13 May Thursday

വാർണറിന്‌ പകരം വില്യംസൺ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


ന്യൂഡൽഹി
സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന്‌ ഡേവിഡ്‌ വാർണറെ നീക്കി. കെയ്‌ൻ വില്യംസനാണ്‌ പകരം ചുമതല. സീസണിൽ ഇതുവരെ കളിച്ച ആറിൽ അഞ്ചിലും ഹൈദരാബാദ്‌ തോറ്റിരുന്നു. അവസാനമായി ചെന്നൈ സൂപ്പർ കിങ്‌സിനോടാണ്‌ വീണത്‌. ഇതിനുപിന്നാലെയാണ്‌ വാർണറെ നായകസ്ഥാനത്തുനിന്ന്‌ ടീം പുറത്താക്കിയത്‌. ബാറ്റ്‌സ്‌മാനെന്ന നിലയിലും ഈ ഓപ്പണർ പരാജയമായിരുന്നു. ആക്രമണശൈലി നഷ്ടപ്പെട്ടു. മെല്ലെപ്പൊക്കായിരുന്നു എല്ലാ ഇന്നിങ്‌സുകളിലും. ആറു കളിയിൽ നേടിയത്‌ 193 റൺ. രണ്ട്‌ അരസെഞ്ചുറി ഉൾപ്പെടെയാണിത്‌.

ടീമിന്റെ തോൽവികളിൽ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌ വാർണറുടെ ബാറ്റിങ്ങുമാണ്‌. 2016ൽ ഹൈദരാബാദിനെ ഐപിഎൽ ചാമ്പ്യൻമാരാക്കിയ വാർണർ എല്ലാ സീസണുകളിലും സ്ഥിരതയാർന്ന പ്രകടനമായിരുന്നു. എന്നാൽ, ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. ചെന്നൈയോടുള്ള തോൽവിക്കുശേഷം എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നുവെന്ന്‌ മുപ്പത്തിനാലുകാരൻ അറിയിച്ചിരുന്നു. ഇന്ന്‌ രാജസ്ഥാൻ റോയൽസിനെതിരായ കളിയിൽ വാർണർ കളിച്ചേക്കില്ലെന്നാണ്‌ സൂചന. പകരം ജാസൺ റോയ്‌ എത്തിയേക്കും.

പന്തുചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട്‌ വാർണർ വിലക്കിലിരുന്ന 2018ൽ ഹൈദരാബാദിനെ നയിച്ചത്‌ വില്യംസനായിരുന്നു. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ അവസരം കിട്ടിയ ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ മിന്നുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top