28 September Monday
ഇന്ത്യ–-വിൻഡീസ്‌ ട്വന്റി–-20 പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

ലോകകപ്പ്‌ മറക്കാം, ഇനി ട്വന്റി–-20

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ നേതൃത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിൽ

ലോഡർഹിൽ
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ മറക്കാനാണ്‌ ഇന്ത്യയും വിൻഡീസും ആഗ്രഹിക്കുക. ഇന്ത്യ സെമിയിൽ തോറ്റപ്പോൾ വിൻഡീസുകാർ നേരത്തെ മടങ്ങി. ഇരുകൂട്ടർക്കും ആശ്വാസം കണ്ടെത്താൻ ഒരു പരമ്പര.  അതാണ്‌ ഇന്ന്‌ തുടങ്ങുന്ന  ട്വന്റി–-20.  മൂന്ന്‌ ട്വന്റി–-20 മത്സരങ്ങൾക്കും ആദ്യ ഏകദിനത്തിനും അമേരിക്കയാണ്‌ വേദിയാകുന്നത്‌. 

ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ്‌ റീജണൽ പാർക്ക്‌ സ്‌റ്റേഡിയത്തിൽ ഇന്നു രാത്രി എട്ടിനാണ്‌ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം നാളെ ഇതേ വേദിയിലാണ്‌. ചൊവ്വാഴ്‌ചയാണ്‌ അവസാന മത്സരം.  ഇന്ത്യക്ക്‌ പോരായ്‌മകൾ നികത്താനുള്ള പരമ്പരയാണിത്‌. അടുത്തവർഷത്തെ ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കവും. ലോകകപ്പ്‌ മുന്നിൽക്കണ്ട്‌ യുവകളിക്കാരെ കൂടുതൽ  ഉൾപ്പെടുത്തിയാണ്‌ ടീം വിമാനം കയറിയത്‌.  പരീക്ഷണങ്ങളുടെ വേദിയാകും വിൻഡീസ്‌ പരമ്പര. മധ്യനിരയിലാണ്‌ ആശങ്ക മുഴുവൻ. കോഹ്‌ലിയെ നാലാം നമ്പറിലിറക്കി പരീക്ഷണത്തിന്‌ മുതിരാനും ഇടയുണ്ട്‌.

പരിമിത ഓവർ ക്രിക്കറ്റിൽ ആദ്യ നാല്‌ നമ്പറുകളിൽ കോഹ്‌ലി ബാറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അങ്ങനെയെങ്കിൽ ലോകേഷ്‌ രാഹുലിന്‌ സ്ഥാനക്കയറ്റം കിട്ടും. രാഹുൽ 2016ൽ ഇതേ മൈതാനത്ത്‌ വിൻഡീസിനെതിരെ സെഞ്ചുറി നേടിയിട്ടുണ്ട്‌. രോഹിത്‌ ശർമയും ശിഖർ ധവാനുമാകും ഓപ്പണർമാർ. മധ്യനിരയിൽ ഋഷഭ്‌ പന്തിനൊപ്പം മനീഷ്‌ പാണ്ഡെയും ശ്രേയസ്‌ അയ്യരും അവസരം കാത്തിരിക്കുന്നുണ്ട്‌. ടീം ഘടന അനുസരിച്ചാകും ഇരുവരുടെയും സാധ്യത. ഹാർദിക്‌ പാണ്ഡ്യയില്ലാത്തതിനാൽ ഒന്നാം നമ്പർ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ എത്തും. ക്രുണാൽ പാണ്ഡ്യക്ക്‌ ഉറപ്പില്ല. അരങ്ങേറ്റക്കാരൻ രാഹുൽ ചഹാർ, വാഷിങ്‌ടൺ സുന്ദർ എന്നിവരും അവസരത്തിനായി കാത്തിരിപ്പുണ്ട്‌.

ഭുവനേശ്വർ കുമാറിനൊപ്പം ആരെത്തുമെന്നും ഉറപ്പില്ല. പുതുമുഖം നവ്‌ദീപ്‌ സെയ്‌നി, ഖലീൽ അഹമ്മദ്‌, ദീപക്‌ ചഹാർ എന്നിവരാണ്‌ പേസർമാരായി ടീമിലുള്ളത്‌.  തുടർദിവസങ്ങളിൽ രണ്ട്‌ മത്സരത്തിനിറങ്ങുന്നതിനാൽ രണ്ട്‌ ടീമുകളും ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനുമിടയുണ്ട്‌. ട്വന്റി–-20യിൽ കരുത്തരാണ്‌ വിൻഡീസ്‌. നിലവിലെ ലോകചാമ്പ്യന്മാരാണ്‌. രണ്ടുതവണ ട്വന്റി–-20 കിരീടം നേടിയ ഏക സംഘവും കരീബിയക്കാരുടേതാണ്‌. ഓൾറൗണ്ടർമാരുടെ നീണ്ടനിരയാണ്‌ കരുത്ത്‌.

ബാറ്റിങ്‌ നിരയിൽ അവസാന നമ്പറിലറിങ്ങുന്ന  താരംവരെ പന്തുകൾ അനായാസം മൈതാനം കടത്തും. ഭൂരിഭാഗം പേരും പന്തെറിയുന്നതിലും മിടുക്കർ. ഫീൽഡിങ്ങിലും ഏത്‌ ടീമുകളെയും വെല്ലും വെസ്റ്റിൻഡീസുകാർ. കീറൺ പൊള്ളാർഡും സുനിൽ നരേയ്‌നും തിരിച്ചെത്തിയത്‌  ശക്തി കൂട്ടും. ലോകകപ്പിലെ മോശം പ്രകടനം മറക്കാനുള്ള ജയമാണ്‌ വിൻഡീസ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. ലോകകപ്പിനിടെ പരിക്കേറ്റ്‌ മടങ്ങിയ ആന്ദ്രേ റസെലും കാർലോസ്‌ ബ്രത്‌വെയ്‌റ്റിന്റെ സംഘത്തിലുണ്ട്‌.  ഷിംറോൺ ഹെറ്റ്‌മെയർ, നിക്കോളാസ്‌ പൂരൻ, എവിൻ ലൂയിസ്‌ എന്നിവർ ബൗളർമാർക്ക്‌ വെല്ലുവിളിയാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top