വസ്തു വിറ്റ് മത്സരത്തിനയച്ച അച്ഛന് ഇരട്ടസ്വർണം സമ്മാനിച്ച് അനുപ്രിയ. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിലാണ് കാസർകോട് ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ വി എസ് അനുപ്രിയ സ്വർണം നേടിയത്. ചെങ്കൽ പണിക്കാരനായ അച്ഛൻ കെ ശശിയാണ് അനുപ്രിയയുടെ കരുത്ത്. ദേശീയ മീറ്റിന് ഉൾപ്പെടെ കൊണ്ടുപോകുന്നത് അച്ഛനാണ്. സ്വന്തം സ്ഥലംവിറ്റാണ് ശശി മകളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പണം കണ്ടെത്തിയത്. കായിക താരമായിരുന്ന അമ്മ രജനിയാണ് അനുപ്രിയയെയും ഈ രംഗത്തേക്കുകൊണ്ടുവന്നത്. സഹോദരൻ അഭിഷേക് വെയ്റ്റ് ലിഫ്ട് താരമാണ്.
ഒരു മീറ്റ് റെക്കോഡും അനുപ്രിയ സ്വന്തമാക്കി. ശനിയാഴ്ച ഷോട്ട്പുട്ടിൽ 15.73 മീറ്റർ ദൂരമാണ് എറിഞ്ഞിട്ടത്. 2018ൽ കെസിയ മറിയം ബെന്നി സ്ഥാപിച്ച 12.39 മീറ്ററിന്റെ റെക്കോഡാണ് അനുപ്രിയ പഴങ്കഥയാക്കിയത്. ഞായറാഴ്ച ഡിസ്കസ് ത്രോയിൽ 36.43 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് സ്വർണനേട്ടം. ചെറുവത്തൂർ കെസി ത്രോ അക്കാദമിയിലാണ് പരിശീലനം.
സ്കൂളിലെ കായികാധ്യാപിക പ്രീതയാണ് അനുപ്രിയയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനത്തിന് അയച്ചത്. പഠനത്തിലും മിടുക്കിയാണ്. പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..