19 October Saturday

അതിമധുരം ആറാം കിരീടം; ലിവർപൂൾ ചാമ്പ്യൻസ‌് ലീഗ‌് കിരീടത്തിൽ മുത്തമിട്ടു.

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


മാഡ്രിഡ‌്
ഒടുവിൽ ലിവർപൂൾ ആ നോവ‌് മായ‌്ച്ചു. ടോട്ടനം ഹോട‌്സ‌്പറിനെ രണ്ട‌് ഗോളിന‌് കീഴടക്കി ലിവർപൂൾ ചാമ്പ്യൻസ‌് ലീഗ‌് കിരീടത്തിൽ മുത്തമിട്ടു.
12 മാസങ്ങൾക്ക‌ുമുമ്പ‌് കീവിൽ ഹൃദയമിടിപ്പ‌് നിലച്ചതാണ‌് ലിവർപൂളിന‌്. കളത്തിൽ പതറിനിന്ന കളിക്കാരെ അന്ന‌് പരിശീലകൻ യുർഗൻ ക്ലോപ്പ‌് ചേർത്തുപിടിച്ചു. റയൽ മാഡ്രിഡിനോട‌് 3–-1നാണ‌് ക്ലോപ്പും സംഘവും കീവിലെ രാത്രിയിൽ തോറ്റത‌്. റയൽ പ്രതിരോധക്കാരൻ സെർജിയോ റാമോസുമായി കൂട്ടിയിടിച്ച‌ുവീണ‌് തോൾ ഇളകി വിതുമ്പി കളംവിട്ട മുഹമ്മദ‌് സലാ. എതിർകളിക്കാരനുമായി കൂട്ടിയിടിച്ച‌ുണ്ടായ ആഘാതത്തിൽ പിഴവുകൾ വരുത്തിയ ഗോൾകീപ്പർ ലോറിയസ‌് കരിയസ‌്. രണ്ടും ലിവർപൂളിന‌് കണ്ണീർക്കാഴ‌്ചകളായിരുന്നു. ഏറെക്കാലം ആ ഓർമകൾ വേട്ടയാടി.

വാണ്ട മെട്രോപൊളീറ്റാനോയിൽ  ചരിത്രം സലായോട‌് നീതി ചെയ‌്തു. സലായുടെ പെനൽറ്റി ഗോളിലാണ‌് ലിവർപൂൾ കിരീടത്തിലേക്കുള്ള വഴിതുറന്നത‌്. കരിയസിന‌ുപകരം ആലിസൺ ബെക്കറായിരുന്നു ഗോൾവലയ‌്ക്ക‌ു മുന്നിൽ. ഒരു ചെറുപിഴവുപോലും വരുത്തിയില്ല ഈ ഗോൾകീപ്പർ. ഉശിരുള്ള പരിശീലകനും ഒരുകൂട്ടം പ്രതിഭയുള്ള കളിക്കാരും അവിടെ അർഹതപ്പെട്ട കിരീടം സ്വന്തമാക്കി. ചാമ്പ്യൻസ‌് ലീഗിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത‌്. ആറ‌് ഫൈനലുകളിൽ തോറ്റ ക്ലോപ്പിനും ഈ കിരീടം അതിമധുരമായി.

