28 January Tuesday

മെസിയില്ല; കോപയിൽ ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

അർജന്റീനയെ തോൽപ്പിച്ച കോപ ഫൈനലിൽ കടന്ന ബ്രസീൽ കളിക്കാരുടെ ആഘോഷം


ബെലൊ ഹൊറിസോന്റെ
ലയണൽ മെസി ഇനിയും കാത്തിരിക്കണം. ദേശീയ കുപ്പായത്തിൽ സുവർണമുദ്ര ചാർത്താനുള്ള ഒരവസരം കൂടി മെസിക്ക‌് നഷ്ടമായി. ബെലൊ ഹൊറിസോന്റെയിൽ ബ്രസീൽ നേടി. മെസിയുടെ അർജന്റീനയെ കീഴടക്കിയത‌് രണ്ട‌ു ഗോളിന‌്.

കോപ അമേരിക്ക ഫുട‌്ബോളിൽ 2007നുശേഷം ബ്രസീലിന്റെ ആദ്യ ഫൈനലാണിത‌്. ചിലി–-പെറു മത്സരത്തിലെ ജേതാക്കളുമായാണ‌് കിരീടപ്പോര‌്. ഇന്നാണ‌് രണ്ടാം സെമി. രാവിലെ ആറിന‌്. ഞായറാഴ‌്ചയാണ‌് ഫൈനൽ. മൂന്നാം സ്ഥാനക്കാർക്കായുള്ള കളി ശനിയാഴ‌്ചയും.ഗബ്രിയേൽ ജെസ്യൂസും റോബർട്ടോ ഫിർമിനോയും സെമിയിൽ ബ്രസീലിനായി ലക്ഷ്യം കണ്ടു. നിറഞ്ഞുകളിച്ച ക്യാപ‌്റ്റൻ ഡാനി ആൽവേസായിരുന്നു ബ്രസീലിന്റെ ഊർജം.

ലാറ്റിനമേരിക്കൻ വമ്പന്മാരുടെ പോരിൽ മെസിയായിരുന്നു ശ്രദ്ധാകേന്ദ്രം. ആദ്യ നാല‌ു കളിയിലും മങ്ങിയ മെസി ബ്രസീലിനെതിരെ ഒഴുക്കോടെ പന്ത‌് തട്ടാൻ തുടങ്ങിയപ്പോൾ അർജന്റീന പ്രതീക്ഷയിലായി. ആദ്യ മത്സരങ്ങളിലെ പതർച്ചയുണ്ടായിരുന്നില്ല അർജന്റീനയ‌്ക്ക‌്. മുന്നേറ്റത്തിൽ മെസിക്കൊപ്പം സെർജിയോ അഗ്വേറോയും യുവതാരം ലൗതാരോ മാർട്ടിനെസയും അധ്വാനിച്ചുകളിച്ചു. തുടക്കത്തിൽ ഫൗളുകൾ നിറഞ്ഞു. ജെസ്യൂസിനെ അർജന്റീന പ്രതിരോധം കൈകാര്യം ചെയ‌്തപ്പോൾ മറുവശത്ത‌് മെസിയുടെ നീക്കങ്ങൾക്ക‌് കാസെമിറോ തടയിട്ടു.

ആദ്യ അവസരം അർജന്റീനയ‌്ക്ക‌്. ലിയാൻഡ്രോ പരദേസിന്റെ ലോങ‌് റേഞ്ച‌് ഷോട്ട‌് ക്രോസ‌് ബാറിന‌് തൊട്ടുരുമ്മി പറന്നു. ബ്രസീൽ ആശ്വസിച്ചു. പിന്നെ ഇരുവശത്തും അപകടകരമായ നീക്കങ്ങൾ കുറഞ്ഞു.  അരമണിക്കൂർ തികയുംമുമ്പ‌് ബ്രസീൽ മുന്നിലെത്തി.

