23 April Tuesday

തിരമാലകളിലേക്ക്‌ നെയ്‌മറും സംഘവും

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

നെയ്മർ

സമാര > നോക്കൗട്ട് ഘട്ടത്തിൽ ആദ്യ പോരിനിറങ്ങുമ്പോൾ ബ്രസീൽ അൽപം ആശ്വാസത്തിലാണ്. ഒപ്പം സമ്മർദ്ദത്തിലും. ഈ ലോകകപ്പിൽ നന്നായി തുടങ്ങാനായതാണ് മഞ്ഞപ്പടയ്ക്ക് സന്തോഷം നൽകുന്നത്. ജർമനി, അർജന്റീന, പോർച്ചുഗൽ എന്നിവർ മടങ്ങിയതോടെ കിരീടപ്രതീക്ഷയുള്ള എതിരാളികളുടെ എണ്ണം കുറഞ്ഞത് ആശ്വാസവുമാകുന്നു. എന്നാൽ, കഴിഞ്ഞ ലോകകപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽനിന്ന് ടീം ഇപ്പോഴും പൂർണമായും മോചിതരായിട്ടില്ല. കരുത്തരായ ടീമുകൾക്കെതിരെ ഈ ലോകകപ്പിൽ ഇതുവരെ മത്സരിക്കാത്ത നെയ്മർക്കും കൂട്ടർക്കും നോക്കൗട്ട് അഗ്നിപരീക്ഷണമാണ്. അട്ടിമറിക്ക് കെൽപ്പുള്ളവരാണ് മെക്സികോ. ടീമെന്ന നിലയിൽ തുടക്കംമുതൽ നന്നായി ഇണങ്ങാൻ കഴിഞ്ഞതാണ് അവരുടെ വിജയം. ജർമനിയെ തോൽപ്പിച്ചു തുടങ്ങിയവരാണ് വടക്കെ അമേരിക്കക്കാർ.

ലോകകപ്പിൽ ബ്രസീലിനെതിരെ മെക്സിക്കോയ്ക്ക് ജയിക്കാനായിട്ടില്ല. സമാര അറീനയിൽ തിങ്കളാഴ്ചയും ബ്രസീലിന് തന്നെയാണ് മുൻതൂക്കം കൽപ്പിക്കുന്നത്. വ്യക്തിഗത മികവിലും പരിചയസമ്പത്തിലും ബ്രസീൽ ബഹുദൂരം മുന്നിലാണ്. എല്ലാ സ്ഥാനത്തും ലോകത്തെ വൻകിട ക്ലബുകൾക്ക് കളിക്കുന്ന താരങ്ങളാണ് ബ്രസീൽ നിരയിൽ.  മധ്യനിരയും മുന്നേറ്റവുമാണ് അവരുടെ കരുത്ത്. മധ്യനിരയിൽ കാസിമെറോ, ഫിലിപെ കുടീന്യോ, പൗളീന്യോ, വില്ലിയൻ എന്നിവർ കളിമെനയാൻ ഒന്നിനൊന്ന് മിടുക്കുള്ളവർ. കുടീന്യോയുടെ മിന്നുന്നപ്രകടനമാണ് ഈ ലോകകപ്പിൽ ബ്രസീലിന്റെ പ്രതീക്ഷകൾക്ക് നിറംപകരുന്നത്. നെയ്മർ മങ്ങിയപ്പോൾ ഗ്രൂപ്പ്ഘട്ടത്തിൽ കുടീന്യോ ബ്രസീലിനെ കാത്തു. കളി നിയന്ത്രിക്കുന്ന താരം ഗോളടിക്കാനും മുന്നിലുണ്ടാകും. വില്ലിയൻ മുഴുവൻസമയവും ഒരേ ആവേശത്തിൽ കളിക്കും. കാസിമെറോയും ഫെർണാണ്ടിന്യോയും മധ്യനിരയുടെ പിന്നിൽ എതിരാളികളെ പിടിച്ചുകെട്ടും.

മുന്നേറ്റത്തിൽ നെയ്‌മറും ഗബ്രിയേൽ ജീസസും ഫോമിലേക്കുയർന്നില്ലെങ്കിൽ നോക്കൗട്ടിലെ കടുത്തമത്സരം എളുപ്പമാകില്ല. നെയ്മർക്ക് ഫോമിലെത്താൻ ഏറ്റവും മികച്ച അവസരമാണിത്. ഇനി മുന്നോട്ടു പോകുേമ്പാൾ കൂടുതൽ കരുത്തരായ എതിരാളികളാകും കാത്തിരിക്കുക. പ്രതിരോധം അത്ര ഭദ്രമല്ലെന്ന് തോന്നിച്ചാണ് ഗ്രൂപ്പ് മത്സരങ്ങൾ ബ്രസീൽ പൂർത്തിയാക്കിയത്. തിയാഗോ സിൽവയും മിറാൻഡയും പലപ്പോഴും പിന്നിൽ ഒറ്റപ്പെട്ടു പോകുന്നു. നടുവിന് പരിക്കേറ്റ മാഴ്സലോയ്ക്കു പകരമിറങ്ങുന്ന ഫിലിപ്പെ ലൂയിസ് ഒട്ടും മോശക്കാരനല്ല.

ആക്രമണത്തിൽ ഊന്നുന്ന 3‐4‐3 ശൈലിയിലാകും മെക്‌സിക്കോ  അതിശക്തരായ എതിരാളിക്കെതിരെയും പ്രയോഗിക്കുക. ജർമനി ഞെട്ടിയത് ഈ ധീരതയിലാണ്. സ്വീഡനെ പോലെ ശക്തമായ പ്രതിരോധമുള്ള ടീമിനെതിരെ ഈ ശൈലി പരാജയപ്പെട്ടുവെന്നതും വിഷയമാണ്. തന്ത്രങ്ങൾ മാറ്റാൻ വൈഭവം കുറവാണെന്നത് അവരുടെ ദൗർബല്യമാണ്. കാർലോസ് വേല, ഹാവിയർ ഹെർണാണ്ടസ്, ഹിർവിങ് ലൊസാനൊ എന്നിവരടങ്ങുന്ന മുന്നേറ്റമാണ് കരുത്ത്. ബ്രസീൽ പ്രതിരോധത്തിന്റെ വേഗക്കുറവ് ഇവർ മുതലെടുത്താൽ അത്ഭുതം സംഭവിച്ചേക്കും. മധ്യനിരയിൽ മിഗ്വേൽ ലയൂനും ഹാവിയർ അക്വിനോയും ഹെക്ടർ ഹെരേരയും നിറഞ്ഞു കളിക്കാൻ മിടുക്കരാണ്. സെന്റർ ബാക്ക് ഹെക്ടർ മൊറീന്യോയ്ക്ക് സസ്പെൻഷൻ മൂലം കളിക്കാനാകാത്തത് പ്രതിരോധത്തെ തളർത്തും.

പ്രധാന വാർത്തകൾ
 Top