07 August Friday

ബാഴ്‌സ വീണ്ടും കുരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


നൗകാമ്പ്‌
സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയുടെ കിരീടപ്രതീക്ഷ മങ്ങി. അത്‌ലറ്റികോ മാഡ്രിഡിനോട്‌ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങിയത്‌ ബാഴ്‌സയ്‌ക്ക്‌ കനത്ത തിരിച്ചടിയായി. രണ്ടുതവണ മുന്നിട്ടുനിന്നശേഷം 2–-2ന്‌ കുരുങ്ങുകയായിരുന്നു. മൂന്ന്‌ പെനൽറ്റി ഗോളുകളായിരുന്നു മത്സരത്തിൽ. ബാഴ്‌സയ്‌ക്കുവേണ്ടി പനേങ്ക കിക്കിലൂടെ മെസി പന്ത്‌ വലയിലെത്തിച്ചപ്പോൾ അത്‌ലറ്റികോയുടെ രണ്ട്‌ പെനൽറ്റി ഗോളും സോൾ നിഗേസിന്റെ വകയായിരുന്നു. അത്‌ലറ്റികോ മുന്നേറ്റക്കാരൻ ദ്യേഗോ കോസ്‌റ്റയുടെ പിഴവ്‌ ഗോൾ ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ചു.

മുപ്പത്തിമൂന്നു കളിയിൽ 70 പോയിന്റാണ്‌ ബാഴ്‌സയ്‌ക്ക്‌. ഒരു കളി കുറവുള്ള റയൽ 71 പോയിന്റുമായി ഒന്നാമത്‌ നിൽക്കുന്നു. കഴിഞ്ഞ നാലുകളിയിൽ മൂന്നിലും ബാഴ്‌സ സമനില വഴങ്ങി. റയൽ ഇന്ന്‌ ഗെറ്റഫയുമായി കളിക്കും. ജയിച്ചാൽ നാല്‌ പോയിന്റ്‌ ലീഡാകും റയലിന്‌. അഞ്ചുകളിയാണ്‌ ശേഷിക്കുന്നത്‌. കളി തുടങ്ങി പതിനൊന്നാം മിനിറ്റിൽ കോസ്‌റ്റയ്‌ക്ക്‌ പിഴച്ചു. മെസിയുടെ കോണർ കിക്ക്‌ കോസ്‌റ്റയുടെ കാലിൽത്തട്ടി സ്വന്തം പോസ്‌റ്റിലേക്കുതന്നെ കയറി.
പിന്നാലെ അത്‌ലറ്റികോയ്‌ക്ക്‌ പെനൽറ്റി അവസരം കിട്ടി. കോസ്‌റ്റയെടുത്ത കിക്ക്‌ ബാഴ്‌സ ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗൻ തട്ടിയകറ്റി. എന്നാൽ, ടെർ സ്‌റ്റെയ്‌ഗന്റെ ഫൗൾ കാരണം അത്‌ലറ്റികോയ്‌ക്ക്‌ വീണ്ടും അവസരം കിട്ടി. സോളാണ് രണ്ടാമത്‌ കിക്ക്‌ എടുത്തത്‌. മെസിയുടെ കിക്കിലൂടെ വീണ്ടും ബാഴ്‌സ മുന്നിലെത്തി. ബോക്‌സിൽവച്ച്‌ മെസി പതുക്കെ പന്ത്‌ തോണ്ടിയിട്ടപ്പോൾ അത്‌ലറ്റികോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക്‌ കാഴ്‌ചക്കാരനായി. ഈ മുപ്പത്തിമൂന്നുകാരന്റെ കളി ജീവിതത്തിലെ 700–-ാം ഗോൾ.

പക്ഷേ, രണ്ടാം പകുതിയിൽ ബാഴ്‌സ പ്രതിരോധം വീണ്ടും വിളറി. ഒരു പെനൽറ്റികൂടി അത്‌ലറ്റികോയ്‌ക്ക്‌. സോളിലൂടെ അവർ സമനില പിടിക്കുകയും ചെയ്‌തു. അത്‌ലറ്റികോയ്‌ക്കായി യാന്നിക്‌ കറാസ്‌കോയും മാർകോസ്‌ ലോറെന്റെയും മികച്ച കളി പുറത്തെടുത്തു.കഴിഞ്ഞ മത്സരത്തിൽ സെൽറ്റ ഡി വിഗോയോടും ഇതേ സ്‌കോറിനായിരുന്നു ബാഴ്‌സ കുരുങ്ങിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top