20 September Friday

പേസിൽ ലങ്ക ദഹിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

ശ്രീലങ്കയുടെ കുശാൽ പെരേര പുറത്തായപ്പോൾ ന്യൂസിലൻഡ്‌ താരങ്ങളുടെ ആഘോഷം

കാർഡിഫ്‌
കിവികളുടെ പേസിൽ സിംഹളവീര്യം ചോർന്നു. ശ്രീലങ്കയെ പത്ത്‌ വിക്കറ്റിന്‌ കീഴടക്കി ന്യൂസിലൻഡ്‌ ലോകകപ്പിൽ ഗംഭീരമായി അരങ്ങേറി. പേസർമാരായ മാറ്റ്‌ ഹെൻറിയുടെ കൃത്യതയും ലോക്കി ഫെർഗൂസന്റെ വേഗവും ശ്രീലങ്കയെ വീഴ്‌ത്തി. മൂന്നുവീതം വിക്കറ്റുകൾ നേടിയ ഇരുവരുടെയും മിടുക്കിൽ ന്യൂസിലൻഡ്‌ ശ്രീലങ്കയെ 29.2 ഓവറിൽ 136 റണ്ണിന്‌ മടക്കി. മാർട്ടിൻ ഗുപ്‌റ്റിലിന്റെയും കോളിൻ മൺറോയുടെയും അപരാജിത ഓപ്പണിങ്‌ കൂട്ടുകെട്ട്‌ കിവികൾക്ക്‌ സമ്പൂർണജയം സമ്മാനിച്ചു. സ്‌കോർ: ശ്രീലങ്ക 136 (29.2), ന്യൂസിലൻഡ്‌ 0–-137 (16.1).

അരസെഞ്ചുറി കുറിച്ച ഗുപ്‌റ്റിലും (51 പന്തിൽ 73) മൺറോയും (47 പന്തിൽ 58)  ന്യൂസിലൻഡിനെ അനായാസം നയിച്ചു.  ചെറുലക്ഷ്യം പിന്തുടർന്ന ഇരുവരും തുടക്കത്തിലേ വമ്പനടി തീർത്തു. എട്ടു ബൗണ്ടറിയും രണ്ട്‌ സിക്‌സറും സഹിതമാണ്‌ ഗുപ്‌റ്റിൽ 73 റണ്ണെടുത്തത്‌. മൺറോയുടെ ഇന്നിങ്‌സിൽ ആറു ബൗണ്ടറിയും ഒരു സിക‌്സറും ഉൾപ്പെട്ടു. 203 പന്തുകൾ ബാക്കിനിൽക്കെ ഇരുവരും ടീമിന്‌ വിജയം സമ്മാനിച്ചു. 

ടോസ്‌ നേടിയ കിവീസ്‌ നായകൻ കെയ്‌ൻ വില്യസണ്‌ ആദ്യം പന്തെടുക്കാൻ ആലോചിക്കേണ്ടി വന്നില്ല. ക്യാപ‌്റ്റന്റെ തീരുമാനത്തെ പിന്തുണച്ച‌് ബൗളർമാർ ലങ്കയെ കശക്കി. ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്‌ മൂന്നുപേർമാത്രമാണ്‌. മൂന്നുപേർ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറി. പരിക്കേറ്റ ടിം സൗത്തി ഇല്ലാതെയാണ്‌ ന്യൂസിലൻഡ്‌ എത്തിയത്‌. പകരം ഹെൻറി സ്ഥാനം പിടിച്ചു.

ഇന്നിങ്‌സിലെ ആദ്യ പന്തുതന്നെ ബൗണ്ടറി പായിച്ച്‌ ലാഹിരു തിരിമണ്ണെ ലങ്കയ‌്ക്കായി തുടക്കമിട്ടു. രണ്ടാംപന്തിൽ ഓപ്പണറെ വിക്കറ്റിനുമുന്നിൽ കുരുക്കിയാണ്‌ ഹെൻറി മറുപടി നൽകിയത്‌. ലങ്ക പരിഭ്രമിച്ചു. കുശാൽ പെരേര എത്തി. ഇടംകൈയൻ അനായാസം ബാറ്റ്‌ വീശി. ഒമ്പതാം ഓവറിൽ ഹെൻറി ആഞ്ഞടിച്ചു. തുടരെ രണ്ട്‌ വിക്കറ്റുകൾ. നന്നായി തുടങ്ങിയ കുശാൽ പെരേരയുടെ (29) അനാവശ്യ ശ്രമം കോളിൻ ഡി ഗ്രാൻഡ്‌ഹോമിന്റെ കൈകളിലായി. അടുത്ത പന്തിൽ ബാറ്റ്‌ നീട്ടിവച്ച കുശാൽ മെൻഡിസിനെ (0) സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ മാർട്ടിൻ ഗുപ്‌റ്റിൽ പറഞ്ഞയച്ചു.  കളത്തിൽ ലങ്കയ്‌ക്ക്‌ ശ്വാസംമുട്ടിത്തുടങ്ങി. അടുത്ത ഊഴം ഫെർഗൂസന്റേതായിരുന്നു. ഏറെ വിഷമിച്ച ധനഞ്ജയ ഡി സിൽവ (4) ഫെർഗൂസന്റെ വേഗമേറിയ പന്തിനുമുന്നിൽ പതറി. കുത്തിപ്പൊന്തിയ പന്ത്‌ പ്രതിരോധിക്കാൻ സിൽവയ്‌ക്ക്‌ കഴിഞ്ഞില്ല. കിവീസ്‌ താരങ്ങളുടെ അപ്പീൽ. അമ്പയർ റോഡ്‌ ടക്കർ വിരലുയർത്തി.

മുൻനായകനും പരിചയസമ്പന്നനുമായ ഏഞ്ചലോ മാത്യൂസിന്‌ ഒന്നും ചെയ്യാനായില്ല. ഒമ്പതു പന്തുകൾ നേരിട്ടിട്ടും റണ്ണൊന്നും നേടാനാകാതെ ഗ്രാൻഡ്‌ഹോമിനുമുന്നിൽ കീഴടങ്ങി. ജീവൻ മെൻഡീസിനെ (1) നിലയുറപ്പിക്കാൻ ഫെർഗൂസൻ അനുവദിച്ചില്ല. കൂട്ടാളികൾ വീഴുമ്പോഴും നായകൻ കരുണരത‌്നെ ഒരറ്റത്ത്‌ പിടിച്ചുനിന്നു. തിസര പെരേര എത്തിയതോടെ ലങ്ക ഉണർന്നു. പതുക്കെ സ്‌കോറുയർന്നു. 52 റണ്ണാണ്‌ ഇരുവരും കൂട്ടിച്ചേർത്തത്‌. 23 പന്തിൽ 27 റണ്ണെടുത്ത പെരേരയെ മടക്കി മിച്ചൽ സാന്റ്‌നർ കളി മുറുക്കി. ഇസുറു ഉഡാന (0), സുരംഗ ലക്‌മൽ (7), ലസിത്‌ മലിംഗ (1) എന്നിവർ വന്നുപോയി. 

52 റണ്ണെടുത്ത്‌ പുറത്താകാതെ നിന്ന കരുണരത‌്നെമാത്രമാണ്‌ ലങ്കൻനിരയിൽ തിളങ്ങിയത്‌. ചൊവ്വാഴ‌്ച അഫ്‌ഗാനിസ്ഥാനെതിരായാണ്‌ ശ്രീലങ്കയുടെ അടുത്തമത്സരം. ന്യൂസിലൻഡ്‌ ബുധനാഴ‌്ച ബംഗ്ലാദേശിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top