18 October Friday

ബംഗ്ലാ ഗർജനം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ദക്ഷിണാഫ്രിക്കയുടെ വാൻ ഡെർ ദുസ്സെനെ പുറത്താക്കിയ ബംഗ്ലേേദശിന്റെ മുഹമ്മദ്‌ ഷൈഫുദിനെ അഭിനന്ദിക്കുന്ന ഷാക്കിബ്‌ അൽ ഹസൻ

ഓവൽ
ബംഗ്ലാ വീര്യത്തിന‌ുമുന്നിൽ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. 21 റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ബംഗ്ലാദേശ‌്  ലോകകപ്പിലെ കിരീടമോഹികൾക്ക‌് കനത്ത മുന്നറിയിപ്പ‌് നൽകി. ബാറ്റിലും പന്തിലും ബംഗ്ലാദേശ‌് കളിക്കാർ മിന്നിയപ്പോൾ ദക്ഷിണാഫ്രിക്ക ശരാശരിക്കും താഴെയായി. ആദ്യ കളിയിൽ ഇംഗ്ലണ്ടിനോടും തോറ്റ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിയായി.

ആറിന‌് 330 റണ്ണാണ‌് ബംഗ്ലാദേശ‌് നേടിയത‌്; ഏകദിനത്തിൽ അവരുടെ ഏറ്റവും മികച്ച സ‌്കോർ. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക എട്ടിന‌് 309ൽ ഒതുങ്ങി. തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം പുറത്തെടുത്ത ഷാക്കിബ‌് അൽ ഹസൻ കളിയിലെ കേമനായി.

ടോസ‌് നഷ്ടപ്പെട്ട‌് ബാറ്റ‌് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ‌് വീറുറ്റ പ്രകടനം പുറത്തെടുത്തു. മുഷ‌്ഫിക്കർ റ‌ഹ‌്മാനും (80 പന്തിൽ 78) ഷാക്കിബ‌് അൽ ഹസനും (84 പന്തിൽ 75) ചേർന്ന‌ാണ‌്  വമ്പൻ സ‌്കോറൊരുക്കിയത‌്. ഓപ്പണർ സൗമ്യ സർക്കാർ (30 പന്തിൽ 42) മിന്നുന്ന തുടക്കമാണ‌് നൽകിയത‌്.  അവസാന ഓവറുകളിൽ ആഞ്ഞടിച്ച മഹ‌്മദുളള ( 33 പന്തിൽ 46)  സ‌്കോർ 300 കടത്തി. മറുപടി ബാറ്റിങ്ങിൽ ക്യാപ‌്റ്റൻ ഫാഫ‌് ഡുപ്ലെസിസ‌് (53 പന്തിൽ 62) പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. മൂന്ന‌് വിക്കറ്റുമായി മുസ‌്താഫിസുർ റഹ‌്മാൻ ദക്ഷിണാഫ്രിക്കൻ ബാറ്റിങ‌്നിരയെ തകർത്തു. ഷാക്കിബ‌് ഒരു വിക്കറ്റെടുത്തു.
ഉദ‌്ഘാടനമത്സരത്തിൽ  ആതിഥേയരോട‌് തോൽവി ‌വഴങ്ങിയ ക്ഷീണത്തിലായിരുന്നു ദക്ഷിണാഫ്രിക്ക‌.  പരിക്കേറ്റ ഹഷിം അംലയും  ഡെയ‌്ൽ സ‌്റ്റെയിനും ഇല്ലാതെയാണ‌് ദക്ഷിണാഫ്രിക്ക ഇറങ്ങിയത‌്.

മൂന്നാം വിക്കറ്റിൽ ഷാകിബും മുഷ‌്ഫിക്കർ റ‌ഹ‌്മാനും ചേർന്നാണ്‌ ബംഗ്ലാദേശിനെ മികച്ച നിലയിലെത്തിച്ചത്‌.  ഇരുവരും നേടിയ 142 റണ്ണാണ‌് ബംഗ്ലാ ഇന്നിങ‌്സിന്റെ നട്ടെല്ലായത‌്. എ‌ട്ട‌് ഫോറും ഒരു സിക‌്സറും ഷാക്കിബിന്റെ ഇന്നിങ‌്സിൽ ഉൾപ്പെട്ടു. ആറാം വിക്കറ്റിൽ മഹമദുള്ളയും മൊസാദെക‌് ഹൊസൈനും ചേർന്ന‌് 66 റൺ കൂട്ടിച്ചേർത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക സൂക്ഷിച്ചാണ‌് തുടങ്ങിയത‌്. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും എയ‌്ദൻ മാർക്രവും ആവേശം കാട്ടിയില്ല. എന്നാൽ, മാർക്രം ഇല്ലാത്ത റണ്ണിനായി ഓടുന്നതിനിടെ ഡി കോക്ക‌ിനെ (23) മുഷ‌്ഫിക്കർ റണ്ണൗട്ടാക്കി. പിന്നീടെത്തിയ ഡു പ്ലെസിസ‌് മാർക്രമവുമായി ചേർന്ന‌് കരുതലോടെ കളിച്ചു. മെഹിദി ഹസന്റെ പന്തിൽ വിക്കറ്റ‌് തെറിക്കുമ്പോൾ ഡു പ്ലെസിസ‌് 62 റണ്ണെടുത്തിരുന്നു.  മില്ലറും (38) ദുസെനും (41 )  ഡുമിനിയും (45) പൊരുതിയെങ്കിലും ഫലമുണ്ടായില്ല.അടുത്ത കളിയിൽ ബംഗ്ലാദേശ്‌ ബുധനാഴ്‌ച ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്ക ഇന്ത്യയുമായി കളിക്കും.
 


പ്രധാന വാർത്തകൾ
 Top