വലതുപാർശ്വത്തിലൂടെ ആൽവേസിന്റെ കുതിപ്പ‌്. അർജന്റീന പ്രതിരോധത്തിലെ മൂന്നുപേരെ വെട്ടിയൊഴിഞ്ഞ‌് ആൽവേസിന്റെ മനോഹരമായ നീക്കം. ആൽവേസിനെ തടയാൻ പ്രതിരോധക്കാർ ഓടിയെത്തിയപ്പോൾ വലതുമൂലയിൽ ഫിർമിനോ സ്വതന്ത്രനായി. പന്ത‌് ഫിർമിനോയിലേക്ക‌്. ഗോൾമുഖത്ത‌് കാത്തുനിൽക്കുന്ന ജെസ്യൂസിനെ ഫിർമിനോ കണ്ടു. ഒരു കുറിയ ക്രോസ‌്. ജെസ്യൂസ‌് കൃത്യമായി വലയിലേക്ക‌് തൊടുത്തു. അർജന്റീന ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിക്ക‌് ആ നീക്കത്തിന‌ു മുന്നിൽ ഒന്നും ചെയ്യാനുണ്ടായില്ല. ഒരു ഗോൾ ലീഡിന്റെ ആനുകൂല്യം മുതലാക്കാൻ ബ്രസീലിനെ അർജന്റീന അനുവദിച്ചില്ല. നല്ല നീക്കങ്ങളുണ്ടായി. ഇടയ‌്ക്ക‌് ഫൗളുകൾ കളിഗതിയെ ബാധിച്ചു.

മെസിയുടെ നല്ല നിമിഷങ്ങൾ കളത്തിൽ കണ്ടു. ആദ്യത്തേത‌് ഉശിരൻ ഫ്രീകിക്ക‌്. കൃത്യം ബ്രസീൽ ഗോൾമുഖത്താണ‌് വീണത‌്. അഗ്വേറോയുടെ തലയ‌്ക്ക‌് പാകത്തിന‌്. അഗ്വേറോ തലവയ‌്ക്കുകയും ചെയ‌്തു. പക്ഷേ, പന്ത‌് ബാറിൽത്തട്ടി വീണു. ബ്രസീൽ ഗോൾ കീപ്പർ അലിസൺ പന്ത‌് കൈയിലൊതുക്കി.

ഇടവേളയ‌്ക്കുശേഷം ഫിലിപ‌് കുടീന്യോയ‌്ക്ക‌് ബ്രസീലിന്റെ ഗോളെണ്ണം കൂട്ടാൻ അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. വലതുപാർശ്വത്തിലായിരുന്നു ബ്രസീലിന്റെ നീക്കങ്ങൾ മുഴുവൻ. ആൽവേസ‌് കൃത്യമായി പന്തൊഴുക്കി. മുന്നേറ്റം കണ്ണിചേർന്നു. ജെസ്യൂസും ഫിർമിനോയും ജാഗ്രതയോടെ നിന്നു. തിയാഗോ സിൽവയുടെ നേതൃത്വത്തിലുള്ള ബ്രസീൽ പ്രതിരോധം നല്ല പ്രകടനമാണ‌് പുറത്തെടുത്തത‌്.

രണ്ടാംപകുതിയിൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന വേഗത്തിൽ പന്തുതട്ടി. സമനില ഗോളിനായി അവർ ആഞ്ഞുശ്രമിച്ചു. മെസി ഗോളിന‌് അടുത്തെത്തി. മെസിയുടെ മിന്നുന്ന ഷോട്ട‌് ക്രോസ‌് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ 20 വാര അകലെവച്ചുള്ള മെസിയുടെ കരുത്തുറ്റ ഫ്രീകിക്ക‌് അലിസൺ തകർപ്പൻ ചാട്ടത്തിലൂടെ പിടിച്ചെടുത്തു.  അർജന്റീന ആധിപത്യം തുടരുന്നതിനിടെയാണ‌് ബ്രസീലിന്റെ പ്രത്യാക്രമണം. ജെസ്യൂസ‌് പന്തുമായി അതിവേഗം കുതിച്ചപ്പോൾ അർജന്റീന പ്രതിരോധം ചിതറി. ജെസ്യൂസ‌് ഇടതുമൂലയിൽനിന്ന‌് പന്ത‌് തട്ടി. ഒഴിഞ്ഞുനിൽക്കുകയായിരുന്ന ഫിർമിനോ എളുപ്പത്തിൽ അത‌് പിടിച്ചെടുത്തു. അർമാനിക്ക‌് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. തിരിച്ചടിക്കാനുള്ള അർജന്റീനയുടെ മോഹം അവിടെ മരവിച്ചു. ഒരിക്കൽക്കൂടി മെസി തലതാഴ‌്ത്തി മടങ്ങി.

