03 August Monday

ചെൽസിയെ വെസ്‌റ്റ്‌ഹാം ഞെട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

ചെൽസിയെ കീഴടക്കിയ വെസ്റ്റ്‌ഹാം താരങ്ങളുടെ ആഹ്ലാദം


ലണ്ടൻ
കളി തീരാൻ നിമിഷങ്ങൾമാത്രം ശേഷിക്കെ ആൻഡ്രി യർമോലെങ്കോ തൊടുത്ത ഗോളിൽ വെസ്‌റ്റ്‌ഹാം യുണൈറ്റഡ്‌ ചെൽസിയെ വീഴ്‌ത്തി (3–-2). ഇതോടെ തരംതാഴ്‌ത്തൽ ഭീഷണിയിൽനിന്ന്‌ വെസ്‌റ്റ്‌ഹാം കരകയറി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പോയിന്റ്‌ പട്ടികയിൽ ആദ്യനാലിൽ തുടരാനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക്‌ കനത്ത തിരിച്ചടിയായി ഈ ഫലം.

നാലാമതുള്ള ചെൽസിക്ക്‌ 54 പോയിന്റാണ്‌. 52 പോയിന്റോടെ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ തൊട്ടുപിന്നിലുണ്ട്‌. ജയിച്ചിരുന്നെങ്കിൽ മൂന്നാമതുള്ള ലെസ്‌റ്റർ സിറ്റിയെ മറികടക്കാമായിരുന്നു ചെൽസിക്ക്‌. ലെസ്‌റ്ററിന്‌ 55 പോയിന്റാണുള്ളത്‌. ചെൽസിക്കായി വില്ലിയൻ ഇരട്ടഗോളടിച്ചു. ആദ്യപകുതിയിൽ പെനൽറ്റിയിലൂടെ വില്ലിയൻ ചെൽസിയെ മുന്നിലെത്തിച്ചു. ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ വെസ്‌റ്റ്‌ഹാം തിരിച്ചടിച്ചു. തോമസ്‌ സോകെക്കാണ്‌ ഗോളടിച്ചത്‌. ഇടവേളയ്‌ക്കുശേഷം വെസ്‌റ്റ്‌ഹാം കളി വരുതിയിലാക്കി. മിച്ചെയ്‌ൽ അന്റോണിയോയുടെ ഗോളിലായിരുന്നു ലീഡ്‌. 72–-ാംമിനിറ്റിൽ വില്ലിയൻ ചെൽസിയെ ഒപ്പമെത്തിച്ചു. എന്നാൽ, പകരക്കാരനായെത്തിയ യർമോലെങ്കൊ 89–-ാംമിനിറ്റിൽ തൊടുത്ത ഗോളിനുമുന്നിൽ ചെൽസിക്ക്‌ ഉത്തരമുണ്ടായില്ല.

മറ്റൊരു മത്സരത്തിൽ ലെസ്‌റ്ററിനെ എവർട്ടൺ 2–-1ന്‌ തോൽപ്പിച്ചു. അഴ്‌സണൽ നോർവിച്ച്‌ സിറ്റിയെ നാല്‌ ഗോളിന്‌ തകർത്തു. പിയറി എമെറിക്‌ ഒബമയങ്‌ ഇരട്ടഗോൾ നേടി. ഷാക്കയും സെഡ്രിക്‌ സോറെസും മറ്റ്‌ ഗോളുകൾ നേടി. 46 പോയിന്റുമായി ഏഴാമതാണ്‌ അഴ്‌സണൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top