26 May Tuesday

2021ൽ കളം നിറയും

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020


ന്യൂഡൽഹി
കോവിഡ്‌ കാരണം പല ടൂർണമെന്റുകളും മാറ്റിയതോടെ 2021ൽ കായികരംഗത്ത്‌ കളം നിറയും. 2021ൽ നേരത്തെ നിശ്‌ചയിച്ച പല ചാമ്പ്യൻഷിപ്പുകളും മാറ്റേണ്ടിയും വരും. ഈ വർഷം ഇനി പ്രധാന ടൂർണമെന്റുകൾ നടക്കാൻ സാധ്യത കുറവാണ്‌. ഒളിമ്പിക്‌സ്‌, യൂറോ കപ്പ്‌, കോപ അമേരിക്ക ഫുട്‌ബോൾ എന്നിവയാണ്‌ അടുത്ത വർഷത്തേക്ക്‌ മാറ്റിവച്ചത്‌. ഈ മാസം സെപ്‌തംബർ മുതൽ കടുത്ത മത്സരക്രമമായിരിക്കും. എല്ലാ കായികരംഗത്തും ഇടവേളകളില്ലാത്ത സമയം. ഈ വർഷം നടക്കാൻ ഏറ്റവും സാധ്യതയുള്ളത്‌ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പാണ്‌. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിലാണ്‌ ലോകകപ്പ്‌. കോവിഡ്‌ വ്യാപനം ചെറുക്കാനായില്ലെങ്കിൽ ആ സാധ്യതയും അടയും.

ഒളിമ്പിക്‌സും യൂറോയും അടുത്ത വർഷത്തേക്ക്‌ മാറ്റിയതോടെ വനിതാ യൂറോ 2022ലേക്ക്‌ മാറ്റേണ്ടിവന്നു. ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പും മാറ്റിവച്ചു. ഒളിമ്പിക്‌സ്‌ യോഗ്യതാ മത്സരങ്ങളും പൂർത്തീകരിക്കേണ്ടതുണ്ട്‌. ചാമ്പ്യൻസ്‌ ലീഗ്‌, യൂറോപ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾ ഈ സീസണിൽ ഇനി നടക്കുമോയെന്ന്‌ വ്യക്തമല്ല.

യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം ആഗസ്‌തിൽ തീർക്കാനാണ്‌ ശ്രമം. ഇതുകഴിഞ്ഞ്‌ മാത്രമേ ചാമ്പ്യൻസ്‌ ലീഗിൽ തീരുമാനമാകുകയുള്ളൂ. അടുത്ത വർഷം ടെന്നീസ്‌, ക്രിക്കറ്റ്‌ മത്സരക്രമങ്ങളെ മാറ്റങ്ങൾ കാര്യമായി ബാധിക്കും. 2022ലെ കായിക കലണ്ടർ പുതുക്കേണ്ടിവരും. ടെന്നീസിൽ ഈ വർഷം വിംബിൾഡൺ റദ്ദാക്കി. ഫ്രഞ്ച്‌ ഓപ്പൺ സെപ്‌തംബറിലേക്ക്‌ മാറ്റി. ഈ വർഷം ഇനി നടക്കാനുള്ള പ്രധാന ടൂർണമെന്റുകളായ എടിപി ഫൈനൽസും യുഎസ്‌ ഓപ്പണും നിശ്‌ചയിച്ച പ്രകാരം നടന്നേക്കും.
ക്രിക്കറ്റ്‌ പരമ്പരകളുടെ കാര്യത്തിലും അനിശ്‌ചിതത്വമുണ്ട്‌. അടുത്ത വർഷം നിശ്‌ചയിച്ചിരുന്ന ബോക്‌സിങ്‌, സൈക്ലിങ്‌ ചാമ്പ്യൻഷിപ്പുകളുടെ കാര്യത്തിൽ തീരുമാനമായില്ല. ഒളിമ്പിക്‌സ്‌, യൂറോ കപ്പ്‌ നടക്കേണ്ട സമയത്താണ്‌ ഇവയും നിശ്‌ചിയിച്ചിരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top