20 February Wednesday

നെയ്‌മർ ഇറങ്ങി, ഗോളടിച്ചു, ബ്രസീൽ ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ക്രൊയേഷ്യക്കെതിരെ ഗോൾനേടിയ നെയ്‌മറുടെ ആഹ്ലാദം


ക്ലാഗെൻഫുർട്ട്
പരിക്കിന്റെ ആശങ്കകൾ അവസാനിപ്പിച്ച്‌ നെയ്‌മർ കളത്തിലിറങ്ങി. ലോകകപ്പ്‌ സന്നാഹ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ തകർപ്പൻ ഗോളടിച്ച്‌ തിരിച്ചുവരവ്‌ ഗംഭീരമാക്കുകയും ചെയ്‌തു. രണ്ട്‌ ഗോളിനാണ്‌ ബ്രസീൽ ജയിച്ചത്‌. ആദ്യഗോൾ നെയ്‌മറുടെ കാലിൽനിന്ന്‌ പിറന്നു. റോബർട്ടോ ഫിർമിനോ രണ്ടാംഗോൾ നേടി.

മറ്റ്‌ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരായ ജർമനി തോറ്റു. ലോകകപ്പ് യോഗ്യത നേടാത്ത ഓസ്ട്രിയ ഒന്നിനെതിരെ രണ്ടു ഗോളിന് ജർമനിയെ വീഴ്ത്തി. ഇംഗ്ലണ്ട് നൈജീരിയയെ 2‐1ന് തോൽപ്പിച്ചു. പോർച്ചുഗൽ‐ബൽജിയം മത്സരം ഗോളില്ലാതെ അവസാനിച്ചു. ഐസ്ലൻഡ് നോർവെയോട് തോറ്റു (2‐3). സ്വീഡൻ‐ഡെൻമാർക്ക് മത്സരത്തിലും ഗോളുണ്ടായില്ല.

ആൻഫീൽഡിൽ ക്രൊയേഷ്യക്കെതിരെ ആദ്യ പതിനൊന്നിൽ നെയ്‌മറുണ്ടായില്ല. രണ്ടാം പകുതിയിൽ പകരക്കാരനായാണ്‌ കളത്തിലിറങ്ങിയത്‌. മിനിറ്റുകൾക്കുള്ളിൽ തകർപ്പൻ ഗോളിലൂടെ ബ്രസീലിനെ  മുന്നിലെത്തിക്കുകയും ചെയ്‌തു. അതുവരെ ബ്രസീലിന്റെ പ്രകടനം ശരാശരിയായിരുന്നു. ഗോൾ കീപ്പർ അല്ലിസണിന്റെ പ്രകടനമാണ്‌ ഗോൾ വഴങ്ങുന്നതിൽനിന്ന്‌ ബ്രസീലിനെ കാത്തത്‌. 

ഫെബ്രുവരിയിൽ പിഎസ്‌ജിക്കു വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ നെയ്‌മർ ഏറെ നാൾ വിശ്രമത്തിലായിരുന്നു. ഈയടുത്താണ്‌ പരിശീലനം ആരംഭിച്ചത്‌. എന്നാൽ പരിക്കിന്റെ അസ്വസ്ഥത കാരണം പരിശീലനത്തിൽനിന്ന്‌ നെയ്‌മർ രണ്ട്‌ ദിവസം മുമ്പ്‌ വിട്ടുനിന്നു. ക്രൊയേഷ്യക്കെതിരെ കളിക്കാനിറങ്ങിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു. കളംനിറഞ്ഞു കളിച്ചു നെയ്‌മർ.കളിയുടെ അവസാന മിനിറ്റിൽ ഫിർമിനോ ബ്രസീൽ ജയം ഉറപ്പാക്കി.

കനത്ത മഴയെത്തുടർന്ന് ക്ലാഗെൻഫുൾട്ടിൽ രണ്ടു മണിക്കൂർ വൈകിയാണ് ജർമനി‐ഓസ്ട്രിയ മത്സരം ആരംഭിച്ചത്. സെപ്തംബറിനുശേഷം ആദ്യമായി മാനുവൽ നോയെ ജർമൻ ഗോൾവലയ്ക്കു മുന്നിലെത്തി. മെസൂട്ട് ഒസീലിന്റെ ഗോളിൽ ജർമനിയാണ് ലീഡ് നേടിയത്. ജർമൻ കുപ്പായത്തിൽ ഒസീലിന്റെ ഇരുപത്തിമൂന്നാം ഗോളായിരുന്നു ഇത്.
ഓസ്ട്രിയ കടന്നാക്രമിച്ചു. മാർട്ടിൻ ഹിന്റെർഗെറിന്റെ തകർപ്പൻ വോളിയിലൂടെ ഓസ്ട്രിയ തിരിച്ചടിച്ചു. പിന്നാലെ അലെസാൻഡ്രോ സ്കോഫ് ഓസ്ട്രിയയുടെ വിജയഗോളുംനേടി.

32 വർഷത്തിനുശേഷമാണ് ജർമനിക്കെതിരെ ഓസ്ട്രിയ ജയംനേടുന്നത്. നവംബറിൽ പരിശീലകനായി ഫ്രാങ്കോ ഫോർദ ചുമതലയേറ്റശേഷം ഓസ്ട്രിയ ഒരു കളിയും തോറ്റിട്ടില്ല.

ജർമൻ പരിശീലകൻ ജോക്വിം ലോ പ്രമുഖ കളിക്കാരെ ഇറക്കിയില്ല. ബയേൺ മ്യൂണിക് കളിക്കാരായ തോമസ് മുള്ളർക്കും മാറ്റ് ഹുമ്മെൽസിനും വിശ്രമം നൽകി. റയൽ മാഡ്രിഡിന്റെ ടോണി ക്രൂസും കളിക്കാനിറങ്ങിയില്ല.

പുതിയ ക്യാപ്റ്റൻ ഹാരി കെയ്നിനു കീഴിൽ ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ തുടങ്ങി. വെംബ്ലിയിൽ ചെൽസി പ്രതിരോധക്കാരൻ ഗാരി കാഹിലിന്റെ ഗോളിൽ ഇംഗ്ലണ്ട് തുടക്കത്തിലേ മുന്നിലെത്തി. ആദ്യപകുതി തീരുംമുമ്പ് ക്യാപ്റ്റൻ കെയ്ൻ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളടിച്ചു. നൈജീരിയയുടെ പതിനെട്ടുകാരൻ ഗോളി ഫ്രാൻസിസ് ഉസോഹോയുടെ പിഴവു മുതലെടുത്തായിരുന്നു കെയ്നിന്റെ ഗോൾ. ഇടവേളയ്ക്കുശേഷം അലെക്സ് ഇവോബിയിലൂടെ നൈജീരിയ ഒരു ഗോൾ തിരിച്ചടിച്ചു.

പോർച്ചുഗൽ‐ബൽജിയം മത്സരത്തിൽ ഇരു ടീമുകൾക്കും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കുറിയും പോർച്ചുഗൽ ടീമിനൊപ്പമുണ്ടായില്ല.

പ്രധാന വാർത്തകൾ
 Top