15 May Saturday

ബാഴ്‌സ തിരിച്ചുവന്നു ; മെസിക്ക്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


നൗകാമ്പ്‌
ഗ്രനഡയോടുള്ള അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽനിന്ന്‌ ബാഴ്‌സലോണ തിരിച്ചുവന്നു. വലെൻസിയയെ 3–-2ന്‌ തോൽപ്പിച്ച്‌ ബാഴ്‌സ സ്‌പാനിഷ്‌ ലീഗ്‌ കിരീടപ്പോരിൽ പ്രതീക്ഷ നിലനിർത്തി. ഇരട്ടഗോളുമായി ലയണൽ മെസി തിളങ്ങി.
34 മത്സരങ്ങൾ പൂർത്തിയായപ്പോൾ അത്‌ലറ്റികോ മാഡ്രിഡ്‌ –-76, റയൽ മാഡ്രിഡ്‌ 74, ബാഴ്‌സ –-74 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില. 33 കളിയിൽ 70 പോയിന്റുമായി സെവിയ്യയും പിന്നാലെയുണ്ട്‌. ശനിയാഴ്‌ച ബാഴ്‌സ അത്‌ലറ്റികോയെ നേരിടും. റയലിന്‌ ഞായറാഴ്‌ച സെവിയ്യയാണ്‌ എതിരാളികൾ. ഈ മത്സരഫലങ്ങളായിരിക്കും സീസണിലെ ചാമ്പ്യനെ നിശ്‌ചയിക്കുക.

ഗ്രനഡയോടുള്ള തോൽവി കാരണം കിരീടപ്പോരിൽ വഴുതിപ്പോയ ബാഴ്‌സ വലെൻസിയയോട്‌ ശ്രദ്ധിച്ചാണ്‌ തുടങ്ങിയത്‌. എന്നാൽ രണ്ടാംപകുതിയുടെ തുടക്കത്തിൽ ബാഴ്‌സയെ ഞെട്ടിച്ച്‌ വലെൻസിയ ലീഡ്‌ നേടി. ഗബ്രിയേലിന്റെ ഹെഡർ വലയിൽ കുരുങ്ങി. പിന്നാലെ ബാഴ്‌സയ്‌ക്ക്‌ അനുകൂലമായി പെനൽറ്റി കിട്ടി. പക്ഷേ, മെസിയെടുത്ത പെനൽറ്റി വലെൻസിയ ഗോൾകീപ്പർ ജാസ്‌പർ സില്ലിസെൺ തട്ടിയകറ്റി. തെറിച്ചുവീണ  പന്ത്‌ ഒടുവിൽ മെസിയുടെ കാലിൽത്തന്നെ കിട്ടി. ഇക്കുറി ലക്ഷ്യം കാണുകയും ചെയ്‌തു.

ബാഴ്‌സ വീണ്ടും ആക്രമണം നടത്തി. ഫ്രെങ്കി ഡി യോങ്ങിന്റെ ഹെഡർ സില്ലിസെൺ തടഞ്ഞു. എന്നാൽ ഒൺടോയ്‌ൻ ഗ്രീസ്‌മാനെ തടയാനായില്ല. ക്ലോസ്‌ റേഞ്ചിൽവച്ച്‌ ഗ്രീസ്‌മാൻ ലക്ഷ്യം കണ്ടു. ആറ്‌ മിനിറ്റിനുള്ളിൽ മെസിയുടെ തകർപ്പൻ ഫ്രീകിക്ക്‌ വലയിൽ കുരുങ്ങിയതോടെ ബാഴ്‌സ ഉറപ്പിച്ചു. അവസാനഘട്ടത്തിൽ കാർലോസ്‌ സോളെറിന്റെ മിന്നുന്ന ഗോളിൽ വലെൻസിയ ലീഡ്‌ കുറച്ചെങ്കിലും ശേഷിച്ചുള്ള നിമിഷങ്ങളിൽ ബാഴ്‌സ ഉറച്ചുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top