06 December Friday

‘മെസിജാലം’

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ആറ്‌ ബാലൻ ഡി ഓർ കിരീടങ്ങൾക്ക്‌ അരികെ ലയണൽ മെസി

പാരിസ്‌
2009 ഡിസംബർ 1.  ലോകവേദിയിലേക്കുള്ള ആദ്യ കാൽവയ്‌പ്പായിരുന്നു മെസിക്ക്‌. കുട്ടിത്തം മാറാത്ത മുഖം. പരിഭ്രമം കലർന്ന ചിരി. ബാലൻ ഡി ഓർ പുരസ്‌കാരം ആ ഇരുപത്തിരണ്ടുകാരൻ അന്ന്‌ ചേർത്തുപിടിച്ചു.

വർഷം പത്ത്‌ കഴിഞ്ഞു. മറ്റൊരു ബാലൻ ഡി ഓർ വേദി. വീണ്ടും മെസി. ലോക ഫുട്‌ബോളിലെ ആ വലിയ പുരസ്‌കാരം കഴിഞ്ഞവർഷത്തെ ജേതാവ്‌ ലൂക്കാ മോഡ്രിച്ചിൽനിന്ന്‌ ആ മുപ്പത്തിരണ്ടുകാരൻ ഏറ്റുവാങ്ങി.

ആറാം ബാലൻ ഡി ഓർ കിരീടം. യുവന്റസിന്റെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെക്കാൾ ഒരെണ്ണം കൂടുതൽ. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയാണ്‌ മെസി പിന്തള്ളിയത്‌. മെസിക്ക്‌ 686 വോട്ട്‌ കിട്ടി. വാൻ ഡിക്കിന്‌ 679. മൂന്നാമതെത്തിയ റൊണാൾഡോയ്‌ക്ക്‌ കിട്ടിയത്‌ 476. ലിവർപൂൾ താരങ്ങളായ സാദിയോ മാനെ (347) മുഹമ്മദ്‌ സലാ (178) എന്നിവർ തൊട്ടുപിന്നിലെത്തി.


 

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കും അർജന്റീനയ്‌ക്കുമായി 54 ഗോളാണ്‌ മെസി നേടിയത്‌. ബാഴ്‌സയെ സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചു. ചാമ്പ്യൻസ്‌ ലീഗ് സെമിയിൽ തോറ്റു. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പിന്റെ ഫൈനലിൽ കീഴടങ്ങി. കോപ അമേരിക്കയിലെ മൂന്നാം സ്ഥാനമാണ്‌ ദേശീയ ടീമിലെ നേട്ടം.

ഈ വർഷത്തെ ഫിഫ താരവും മെസിയാണ്‌. യുവേഫയുടെ മികച്ച മുന്നേറ്റക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഗോളടിക്കാരനുള്ള സുവർണപാദുകവും കിട്ടി. ഗോളടിയിൽ മാത്രമല്ല, അവസരമൊരുക്കന്നതിലും മെസിയായിരുന്നു ഒന്നാമൻ.നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മെസി ബാലൻ ഡി ഓർ നേടുന്നത്‌. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു.

ബാഴ്‌സയ്‌ക്കായി 701 മത്സരങ്ങളിൽ 614 ഗോളാണ്‌ മെസി ഇതുവരെ അടിച്ചുകൂട്ടിയത്‌. ആകെ 34 കിരീടങ്ങളും നേടി. 2009ൽ റൊണാൾഡോയായിരുന്നു മെസിയുടെ എതിരാളി. ബാഴ്‌സയിലെ സഹതാരം സാവി മൂന്നാമത്‌. പെപ്‌ ഗ്വാർഡിയോളയ്‌ക്ക്‌ കീഴിൽ ബാഴ്‌സ കിരീടങ്ങൾ വാരിക്കൂട്ടുന്ന കാലമായിരുന്നു അത്‌. 2010ലും 2011ലും 2012ലും മെസി മായാജാലംകാട്ടി.

2010ൽ ചാമ്പ്യൻസ്‌ ലീഗിലായിരുന്നു ഈ അർജന്റീനക്കാരന്റെ അത്ഭുതം. 2011ൽ 53 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. 2012ൽ അത്‌ 73 ഗോളായി. 2013ലും 14ലും റൊണാൾഡോയ്‌ക്കു പിന്നിൽ രണ്ടാമതായി. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടത്തോടെ 2015ൽ തിരിച്ചെത്തി. ഗോളടിയിൽ കുതിച്ചെങ്കിലും കഴിഞ്ഞ നാല്‌ സീസണുകൾ അത്ര മികച്ചതായിരുന്നില്ല മെസിക്ക്‌. എന്നാൽ  കഴിഞ്ഞ സീസണിൽ മെസി ഉഗ്രഭാവം കാട്ടി.  ചാമ്പ്യൻസ്‌ ലീഗ്‌ കിരീടമായിരുന്നു വാൻ ഡിക്കിന്റെ പ്രധാന നേട്ടം.


പ്രധാന വാർത്തകൾ
 Top