09 August Sunday

ആ സ്വപ‌്നം നാളെയാണ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

ബെലൊഹൊറിസോന്റെ
ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നാളെയാണ‌്. കോപ അമേരിക്ക ഫുട്‌ബോളിൽ ബ്രസീലും അർജന്റീനയും മുഖാമുഖം. ബെലൊ ഹോറിസോന്റെയിൽ രാവിലെ ആറിന്‌ വിസിൽ മുഴങ്ങുമ്പോൾ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളുടെ ഹൃദയം തുടിക്കും. 2007ലെ  ഫൈനലിനുശേഷം ആദ്യമായാണ്‌  ഇരുടീമുകളും കോപയിൽ ഏറ്റുമുട്ടുന്നത്‌. അന്ന‌് ബ്രസീൽ മൂന്ന്‌ ഗോളിന്‌ ജയിച്ചു.

  ഗ്രൂപ്പ്‌ ഘട്ടങ്ങളിൽ തപ്പിത്തടഞ്ഞാണ്‌ അർജന്റീന ക്വാർട്ടറിലെത്തിയത്‌. കൊളംബിയയോട്‌ തോറ്റു. പരാഗ്വേയോട‌് സമനില. ഗ്രൂപ്പ‌് ഘട്ടത്തിലെ അവസാന കളിയിൽ ഖത്തറിനെ മറികടന്നാണ‌് ക്വാർട്ടറിൽ ഇടംനേടിയത‌്. അവസാന എട്ടിൽ വെനസ്വേലയെ രണ്ട്‌ ഗോളിന്‌ മടക്കി ക്ലാസിക്‌ പോരിന്‌ അരങ്ങൊരുക്കി. ക്വാർട്ടറിൽ ലയണൽ മെസിയുടെ സംഘത്തിന്റേത‌് മെച്ചപ്പെട്ട കളിയായിരുന്നു. മെസിയെ കേന്ദ്രീകരിക്കാതെ പന്ത്‌ തട്ടി ജയം പിടിച്ചതാണ‌് പ്രധാന മാറ്റം. മുന്നേറ്റത്തിൽ സെർജിയോ അഗ്വേറോയും  ലൗതാരോ മാർട്ടിനെസും നന്നായി കളിച്ചു. മധ്യനിരയിലെ പുതിയ കണ്ടെത്തൽ റോഡ്രിഗോ ഡിപോളും ലിയാൻഡ്രോ പരദെസും അധ്വാനിച്ച്‌ കളിക്കുന്നുണ്ട്‌. പകരക്കാരനായെത്തുന്ന ജിയോവാനി ലോ സെൽസോയും പ്രതീക്ഷ നൽകുന്നു. പരിചയസമ്പന്നനായ ഏഞ്ചൽ ഡി മരിയ നിരാശപ്പെടുത്തി.  മെസി തിളങ്ങിയാൽ കളി കാഴ‌്ചപ്പൂരമാകും.

ബ്രസീലാകട്ടെ പരാഗ്വേയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്‌ എത്തുന്നത്‌. ഗ്രൂപ്പ്‌ ഘട്ടങ്ങളിൽ മൂന്നിൽ രണ്ട‌് ജയം, ഒരു സമനില. മികച്ച സംഘമാണ്‌ കാനറികളുടേത്‌. നായകൻ ഡാനി ആൽവെസും ഫിലിപെ ലൂയിസും ഇരുഭാഗങ്ങളിലും പ്രതിരോധം കാക്കും. മധ്യനിരയിൽ ഫിലിപെ കുടീന്യോ നന്നായി കളിക്കുന്നുണ്ട്‌. മുന്നേറ്റക്കാരൻ എവർട്ടണും മിന്നുന്ന കളി പുറത്തെടുത്തു. മുന്നേറ്റത്തിൽ നെയ്‌മറിന്റെ അഭാവം പലപ്പോഴും പ്രകടമാണ്‌. ഗബ്രിയൽ ജെസ്യൂസിനും റോബർട്ടോ ഫിർമിനോയ‌്ക്കും ലക്ഷ്യം തെറ്റുന്നു. ഈ ആശങ്ക മാത്രമാണ്‌ ക്ലാസിക്‌ പോരിനിറങ്ങുമ്പോൾ ആതിഥേയർക്ക്‌ തലവേദന.

പൊറുക്കാനും മറക്കാനുമാവാത്ത തോൽവികൾ ഇരു ടീമുകളെയും പുതുക്കിപ്പണിയലിന‌് നിർബന്ധിതരാക്കി. യൂറോപ്യൻ ഫുട്‌ബോളിനോട്‌ പിടിച്ചുനിൽക്കാൻ മാറ്റം അനിവാര്യമാണെന്ന‌് തിരിച്ചറിഞ്ഞു. കോപ യഥാർഥ പരീക്ഷണശാലയാണ്‌. ടിറ്റെയ്‌ക്കു മുമ്പേ പരിശീലകനായ ദുംഗ ബ്രസീലിനെ പ്രതിരോധ ഫുട്‌ബോളിൽ തളച്ചു. പരമ്പരാഗത കളിക്ക്‌ പകരം വന്ന പുതിയ രീതിയിൽ കളിക്കാർക്ക്‌ ശ്വാസം മുട്ടി. നിരന്തരം തോൽവികൾ. ടിറ്റെ വന്നതോടെ കാനറികൾ സ്വതന്ത്രരായി. പ്രതിരോധവും ആക്രമണവും ലയിപ്പിച്ചുള്ള കളി. വമ്പൻ പേരുകാരെ മാറ്റിനിർത്തി ചെറുപ്പക്കാരെ ടീമിലെത്തിച്ചു.

റഷ്യൻ ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനമാണ്‌ അർജനന്റീനയ്‌ക്ക്‌ പാഠമായത്‌. പരിശീലകൻ ഹോർജെ സാമ്പവോളിയെ ഒഴിവാക്കി. മെസിയെ അമിതമായി ആശ്രയിച്ചത്‌ വിനയായി. പ്രതിരോധത്തിൽ ഹാവിയർ മഷെരാനോ ഒഴിച്ചിട്ട സ്ഥാനത്തേക്ക്‌ ആ വിടവ്‌ നികത്താൻ പോന്ന ആരും വന്നില്ല. നാൽപ്പത്തൊന്നുകാരൻ ലയണൽ സ്‌കലോനിക്ക്‌ ടീമിന്റെ താൽക്കാലിക ചുമതല ഏൽപ്പിച്ചു. മെസിയെ ഉൾക്കൊള്ളിച്ച്‌ എന്നാൽ, കേന്ദ്രീകരിക്കാതെ പുതിയ കളിശൈലിയുണ്ടാക്കാനുള്ള ശ്രമം. ടീമിൽ ഭൂരിപക്ഷവും ഇരുപത്തഞ്ചിനു താഴെ പ്രായമുള്ളവരാണ‌്.

ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത‌് കഴിഞ്ഞ വർഷം ഒക‌്ടോബറിലാണ‌്. സൗഹൃദമത്സരത്തിൽ ബ്രസീൽ ഒരു ഗോളിന‌് ജയിച്ചു.
വ്യാഴാഴ്‌ച നടക്കുന്ന രണ്ടാംസെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ചിലിയും പെറുവും ഏറ്റുമുട്ടും. പുലർച്ചെ 5.30നാണ്‌ ഈ മത്സരവും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top