17 October Thursday

ത്രസിപ്പിച്ചു പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്ട്‌ലറുടെ വിക്കറ്റ്‌ നേടിയ മുഹമ്മദ്‌ അമീറിനെ അഭിനന്ദിക്കുന്ന പാകിസ്ഥാൻ കളിക്കാർ

നോട്ടിങ‌്ഹാം
പാകിസ്ഥാൻ വീണ്ടും ഞെട്ടിച്ചു. ആദ്യ കളിയിൽ വെസ‌്റ്റിൻഡീസിനോട‌് നിലംപരിശായ പാക‌് പട കരുത്തരായ ഇംഗ്ലണ്ടിനെ വീഴ‌്ത്തി ഗംഭീര തിരിച്ചുവരവ‌് നടത്തി. 14 റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം.

ആദ്യം ബാറ്റ‌് ചെയ‌്ത പാകിസ്ഥാൻ എട്ട‌് വിക്കറ്റ‌് നഷ്ടത്തിൽ 348 റണ്ണാണെടുത്തത‌്. മറുപടിക്കെത്തിയ ഇംഗ്ലണ്ടിനെ അവസാന ഓവറുകളിൽ പാക‌് പേസർമാർ എറിഞ്ഞൊതുക്കി. 334ന‌് ഇംഗ്ലണ്ട‌് പുറത്തായി. പേസർമാരായ മുഹമ്മദ‌് അമീറും വഹാബ‌് റിയാസുമാണ‌് ഒരു ഘട്ടത്തിൽ കൈവിട്ടുപോയ ജയത്തെ പാകിസ്ഥാനുവേണ്ടി തിരികെപ്പിടിച്ചത‌്. റിയാസ‌് മൂന്നും അമീർ രണ്ടും വിക്കറ്റ‌് വീഴ‌്ത്തി.

ഇംഗ്ലണ്ട‌് നിരയിൽ സെഞ്ചുറികളുമായി ജോ റൂട്ടും (104 പന്തിൽ 107) ജോസ‌് ബട‌്‌ലറും (76 പന്തിൽ 103) മിന്നിയെങ്കിലും പാക‌് ശൗര്യത്തെ കീഴടക്കാനായില്ല. 62 പന്തിൽ 84 റണ്ണും ഒരു വിക്കറ്റും വീഴ‌്ത്തിയ മുഹമ്മദ‌് ഹഫീസാണ‌് പാകിസ്ഥാന്റെ വിജയശിൽപ്പി.ആദ്യ കളിയിൽ ഇതേവേദിയിൽ വെസ‌്റ്റിൻഡീസിനോട‌് തകർന്നടിഞ്ഞ പാക‌് ബാറ്റിങ‌് നിര അവിശ്വസനീയമാംവിധം തിരിച്ചുവരികയായിരുന്നു. ഇമാം ഉൾ ഹഖും ഫഖർ സമാനും ഇംഗ്ലണ്ട‌് പേസ‌് നിരയെ സധൈര്യം നേരിട്ടു. അതിവേഗ പേസർ ജോഫ്ര ആർച്ചെറയും ക്രിസ‌് വോക‌്സിനെയും ഇരുവരും കടന്നാക്രമിച്ചു. ഒന്നാം വിക്കറ്റിൽ 82 റണ്ണാണ‌് പിറന്നത‌്. സ‌്പിന്നർ മൊയീൻ അലിയാണ‌് കൂട്ടുകെട്ടിനെ തകർത്ത‌്. സമാനെയും (40 പന്തിൽ 36) ഇമാമിനെയും (58 പന്തിൽ 44) അലി മടക്കി.

