08 December Sunday

തെളിഞ്ഞില്ല, തോറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ശിഖർ ധവാനെ ബംഗ്ലാദേശ്‌ വിക്കറ്റ്‌ കീപ്പർ മുഷ്‌ഫിക്കർ റഹീം റണ്ണൗട്ടാക്കുന്നു


ന്യൂഡൽഹി
പുകമഞ്ഞ്‌ മാറി മാനം തെളിഞ്ഞിട്ടും ഇന്ത്യ മങ്ങി. ബംഗ്ലാദേശുമായുള്ള ആദ്യ ട്വന്റി–-20 ക്രിക്കറ്റിൽ ഏഴ്‌ വിക്കറ്റിന്‌ തോറ്റു. ട്വന്റി–-20യിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യജയം.വായു മലിനീകരണം ഭീഷണി ഉയർത്തിയ ഡൽഹിയിൽ കളിക്ക്‌ തടസ്സമുണ്ടായില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ആറിന്‌ 148 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. 42 പന്തിൽ 41 റണ്ണെടുത്ത ശിഖർ ധവാൻമാത്രം പൊരുതി. മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ മൂന്ന്‌ പന്ത്‌ ശേഷിക്കെ ജയം നേടി. 43 പന്തിൽ 60 റണ്ണുമായി പുറത്താകാതെനിന്ന മുഷ്‌ഫിക്കർ റഹീമാണ്‌ ജയമൊരുക്കിയത്‌. സിക്‌സർ പറത്തിയായിരുന്നു വിജയാഘോഷം.ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്‌ജു സാംസണ്‌ കളിക്കാൻ അവസരം കിട്ടിയില്ല.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യാനിറങ്ങിയ ഇന്ത്യയുടേത്‌ മികച്ച തുടക്കമായിരുന്നില്ല. ക്യാപ്‌റ്റൻ രോഹിത്‌ ശർമയെ (10) ആദ്യ ഓവറിൽത്തന്നെ ഷയ്‌ഫുൾ ഇസ്ലാം വിക്കറ്റിനുമുന്നിൽ കുരുക്കി. ശിഖർ ധവാനും ലോകേഷ്‌ രാഹുലും ചേർന്ന്‌ ഇന്ത്യൻ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. എന്നാൽ, വേഗത്തിൽ റണ്ണടിക്കാനായില്ല ഇരുവർക്കും. സ്‌കോർ 36ൽ രാഹുലിനെ (15) അമിനുൾ മടക്കി.

നാലാമനായെത്തിയ ശ്രേയസ്‌ അയ്യർക്കും (12) മുന്നേറാനായില്ല. ഋഷഭ്‌ പന്തുമായുള്ള ധാരണപ്പിശകിനിടെ ധവാൻ റണ്ണൗട്ടായി. അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റണ്ണടിക്കാനായില്ല ഇന്ത്യക്ക്‌. പന്ത്‌ 26 പന്തിൽ 27 റണ്ണെടുത്ത്‌ പുറത്തായി. അരങ്ങേറ്റക്കാരൻ ശിവം ദുബെ ഒരു റണ്ണുമായി മടങ്ങി.

മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ അനായാസജയം നേടി. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവുകളും തോൽവിക്ക്‌ കാരണമായി. മുഷ്‌ഫിക്കറിന്റെ  അനായാസ ക്യാച്ച്‌ ക്രുണാൾ പാണ്ഡ്യ വിട്ടുകളയുകയായിരുന്നു.  ഏഴിന്‌ രാജ്‌കോട്ടിലാണ്‌ രണ്ടാം മത്സരം.


പ്രധാന വാർത്തകൾ
 Top