03 June Wednesday

ഫെഡററുടെയും സെറീനയുടെയും സ്വപ്‌നം പൊലിയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020


ലണ്ടൻ
വിംബിൾഡൺ ഉപേക്ഷിച്ചത്‌ കൂടുതൽ തിരിച്ചടി നൽകിയത്‌ റോജർ ഫെഡറർക്കും സെറീന വില്യംസിനും.  വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നായിരുന്നു ഫെഡററുടെ പ്രതികരണം. വിംബിൾഡണിനുള്ള ഒരുക്കത്തിലായിരുന്നു ഈ സ്വിസ്‌ താരം. സെറീന 24–-ാം ഗ്രാൻഡ്‌ സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പിലാണ്‌. 38 വയസായി ഇരുവർക്കും.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ്‌ വിംബിൾഡൺ ഉപേക്ഷിച്ചത്‌. കോവിഡ്‌ ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ ഈവർഷം ടെന്നീസ്‌ മത്സരങ്ങൾ നടക്കുമോയെന്ന്‌ സംശയമാണ്‌. ജൂലൈ 13 വരെ ടെന്നീസില്ല. ഫ്രഞ്ച്‌ ഓപ്പൺ മാറ്റിവച്ചിരിക്കുകയാണ്‌. 20 ഗ്രാൻഡ്‌സ്ലാം കിരീടമുള്ള ഫെഡറർക്ക്‌ വിംബിൾഡണിൽ എട്ടെണ്ണമുണ്ട്‌. ഇക്കുറി മികച്ച തയ്യാറെടുപ്പായിരുന്നു സ്വിസ്‌ താരത്തിന്റേത്‌. അടുത്തവർഷവും കളത്തിലുണ്ടാകുമെന്ന്‌ ഫെഡറർ ഉറപ്പുപറയുന്നുണ്ടെങ്കിലും പ്രായം കളിയെ ബാധിക്കും. ഈവർഷം ഇനി സാധ്യതയുള്ളത്‌ യുഎസ്‌ ഓപ്പണിലാണ്‌. ആഗസ്‌ത്‌ 31 മുതൽ സെപ്‌തംബർ 14 വരെയാണ്‌ യുഎസ്‌ ഓപ്പൺ.

സെപ്‌തംബറിൽ 39 വയസ്സ്‌ തികയുന്ന സെറീനയും വിരമിക്കലിനെക്കുറിച്ച്‌ സൂചന നൽകിയിട്ടില്ല. പക്ഷേ, ഒരു വർഷംകൂടി കളിക്കാനുള്ള ശാരീരികക്ഷമതയുണ്ടാകുമോ എന്നാണ്‌ സെറീനയ്‌ക്കുള്ള ആശങ്ക. 2017ൽ മകൾ ജനിച്ചശേഷം കളത്തിലേക്ക്‌ തിരിച്ചെത്തിയ സെറീന നാല് ഗ്രാൻഡ്‌ സ്ലാം ഫൈനലിൽ കടന്നിരുന്നു. കിരീടം നേടാനായില്ല.


പ്രധാന വാർത്തകൾ
 Top