09 August Sunday

ചാമ്പ്യൻമാരെ സിറ്റി തകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടനേട്ടത്തിന്റെ ആഘോഷവുമായെത്തിയ ലിവർപൂളിനെ മാഞ്ചസ്‌റ്റർ സിറ്റി തകർത്തുവിട്ടു. ചാമ്പ്യൻമാർക്ക്‌ കളത്തിൽ ആദരവ്‌ അർപ്പിച്ചശേഷമായിരുന്നു സിറ്റിയുടെ ഗോളടിമേളം. നാല്‌ ഗോളിന്‌ സിറ്റി ജയിച്ചു.കഴിഞ്ഞ മത്സരത്തിൽ സിറ്റി ചെൽസിയോട്‌ തോറ്റതോടെ ലിവർപൂൾ കിരീടം ഉറപ്പിക്കുകയായിരുന്നു. 30 വർഷത്തിനുശേഷമാണ്‌ ലിവർപൂളിന്‌ ലീഗിൽ കിരീടം കിട്ടുന്നത്‌. ഒരു കളിമാത്രമായിരുന്നു തോറ്റത്‌. ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ വമ്പൻ നിരയെയാണ്‌ യുർഗൻ ക്ലോപ്പ്‌ അണിനിരത്തിയത്‌. എന്നാൽ, കിരീടനേട്ടത്തിന്റെ ആലസ്യത്തിലായ ലിവർപൂളിനെ സിറ്റി നിലയുറപ്പിക്കാൻ സമ്മതിച്ചില്ല.

കെവിൻ ഡി ബ്രയ്‌ൻ, ഫിൽ ഫോദെൻ, റഹീം സ്‌റ്റെർലിങ്‌ എന്നിവർ ആദ്യപകുതിയിൽത്തന്നെ സിറ്റിയുടെ ജയം ഉറപ്പാക്കി. 20 മിനിറ്റിനുള്ളിലായിരുന്നു മൂന്ന്‌ ഗോളും. രണ്ടാം പകുതിയിൽ ലിവർപൂളിന്റെ അലെക്‌സ്‌ ഒക്‌ലെയ്‌ഡ്‌ ചെംബെർലെയ്‌നിന്റെ പിഴവുഗോൾ സിറ്റിയുടെ ലീഡുയർത്തി. മുപ്പത്തിരണ്ടു കളിയിൽ 86 പോയിന്റാണ്‌ ലിവർപൂളിന്‌. രണ്ടാമതുള്ള സിറ്റിക്ക്‌ 66ഉം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top