19 February Tuesday

ചരിത്ര ടെസ്‌റ്റ്‌ ഇംഗ്ലണ്ടിന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

ഇന്ത്യക്കെതിരായ ആദ്യടെസ്‌റ്റ്‌ വിജയിച്ച ഇംഗ്ലീഷ്‌ താരങ്ങളുടെ ആഹ്ലാദം

എഡ്ജ്ബാസ്റ്റൺ  > ചരിത്ര ടെസ്റ്റിൽ തോൽവി ഇംഗ്ലീഷുകാർക്ക് സമ്മതമായിരുന്നില്ല. അഞ്ചുനാൾ ക്രിക്കറ്റിലെ രാജ്യത്തിന്റെ ആയിരാമത്തെ മത്സരം അവർ സ്വന്തംപേരിൽ കുറിച്ചു. ഒട്ടും കരുണയില്ലാത്ത എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ കൈവിടുമെന്നു തോന്നിച്ച ജയം ഇംഗ്ലണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. ജയമെന്ന ഒറ്റ ലക്ഷ്യത്തിലേക്കു പന്തെറിഞ്ഞ ഇംഗ്ലീഷ് പേസ്പടയ്ക്കുമുമ്പിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്സ് 162ൽ അവസാനിച്ചു. പരമ്പരയിലെ ആദ്യടെസ്റ്റിൽ ആതിഥേയർക്ക് 31റൺ തോൽവി.

അർധശതകവുമായി നായകൻ വിരാട് കോഹ്ലി പൊരുതിയെങ്കിലും കൂട്ടുകാർ വീണ്ടും കൈവിട്ടു. കൊടുങ്കാറ്റുപോലെ വീശിയടിച്ച ബെൻ സ്റ്റോക്സാണ് ആതിഥേയരുടെ വിജയമോഹം കടപുഴക്കിയത്. സ്റ്റോക്സ് നാലുവിക്കറ്റ് വീഴ്ത്തി. ആൻഡേഴ്സണും ആദിൽ റഷീദും പിന്തുണ നൽകി. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി(1‐0). ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഇരുപതുകാരൻ സാം കറനാണ് കളിയിലെ കേമൻ. സ്കോർ: ഇംഗ്ലണ്ട് 287, 180. ഇന്ത്യ 274, 162.

വിജയപ്രതീക്ഷയുമായി അഞ്ചിന് 110 എന്നനിലയിൽ നാലാംദിനം കളിയാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. രണ്ടു റൺ ചേർത്തയുടൻ ദിനേഷ് കാർത്തിക് പുറത്തായി. ആൻഡേഴ്സന്റെ പന്തിൽ മലാന് ക്യാച്ച്. 20 റണ്ണായിരുന്നു കാർത്തികിന്റെ സംഭാവന. അവസാന അംഗീകൃത കുട്ടുകെട്ട് പൊളിഞ്ഞതോടെ ഇംഗ്ലണ്ട് വിജയം മണത്തു. അടുത്തത് സ്റ്റോക്സിന്റെ ഊഴമായിരുന്നു. സ്റ്റോക്സിന്റെ മിന്നുംപ്രകടനം കളിയുടെ ഗതിമാറ്റി. നാലാം നാളിലെ തന്റെ ആദ്യഓവറിൽ നന്നായി കളിച്ചുവന്ന കോഹ്ലി(51)യെ സ്റ്റോക്സ് വിക്കറ്റിനുമുന്നിൽ കുടുക്കി. കാണികൾ വിജയാഹ്ലാദം തുടങ്ങി.

ഇംഗ്ലീഷുകാർ പിടിമുറുക്കി. അതേ ഓവറിന്റെ അവസാനപന്തിൽ മുഹമ്മദ് ഷമിയും മടങ്ങി. പന്തിന്റെ സ്വിങ്ങ് തിരിച്ചറിയാതിരുന്ന ഷമി ബെയർസ്റ്റോയുടെ കൈയിലൊതുങ്ങി. ഹാർദിക് പാണ്ഡ്യ ഇശാന്ത് ശർമയുമായി ചേർന്ന് സ്കോർ ജയത്തിലേക്കെത്താൻ ശ്രമിച്ചു. ഈ ഘട്ടത്തിൽ സ്പിന്നർ ആദിൽ റഷീദിനെ പന്തേൽപ്പിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ പദ്ധതി വിജയം കണ്ടു. ഇശാന്തിനെ റഷീദ് വിക്കറ്റിനുമുമ്പിൽ കുടുക്കി. പിന്നാലെ 31 റണ്ണുമായിനിന്ന പാണ്ഡ്യയെ പുറത്താക്കി സ്റ്റോക്സ് ചരിത്രടെസ്റ്റ്ഇംഗ്ലണ്ടിന്റെ പേരിൽ കുറിച്ചു.

ഏഴുവിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും ആറുവിക്കറ്റ് നേടിയ ഇശാന്തും ഇന്ത്യക്കായി മികച്ചപ്രകടനം നടത്തി. 200 റണ്ണാണ് രണ്ടിന്നിങ്സിലുമായി കോഹ്ലി അടിച്ചുകൂട്ടിയത്. 45.87 ശതമാനമാണ് മത്സരത്തിൽ നായകന്റെ ശരാശരി. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ടെസ്റ്റിലെ എക്കാലത്തെയും മികച്ചപ്രകടനം.
ആദ്യഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയ കറന്റെ മികച്ച ഇന്നിങ്സാണ് ബാറ്റിങ് തകർച്ചയിൽനിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. അരസെഞ്ചുറി നേടിയ കറനാണ് രണ്ടാം ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. വ്യാഴാഴ്ച ലോഡ്സിലാണ് രണ്ടാംടെസ്റ്റ്.
 

പ്രധാന വാർത്തകൾ
 Top