അഡ്ലെയ്ഡ് > മിച്ചെൽ സ്റ്റാർക്കിന് മുമ്പിൽ പാകിസ്ഥാന് അടിപതറി. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ റൺമലയ്ക്ക് മറുപടിക്കെത്തിയ പാകിസ്ഥാൻ 302ൽ അവസാനിച്ചു. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ഇടംകൈയൻ പേസർ സ്റ്റാർക്കാണ് പാകിസ്ഥാനെ മടക്കിയത്. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്ഥാൻ ഇന്നിങ്സ് തോൽവിക്ക് അരികെയാണ്. മൂന്നാംദിനം കളി അവസാനിച്ചപ്പോൾ പാകിസ്ഥാന് 39 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 248 റണ്ണിന് പുറകിലാണവർ. ഏഴ് വിക്കറ്റുകൾ കൈയിലുണ്ട്. സ്കോർ: ഓസ്ട്രേലിയ 3–-589 ഡി, പാകിസ്ഥാൻ 302, 3–-39.
ഡേവിഡ് വാർണറുടെ അപരാജിത ട്രിപ്പിൾ സെഞ്ചുറിക്ക് മുന്നിൽ പകച്ച് ഒന്നാം ഇന്നിങ്സിനെത്തിയ പാകിസ്ഥാൻ രണ്ടാംദിനം ആറിന് 96 എന്ന നിലയിലാണ് കൂടാരത്തിലേക്ക് മടങ്ങിയത്. സെഞ്ചുറി നേടിയ യാസിർ ഷായും (113) ബാബർ അസമും മൂന്നാംദിനം ചെറുത്തുനിന്നു. ഏഴാം വിക്കറ്റിൽ 105 റൺ ഇരുവരും ചേർത്തു. 97 റണ്ണെടുത്ത ബാബറിനെ മടക്കി സ്റ്റാർക് കൂട്ട്കെട്ട് തകർത്തു. ഒരറ്റത്ത് യാസിർ പിടിച്ചുനിന്നു. ഒമ്പതാം വിക്കറ്റിൽ മുഹമ്മദ് അബ്ബാസിനൊപ്പം (29) ചേർത്തത് 87 റൺ. ഒടുവിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ നതാൻ ല്യോണിന് പിടികൊടുത്ത് യാസിർ മടങ്ങിയതോടെ പാക് പട കീഴടങ്ങി. ഓസീസിനായി കമ്മിൻസ് മൂന്ന് വിക്കറ്റ് നേടി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിനെത്തിയ പാകിസ്ഥാന് വീണ്ടും അടിപതറി. ഇമാം ഉൾ ഹഖ് (0), അസ്ഹർ അലി (8), ബാബർ അസം (8) എന്നിവരെ നഷ്ടമായിക്കഴിഞ്ഞു.