ കലണ്ടറിൽ മാറ്റംവരുത്താനും ഫിഫ ഉദ്ദേശിക്കുന്നുണ്ട്‌. ആഗസ്‌ത്‌–-സെപ്‌തംബർ മാസങ്ങളിലാണ്‌ അണ്ടർ 20 ലോകകപ്പ്‌. പനാമ, കോസ്റ്റാറിക്കാ രാജ്യങ്ങൾ സംയുക്‌തമായാണ്‌ ടൂർണമെന്റ്‌ നടത്തുന്നത്‌.

ഇന്ത്യയടക്കം 16 ടീമുകളാണ്‌ അണ്ടർ 17 ലോകകപ്പിൽ. ആതിഥേയരെന്ന പരിഗണനയിലാണ്‌ ഇന്ത്യ സ്ഥാനം ഉറപ്പിച്ചത്‌. ആകെ 32 മത്സരങ്ങൾ. രാജ്യത്തെ പ്രധാന അഞ്ച്‌ നഗരങ്ങളിലാണ്‌ മത്സരം നിശ്ചയിച്ചത്‌. ഗുവാഹത്തി ഐജിഎഐ സ്‌റ്റേഡിയം, ഭുവനേശ്വർ കലിംഗ സ്‌റ്റേഡിയം, കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയം, അഹമ്മദാബാദ്‌ ട്രാൻസ്‌സ്‌റ്റഡിയ സ്‌റ്റേഡിയം, നവി മുംബൈ ഡിവൈ പട്ടീൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങൾ. മുംബൈയാണ്‌ ഫൈനലിന്‌ വേദിയാകുക.

ഫിഫയുടെ തീരുമാനത്തെ പൂർണമായി പിന്തുണയ്‌ക്കുന്നുവെന്ന്‌ എഐഎഫ്‌എഫും, പ്രാദേശിക സംഘാടകസമിതിയും (എൽഒസി) അറിയിച്ചു. ‘ലോകകപ്പ്‌ മാറ്റാനുള്ള ഫിഫ നിലപാടിനൊപ്പം നിൽക്കുന്നു. ലോകജനതയുടെ നൻമയ്‌ക്കായുള്ള തീരുമാനമാണിത്‌’–എഐഎഫ്‌എഫ്‌ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top