ബാബർ അസമും ഹഫീസും ചേർന്ന‌് റൺനിരക്ക‌് താഴാതെ പാകിസ്ഥാനെ മുന്നോട്ടുനയിച്ചു. ഫഹീസിനെ തുടക്കത്തിൽ ജാസൺ റോയ‌് വിട്ടുകളഞ്ഞത‌് ഇംഗ്ലണ്ട‌ിന‌് ക്ഷീണമുണ്ടാക്കി. ഹഫീസ‌് ആക്രമിച്ചുകളിച്ചു. രണ്ട‌് സിക‌്സറും എട്ട‌് ബൗണ്ടറികളുമായിരുന്നു ഹഫീസിന്റെ ഇന്നിങ‌്സിൽ. ബാബർ 66 പന്തിൽ 63 റണ്ണെടുത്തു. അവസാന ഓവറുകളിൽ ക്യാപ‌്റ്റൻ സർഫ്രാസ‌് അഹമ്മദ‌ും (44 പന്തിൽ 55) റൺനിരക്കുയർത്തി.ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത പേസർ ആർച്ചെർക്ക‌് പാക‌ിസ്ഥാനോട‌് തിളങ്ങാനായില്ല. 10 ഓവറിൽ 79 റൺ വിട്ടുകൊടുത്ത ആർച്ചെർക്ക‌് വിക്കറ്റൊന്നും കിട്ടിയില്ല. അലിയും വോക‌്സും മൂന്ന‌് വീതം വിക്കറ്റെടുത്തു.

മറുപടിക്കെത്തിയ ഇംഗ്ലണ്ടിന‌് പ്രതീക്ഷിച്ച തുടക്കം കിട്ടിയില്ല. ജാസൺ റോയിയും (7 പന്തിൽ 8) ജോണി ബെയർസ‌്റ്റോയും (31 പന്തിൽ 32) പെട്ടെന്ന‌് മടങ്ങി. ക്യാപ‌്റ്റൻ ഇയോവിൻ മോർഗനും (18 പന്തിൽ 9) ബെൻ സ‌്റ്റോക‌്സും (18 പന്തിൽ 13) പൊരുതാതെ കീഴടങ്ങിയതോടെ പാകിസ്ഥാൻ പ്രതീക്ഷയിലായി. എന്നാൽ ഒരറ്റത്ത‌് റൂട്ട‌് പിടിച്ചുനിന്നു. കൂട്ടിന‌് ബട‌്‌ലറും എത്തിയതോടെ ഇംഗ്ലണ്ട‌് ഉണർന്നു.

38–-ാം ഓവറിൽ റൂട്ടിനെ ഹഫീസിന്റെ കൈകളിലെത്തിച്ച‌് ഷദാബ‌് ഖാൻ പാകിസ്ഥാനെ വീണ്ടും കളിയിലേക്ക‌് കൊണ്ടുവന്നു. റൂട്ട‌് പുറത്തായതിന‌് പിന്നാലെ ബട‌്‌ലർ സെഞ്ചുറി പൂർത്തിയാക്കി. മുഹമ്മദ‌് അമീറിനെ ബൗണ്ടറി പായിച്ചായിരുന്നു ബ‌ട‌്‌ലർ മൂന്നക്കം കണ്ടത‌്. എന്നാൽ അടുത്ത പന്തിൽ അമീർ ഇംഗ്ലീഷ‌് വിക്കറ്റ‌് കീപ്പറെ വീഴ‌്ത്തി. കട്ട‌് ചെയ്യാൻ ശ്രമിച്ച ബട‌്‌ലർ വഹാബ‌് റിയാസിന്റെ കൈകളിൽ കുരുങ്ങി.

റൺനിരക്ക‌് ഉയർന്നതോടെ ഇംഗ്ലണ്ട‌് പതറാൻ തുടങ്ങി. 47–-ാം ഓവറിൽ അലിയെയും (20 പന്തിൽ 19) വോക‌്സിനെയും (14 പന്തിൽ 21) തുടർച്ചയായ പന്തുകളിൽ മടക്കി റിയാസ‌് പാകിസ്ഥാന‌് ഉശിരൻ ജയമൊരുക്കി.


പ്രധാന വാർത്തകൾ
 Top