20 November Wednesday

കത്തിക്കയറി ബേൺസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


എഡ്‌ജ്‌ബാസ്റ്റൺ
കന്നി സെഞ്ചുറി കുറിച്ച റോറി ബേൺസിന്റെ മികവിൽ ആഷസിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ്‌ ലീഡിലേക്ക്‌. ഓസീസിനെ 284 റണ്ണിൽ ഒതുക്കിയ ആതിഥേയർ ആദ്യ ഇന്നിങ്‌സിൽ നാലിന്‌ 241 എന്ന നിലയിലാണ്‌. 247 പന്തിൽ 116 റണ്ണുമായി ബേൺസും സ്‌റ്റോക്‌സുമാണ്‌ (40പന്തിൽ 22) ക്രീസിൽ.

വിക്കറ്റ്‌ നഷ്ടമില്ലാതെ പത്ത്‌ റണ്ണിന്‌ രണ്ടാംദിനം ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ തുടക്കം നന്നായില്ല. ആഷസിലെ അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ ജാസൺ റോയിക്ക്‌ (22 പന്തിൽ 10) നിലയുറപ്പിക്കാനായില്ല. പിന്നാലെയെത്തിയ നായകൻ ജോ റൂട്ട്‌ (119 പന്തിൽ 57) ബേൺസിന്‌ പിന്തുണ നൽകി. പലപ്പോഴും ഓസീസ്‌ പേസർമാർക്കു മുന്നിൽ വിരണ്ട റൂട്ടിന്‌ സ്വാഭാവിക കളി പുറത്തെടുക്കാനായില്ല. രണ്ടുതവണ  ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഡിആർഎസ്‌ അതിജീവിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 132 റൺ ചേർത്തു.
കളിജീവിതത്തിലെ എട്ടാം ടെസ്റ്റ്‌ മത്സരത്തിനിറങ്ങിയ ഇടംകൈയൻ ബേൺസ്‌ ക്ഷമയോടെ ബാറ്റ്‌ വീശി. അനാവശ്യ ഷോട്ടുകൾക്ക്‌ മുതിരാതെ ഓസീസ്‌ പേസർമാരെ നേരിട്ട ഇരുപത്തെട്ടുകാരൻ കന്നി സെഞ്ചുറി ആഷസിൽ കുറിച്ചു. 14 ബൗണ്ടറികൾ അടങ്ങിയതാണ്‌ ആ ഇന്നിങ്‌സ്‌.

പീറ്റർ സിഡിലിനു മുന്നിൽ റൂട്ട്‌ വീണതിനു പിന്നാലെ ഓസീസ്‌ കളിയിലേക്ക്‌ തിരിച്ചുവന്നു. ജോ ഡെൻലിയും (36 പന്തിൽ 18) ജോസ്‌ ബട്‌ലറും (10 പന്തിൽ 5) വേഗം മടങ്ങി.


പ്രധാന വാർത്തകൾ
 Top