 

റഫറിക്കെതിരെ മെസിയും അഗ്വേറോയും
ബെലൊ ഹൊറിസോന്റെ
കോപ അമേരിക്കയിൽ ബ്രസീലിനെതിരായ മത്സരത്തിലെ തോൽവിക്കുശേഷം റഫറിക്കെതിരെ വിമർശവുമായി അർജന്റീന ക്യാപ‌്റ്റൻ ലയണൽ മെസിയും സെർജിയോ അഗ്വേറോയും. അർജന്റീനയ‌്ക്ക‌് അനുകൂലമായി ലഭിക്കേണ്ട പെനൽറ്റികൾ റഫറി "വാർ' ഉപയോഗിക്കാത്തത‌ുമൂലം നഷ‌്ടമായെന്ന‌് ഇവർ പറഞ്ഞു.
രണ്ടാം പകുതിയിൽ ബോക‌്സിനകത്ത‌ുവച്ച‌് ബ്രസീൽ താരം ആർതർ ഓട്ടമെൻഡിയെയും ഡാനി ആൽവേസ‌് സെർജിയോ അഗ്വേറോയെയും ഫൗൾ ചെയ‌്തതിന‌് റഫറി ഫൗൾ അനുവദിച്ചില്ല. പിന്നാലെയാണ‌് പ്രത്യാക്രമണത്തിലൂടെ ബ്രസീലിനായി റോബർട്ടോ ഫിർമിനോ ഗോൾ നേടിയത‌്. പക്ഷപാതപരമായി നീങ്ങിയ റഫറിക്കെതിരെ ലാറ്റിനമേരിക്കൻ ഫുട‌്ബോൾ അസോസിയേഷൻ നടപടിയെടുക്കണമെന്ന‌് മെസി ആവശ്യപ്പെട്ടു. ‘സത്യത്തിൽ ഞങ്ങൾ ദേഷ്യത്തിലാണ‌്. നന്നായി കളിച്ചിരിന്നു. ഇത്തരമൊരു അവസാനമല്ല പ്രതീക്ഷിച്ചത‌്’. അർജന്റീനയെ റഫറി ബഹുമാനിച്ചില്ലെന്നും മെസി പറഞ്ഞു. ‘വാർ’ അഞ്ചാം റഫറിയാകുമെന്നാണ‌് മുമ്പ‌് പറഞ്ഞത‌്. എന്നാൽ, മത്സരത്തിൽ ‘വാർ’ ഉണ്ടായിരുന്നില്ലെന്നാണ‌് തോന്നുന്നതെന്ന‌് സെർജിയോ അഗ്വേറോ പറഞ്ഞു.

നീളുന്ന കാത്തിരിപ്പ‌്
ബെലൊ ഹൊറിസോന്റെ
ലയണൽ മെസി നിരാശനാണ‌്. മറ്റൊരു രാജ്യാന്തര ടൂർണമെന്റിൽനിന്ന‌ുകൂടി വെറുംകൈയോടെ മടങ്ങുന്നു. തൽക്കാലം രാജ്യാന്തര ഫുട‌്ബോളിൽനിന്ന‌് വിരമിക്കില്ലെന്നാണ‌് ഈ മുപ്പത്തിരണ്ടുകാരൻ നൽകുന്ന സൂചന. അടുത്ത വർഷത്തെ കോപ കളിക്കും. അർജന്റീനയും കൊളംബിയയും സംയുക്തമായാണ‌് കോപയ‌്ക്ക‌് ആതിഥേയത്വം വഹിക്കുന്നത‌്. 2022 ലോകകപ്പ‌് ആകുമ്പോഴേക്കും മെസിക്ക‌് 35 വയസ്സാകും. കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.

പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ട‌് മെസിക്ക‌്. ‘ഈ ടീമിനെ ആരും വിമർശിക്കുമെന്ന‌ു കരുതുന്നില്ല. ഭാവിയിലേക്കുള്ള സംഘമാണിത‌്’–-ബ്രസീലുമായുള്ള മത്സരശേഷം മെസി പറഞ്ഞു.

2016 കോപ അമേരിക്ക ഫൈനൽ തോറ്റശേഷം മെസി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2018 ലോകകപ്പിൽ തിരിച്ചെത്തി. 2008ൽ ഒളിമ്പിക‌്സ‌് സ്വർണ മെഡൽ മാത്രമാണ‌് രാജ്യാന്തര തലത്തിൽ മെസിയുടെ ഏക നേട്ടം. മൂന്ന‌് ഫൈനലുകളിൽ തോറ്റു. ബാഴ‌്സലോണയിൽ 19 കിരീടങ്ങളാണ‌് ഈ മുന്നേറ്റക്കാരന‌്.
മെസിയുടെ പ്രധാന ടൂർണമെന്റുകൾ

2014 ലോകകപ്പ‌്
ഫൈനലിൽ ജർമനിയോട‌് അധിക സമയക്കളിയിൽ തോറ്റു. 0–-1. മെസിക്ക‌് തിളങ്ങാനായില്ല.

2015 കോപ അമേരിക്ക
ഫൈനലിൽ ചിലിയോട‌് ഷൂട്ടൗട്ടിൽ 1–-4ന‌് തോറ്റു. ഷൂട്ടൗട്ടിൽ മെസി ലക്ഷ്യം കണ്ടു. പക്ഷേ, സഹതാരങ്ങൾക്ക‌് പിഴച്ചു. നിശ‌്ചിത സമയത്ത‌് മെസി മങ്ങി.

2016 കോപ അമേരിക്ക
മെസിയുടെ ഏറ്റവും മികച്ച കോപ ടൂർണമെന്റായിരുന്നു ഇത‌്. അഞ്ച‌് ഗോളടിച്ചു. ഫൈനലിൽ വീണ്ടും ചിലി. ഫൈനലിൽ പക്ഷേ, മെസി നിറംകെട്ടു. ഷൂട്ടൗട്ടിൽ ആദ്യ കിക്ക‌് പുറത്തേക്കടിച്ചുകളഞ്ഞു. 2–-4ന‌് തോറ്റു. ഈ നിരാശയിലായിരുന്നു വിരമിക്കൽ പ്രഖ്യാപനം. പിന്നീട‌് തീരുമാനം മാറ്റി.

2018 ലോകകപ്പ‌്
യോഗ്യതാ റൗണ്ടിൽ കഷ്ടിച്ച‌് കയറിയ അർജന്റീനയ‌്ക്ക‌് ലോകകപ്പിൽ അധികദൂരം മുന്നേറാനായില്ല. ക്വാർട്ടറിൽ ഫ്രാൻസിനോട‌് 3–-4ന‌് തോറ്റു. മെസി ഈ ലോകകപ്പിൽ നേടിയത‌് ഒരു ഗോൾ മാത്രം.

2019 കോപ അമേരിക്ക
സെമിയിൽ ബ്രസീലിനോട‌് 0–-2ന‌് തോറ്റു. ടൂർണമെന്റിൽ മെസി നേടിയത‌് ഒരു ഗോൾ മാത്രം.


പ്രധാന വാർത്തകൾ
 Top