റയൽ കളിക്കാർ ഒരുവർഷംമുമ്പ‌് കിരീടവുമായി ഘോഷയാത്ര നടത്തിയ മാഡ്രിഡിലെ പ്ലാസ മേയർ ചത്വരത്തിലൂടെ ലിവർപൂൾ ആരാധകർ വിങ്ങലോടെയാണ‌് വാണ്ട മെട്രോപൊളീറ്റാനോയിലെത്തിയത‌്. അവിടെ ക്ലോപ്പും കൂട്ടരും അവരെ നിരാശരാക്കിയില്ല. ചാമ്പ്യൻസ‌് ലീഗ‌് ഫൈനൽ ചരിത്രത്തിലെ വിരസ മത്സരങ്ങളിലൊന്നായിരുന്നു ലിവർപൂളും ടോട്ടനവും തമ്മിൽ. ഇരു ടീമുകൾക്കും താളം കണ്ടെത്താനായില്ല. ഇംഗ്ലീഷ‌് ടീമുകളുടെ പോരാട്ടം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയതേയില്ല. ശക്തി ദൗർബല്യങ്ങൾ‌ കൃത്യമായി മനസ്സിലാക്കിയ ഇരു ടീമുകളും ഒരു ഘട്ടത്തിൽപ്പോലും സാഹസികതയ‌്ക്ക‌് മുതിർന്നില്ല. തുടക്കത്തിൽ കിട്ടിയ പെനൽറ്റിയിൽ മുഹമ്മദ‌് സലാ ലിവർപൂളിന‌് ലീഡ‌് നൽകി. പകരക്കാരനായി ഇറങ്ങിയ ഡിവോക‌് ഒറിഗി അവസാന ഘട്ടത്തിൽ ലിവർപൂളിന്റെ ജയമുറപ്പാക്കുകയും ചെയ‌്തു.

ടോട്ടനം പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോയ‌്ക്ക‌് പിഴവുകൾ പറ്റി. ലിവർപൂളിന്റെ ഒഴുക്കു നഷ്ടപ്പെട്ടത‌് മുതലാക്കാനായില്ല ടോട്ടനത്തിന‌്. പരിക്കുകാരണം ഏറെനാൾ പുറത്തുണ്ടായിരുന്ന ഹാരി  കെയ‌്നിനെ നേരിട്ട‌് ഫൈനലിൽ കളിപ്പിച്ചത‌് ബാധിച്ചു. സെമിയിൽ ഹാട്രിക‌് അടിച്ച ലൂക്കാസ‌് മൗറയെ പകരം ഒഴിവാക്കി.

ആദ്യഗോൾ അപ്രതീക്ഷിതമായിരുന്നു. സാദിയോ മാനെയുടെ അടി തടുക്കാനുള്ള ശ്രമത്തിനിടെ പന്ത‌് ടോട്ടനം പ്രതിരോധക്കാരൻ മൗസ സിസോക്കോയുടെ കൈയിൽ പതിക്കുകയായിരുന്നു. പെനൽറ്റിയെടുത്ത സലാ പന്ത‌് ലക്ഷ്യത്തിലെത്തിക്കുകയും ചെയ‌്തു. ശേഷം ലിവർപൂൾ മുന്നേറ്റത്തിന‌് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. ടോട്ടനത്തിന്റെ പ്രത്യാക്രമണ ശ്രമങ്ങളും പാളി. ലിവർപൂൾ പ്രതിരോധത്തിൽ വിർജിൽ വാൻഡിക്കും ഗോൾകീപ്പർ അലിസണും ജാഗ്രതയോടെ നിന്നു. കളി തീരാൻ മൂന്ന‌് മിനിറ്റ‌് ശേഷിക്കെ ഒറിഗി ലിവർപൂളിന്റെ രണ്ടാംഗോൾ നേടിയതോടെ തിരിച്ചുവരാനുള്ള അവസരം പൂർണമായും ടോട്ടനത്തിന‌് നഷ്ടപ്പെട്ടു.

രണ്ടാംപാദ സെമിയിൽ ബാഴ‌്സയെ നാല‌് ഗോളിന‌് തകർത്തതായിരുന്നു സീസണിൽ ലിവർപൂളിന്റെ മിന്നും പ്രകടനം. ആദ്യപാദത്തിൽ മൂന്ന‌് ഗോളിന‌് തോറ്റശേഷമായിരുന്നു ഈ അവിശ്വസനീയ തിരിച്ചുവരവ‌്.


പ്രധാന വാർത്തകൾ
 Top